ഇത് നരക കിണർ, സമീപത്തുള്ള എന്തിനേയും ഉള്ളിലേക്കു വലിച്ചെടുക്കുമെന്ന് വിശ്വാസം

well-of-hell
Image From Youtube
SHARE

സഞ്ചാരികള്‍ക്കായി നിഗൂഢതകള്‍ നിറഞ്ഞതും കൗതുകമുണര്‍ത്തുന്നതുമായ നിരവധി കാഴ്ചകള്‍ ഒരുക്കുന്ന രാജ്യമാണ് യെമന്‍. ഇവിടുത്തെ ഏറ്റവും കുപ്രസിദ്ധമായ കാഴ്ചകളില്‍ ഒന്നാണ് നരകക്കിണര്‍ എന്നറിയപ്പെടുന്ന 'വെല്‍ ഓഫ് ബര്‍ഹൗട്ട്'. യെമന്‍റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ഭീമന്‍ കിണര്‍.

യെമനിലെ  അൽ-മഹ്‌റ പ്രവിശ്യയിലെ മരുഭൂമിയുടെ മധ്യഭാഗത്ത്, അതിർത്തിയോട് ചേർന്നാണ് ഈ കിണര്‍. ഭൂമിക്കടിയിലേക്ക് ആരോ തുളച്ച ഒരു മാളം പോലെയാണ് ആദ്യകാഴ്ചയില്‍ അനുഭവപ്പെടുക. ഉപരിതലത്തിൽ ഏകദേശം 30 മീറ്റർ വീതിയില്‍ വൃത്താകൃതിയിലുള്ള കിണറിന് 112 മീറ്റർ ആഴമുണ്ട്. 

സമീപത്ത് എത്തുന്ന എന്തിനേയും അത് ഉള്ളിലേക്കു വലിച്ചെടുക്കും എന്നു കഥകളില്‍ പറയുന്നു. ഈ കിണറിനെക്കുറിച്ച് സംസാരിക്കുന്നതു പോലും ദൗർഭാഗ്യമാണെന്ന് സമീപവാസികൾ കരുതുന്നു. ഭൂമിയെ മൊത്തത്തില്‍ നശിപ്പിക്കാൻ കഴിവുള്ള ഒരു വന്‍ അഗ്നിപർവതം ഇതിനുള്ളില്‍ ഉണ്ട് എന്നും കുറച്ചുപേര്‍ അഭിപ്രായപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ, ഇതിനുള്ളില്‍നിന്ന് ദുർഗന്ധം ഉയരുന്നതായി ആളുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ ഇത് നരകത്തിലേക്കുള്ള ഒരു കവാടമാണെന്നും പാപികളുടെ ചീഞ്ഞളിഞ്ഞ ശരീരത്തിന്‍റെ ദുര്‍ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്നും കഥകള്‍ ഉണ്ടായി.

കിണറിന്‍റെ രഹസ്യം കണ്ടെത്താനായി ഏറെ നാളായി ശ്രമിക്കുന്ന ഗവേഷകരുടെ ശ്രമങ്ങള്‍ ഈയിടെ വിജയം കണ്ടു. 2021 സെപ്റ്റംബർ 15-ന് ഒമാനില്‍ നിന്നുള്ള ഒരു ഗുഹാ പര്യവേക്ഷണ സംഘം ഇതിനുള്ളിലേക്ക് ആദ്യമായി ഇറങ്ങി. ഉള്ളില്‍ ചുണ്ണാമ്പുകല്ലിന്‍റെ വിവിധങ്ങളായ ഘടനകളും ചാരനിറവും പച്ചനിറവുമുള്ള മുത്തുകളുമെല്ലാം അവര്‍ക്ക് കാണാന്‍ സാധിച്ചു. കൂടാതെ പാമ്പുകൾ, ചത്ത മൃഗങ്ങൾ, വെള്ളച്ചാട്ടങ്ങള്‍ എന്നിവയും അവര്‍ ഇതിനുള്ളില്‍ കണ്ടെത്തി. ഈ ജീവികളുടെ ഗന്ധമാണ് പുറത്തേക്ക് വന്നിരുന്നത് എന്നു അവര്‍ ആളുകളെ ബോധ്യപ്പെടുത്തി.

ഉപരിതലത്തിൽനിന്ന് ഏകദേശം 65 മീറ്റർ താഴെയുള്ള ഗുഹാഭിത്തികളിലെ നിരവധി ദ്വാരങ്ങളിൽ നിന്ന് വെള്ളം ചീറ്റി, ചെറിയ വെള്ളച്ചാട്ടങ്ങൾ ഉണ്ടാവുന്നതായും സംഘം കണ്ടെത്തി. ഇവയാണ് ഉള്ളിലെ വൈവിധ്യമാര്‍ന്ന ഘടനകളുടെ രൂപീകരണത്തിന് ആവശ്യമായ ജലം നല്‍കുന്നത്. 

അമച്വർ ഗുഹാ പര്യവേക്ഷകർ കിണറിനുള്ളിലേക്ക് മുമ്പും പ്രവേശിച്ചിട്ടുണ്ട്, എന്നാൽ ഓക്സിജനും വെളിച്ചവും കുറവായതിനാൽ അടിത്തട്ടു വരെ കടന്നുചെല്ലാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കൂടുതൽ പഠനം നടത്തുന്നതിനായി ഗവേഷകര്‍ ഇവിടെ കണ്ടെത്തിയ പാറകൾ, മണ്ണ്, വെള്ളം, ചത്ത പക്ഷികൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. ഊഹങ്ങളും അന്ധവിശ്വാസങ്ങളും മാറ്റിയെടുക്കാനായി, പഠനഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി. 

ഈ കിണറിന് എത്ര വര്‍ഷം പ്രായമുണ്ടെന്ന് ഇതുവരെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ദശലക്ഷക്കണക്കിന് വർഷങ്ങളെടുത്താവാം ഈ ഘടന രൂപപ്പെട്ടതെന്നാണ് പ്രാഥമിക അനുമാനം. 

English Summary: The History and Mystery of Yemen’s ‘Well of Hell’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS