ADVERTISEMENT

 ശ്രീലങ്കയിലെ പുണ്യനഗരവും പ്രസിദ്ധമായ ബുദ്ധമതതീർഥാടന കേന്ദ്രവുമാണ് അനുരാധപുരം. പ്രാദേശികമായി 'രാജരത' (രാജാക്കന്മാരുടെ നാട്) എന്നറിയപ്പെടുന്ന ഈ പ്രദേശം, തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്. ബി.സി. 377 ല്‍ സ്ഥാപിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന അനുരാധപുരം, ശ്രീലങ്കയിലെ തന്നെ ആദ്യനഗരമാണ്. എ.ഡി. 11-ാം നൂറ്റാണ്ടുവരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്ന ഇവിടം,  ഇന്ന് യുനെസ്കോ ലോക പൈതൃക സൈറ്റാണിവിടം. നിരവധി വിശ്വാസങ്ങളും ചരിത്രനിര്‍മിതികളും ഇഴപിരിഞ്ഞു കിടക്കുന്നതിനാല്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്.

Anuradhapura1
Image from Shutterstock

പ്രശസ്തമായ ഇസ്സാറ മുനിവിഹാരയും മനോഹരമായ നിരവധി ബുദ്ധവിഗ്രഹങ്ങളും ദ്വാരപാലക സാലഭഞ്ജികകളും സ്തംഭമണ്ഡപങ്ങളുമെല്ലാം ചേര്‍ന്ന്, സിനിമകളില്‍ കാണുന്നത് പോലെയുള്ള രാജഭരണ കാലത്തിന്‍റെ പ്രതീതിയുളവാക്കുന്ന പട്ടണമാണിത്. 

മൂന്ന് ബുദ്ധ ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടതും 40 ഏക്കർ വിസ്തൃതിയുള്ളതുമായ രൺമസു ഉയാന പാര്‍ക്കാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ മറ്റൊരിടം. 'പ്രപഞ്ച രഹസ്യങ്ങൾ തുറക്കുന്നതിനുള്ള ഭൂപട'മെന്ന് വിളിക്കപ്പെടുന്ന ഒരു ചാർട്ട് ഇവിടെ കാണാം. സിംഹളഭാഷയില്‍ 'പ്രപഞ്ചചക്രം' എന്നര്‍ത്ഥം വരുന്ന, സക്വാല ചക്രമാണിത്. ഏകദേശം 1.8 മീറ്റർ വ്യാസമുള്ള വൃത്താകൃതിയുള്ള ഈ രൂപം പാറയ്ക്ക് മുകളില്‍ കൊത്തിയെടുത്തതാണ്. 

ഏറെ നിഗൂഢതകള്‍ വലയം ചെയ്യുന്ന രൂപമാണ് ഇത്. ഭൂമിയില്‍ എവിടെയും ഈ ചക്രത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ബുദ്ധ സന്യാസിമാർ സൂക്ഷിച്ചിരുന്ന ചരിത്ര രേഖകളിലൊന്നിലും ഈ ചക്രത്തെക്കുറിച്ച് പരാമര്‍ശമില്ല. അനുരാധപുര കാലഘട്ടത്തിലെ മറ്റ് കൊത്തുപണികളുമായി ഇത് പൊരുത്തപ്പെടുന്നുമില്ല. 

Anuradhapura-1
Image from Shutterstock
Anuradhapura-1

ഏഴ് കേന്ദ്രീകൃത വൃത്തങ്ങൾ ചേർന്നതാണ് ചാർട്ടിന്‍റെ മധ്യഭാഗം. വില്ലും അമ്പും പോലെയുള്ള രൂപങ്ങൾ, പട്ടം, സിലിണ്ടർ ആകൃതികൾ, മത്സ്യം, കടലാമകൾ, കടൽക്കുതിരകൾ എന്നിവയെല്ലാം ഇതില്‍ കാണാം. ഈജിപ്തിലെ അബു ഗുറാബിലും പെറുവിലെ ലാ പ്യൂർട്ട ഡി ഹയു മാർക്കയിലും കണ്ടെത്തിയതിന് സമാനമായ രൂപങ്ങളും ചിഹ്നങ്ങളുമാണ് ഇവിടെയും ഉള്ളത്.

പ്രപഞ്ചത്തെക്കുറിച്ചുള്ള ബുദ്ധമത സങ്കൽപ്പങ്ങളാവാം ഇതില്‍ ചിത്രീകരിച്ചതെന്ന് ഇതേക്കുറിച്ച് ഗവേഷണം നടത്തിയ ഗവേഷകര്‍ ഊഹിക്കുന്നു. ഇവിടം സന്ദര്‍ശിച്ച സഞ്ചാരികളിലൂടെ ഈ ചാര്‍ട്ട് ഇന്‍റര്‍നെറ്റില്‍ വൈറലായി മാറി. അതോടെ, ഇതേക്കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്.

പ്രപഞ്ചരഹസ്യമോ?

ഈ രൂപം പ്രപഞ്ചരഹസ്യങ്ങളിലേക്കും അന്യഗ്രഹങ്ങളിലേക്കും ഉള്ള കവാടമാണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. ബിസി 250 മുതൽക്കു തന്നെ ശ്രീലങ്കക്കാർക്ക് ബഹിരാകാശവസ്തുക്കളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് കണ്ടെത്തിയ ആദ്യകാല ബ്രാഹ്മി ലിഖിതങ്ങളിൽ, നക്ഷത്രങ്ങളെയും ആകാശഗോളങ്ങളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്.

പുണ്യനഗരമായ പൊളന്നരുവയിലെ ഏലിയൻ മൗണ്ടൻ എന്നറിയപ്പെടുന്ന ഡാനിഗല പർവതത്തിനരികിലാണ് ഈ ചാര്‍ട്ട് എന്നതും തങ്ങളുടെ വാദത്തിന് ശക്തി പകരുന്നതിനായി ആളുകള്‍ ഉപയോഗിക്കുന്നു. ഈ പ്രദേശത്തുള്ള വളരെ പ്രധാനപ്പെട്ട ഒരു ട്രെക്കിംഗ് ഏരിയയാണ് ഇവിടം. സവിശേഷമായ വൃത്താകൃതിയും പൂർണ്ണമായും പരന്നതുമായ മുകൾഭാഗമാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.  ഒരു കാലത്ത് ഇവിടെ പറക്കുംതളികകള്‍ വന്നിറങ്ങിയിരിക്കാമെന്നും അതിലുള്ള അന്യഗ്രഹ ജീവികളുമായി പണ്ടത്തെ മനുഷ്യര്‍ ആശയവിനിമയം നടത്തിയിരിക്കാമെന്നും അതിന്‍റെ വിശദാംശങ്ങളായിരിക്കാം സക്വാല ചക്രത്തില്‍ രേഖപ്പെടുത്തിയത് എന്നും നിരവധിപ്പേര്‍ വിശ്വസിക്കുന്നു. 

English Summary: The unsolved mystery of Sri Lanka's 'Stargate'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com