തടാകത്തിനുള്ളിലെ പഗോഡ; അദ്ഭുത കാഴ്ച

Indawgyi-Lake-in-Myanmar
Image From Shutterstock
SHARE

പഗോഡകളുടെ നാടായ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ തണ്ണീർത്തട ആവാസവ്യവസ്ഥയാണ് ഇൻഡാവ്ഗി തടാകം. അവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച തടാകത്തിനു നടുക്ക് ഉയർന്നു നിൽക്കുന്ന ക്ഷേത്രമാണ്. അതിഗംഭീരമായ വാസ്തുവിദ്യാ വിസ്മയം. പ്രഭാതത്തിൽ മൂടൽമഞ്ഞ് കൊണ്ട് തടാകം പൊതിയുമ്പോള്‍ മാന്ത്രിക ലോകത്തിലെന്ന പോലെ ഈ ക്ഷേത്രം തെളിഞ്ഞു നിൽക്കുന്നത് കാണാം. 

യുനെസ്കോ ബയോസ്ഫിയർ റിസർവ്

മ്യാൻമറിലെ യുനെസ്‌കോ ബയോസ്‌ഫിയർ റിസർവായ ഇൻഡാവ്‌ഗി തടാകത്തിന് നടുക്കായാണ് ഈ പഗോഡ. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ തടാകങ്ങളിൽ ഒന്നായ ഇത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 13 കിലോമീറ്ററും വടക്ക് നിന്ന് തെക്ക് 24 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നു. നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഇൗ തടാകം. ചൈനീസ് ഈനാംപേച്ചികൾ, ഹോഗ് മാൻ, ഏഷ്യാറ്റിക് സോഫ്റ്റ് ഷെൽ ആമ, സ്പോട്ട് ബിൽഡ് പെലിക്കൻ, ഓറിയന്റൽ ഡാർട്ടർ, പർപ്പിൾ സ്വാംഫെൻ തുടങ്ങി വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം.

Indawgyi-Lake-in-Myanmar1
Image From Shutterstock

ഈ തടാകത്തിന് മൂന്ന് നിലകളുണ്ടെന്ന് ഐതിഹ്യങ്ങൾ പറയുന്നു. താഴെയുള്ള ഭാഗത്ത് ഡ്രാഗണുകൾ വസിക്കുന്നു, മധ്യനിരയിൽ വെള്ളത്തിനടിയിലുള്ള പഗോഡയുണ്ട്. മുകളിലായി വാസ്തുവിദ്യ അദ്ഭുതമായ ഷ്വേ മിൻസു പഗോഡ സ്ഥിതിചെയ്യുന്നു. 

ഷ്വേ മിൻസു പഗോഡ

നാം ടെയ് ഗ്രാമത്തിന് പുറത്തുള്ള ദ്വീപിലെ നിഗൂഢമായ ഷ്വേ മിൻസു പഗോഡ തടാകത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതായി തോന്നിപ്പിക്കും. 1869-ൽ യാങ്കൂണിൽ നിന്ന് കൊണ്ടുപോകുന്ന ബുദ്ധന്റെ വിശിഷ്ട വസ്തുക്കൾ പ്രതിഷ്ഠിക്കുന്നതിനായി നിർമിച്ചതാണ് ഈ പഗോഡ. സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലെങ്കിലും പുറത്തെ മുറ്റത്ത് പ്രദക്ഷിണം ചെയ്യാം. തടാകത്തിലെ ജലനിരപ്പ് കുറയുന്ന സമയത്ത് ക്ഷേത്രത്തിലേക്ക് കാൽനടയായി തന്നെ പ്രവേശിക്കാം.

എല്ലാ വർഷവും നവംബർ, ഡിസംബർ മാസങ്ങളിൽ പഗോഡയുടെ ഇടത് വശത്തെ വെള്ളം നീലയും വലതുവശത്തുള്ള വെള്ളം ചുവപ്പായും മാറുന്നു. തടാകത്തിനുള്ളിലുള്ള പ്രത്യേക തരം ചെടികൾ പുറപ്പെടുവിക്കുന്ന മഷിയിൽ നിന്നുമാണ് വെള്ളത്തിന് രൂപമാറ്റം സംഭവിക്കുന്നതത്രേ. ഈ സമയം മീനുകൾ ചത്തുപൊങ്ങുന്നതായും പറയപ്പെടുന്നു.

ഇൻഡാവ്‌ഗി തടാകത്തിന് ചുറ്റുമുള്ള തീരങ്ങൾ സൂര്യാസ്തമയങ്ങളോടെ പ്രകൃതിയുടെ മനോഹരമായ കാഴ്ച നൽകുന്ന ഇടങ്ങളാണ്. ആ സൂര്യകിരണങ്ങൾ ഏറ്റ് സ്വർണനിറത്തിൽ തിളങ്ങിനിൽക്കുന്ന ക്ഷേത്ര കാഴ്ചകാണാൻ അനേകായിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രാമങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പഗോഡ.

കാണാൻ ഏറെയുണ്ട്

തടാകത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഷ്വേ ടൗങ് ഹിൽ എന്ന സുവർണ്ണ കുന്നാണ് സന്ദർശിക്കേണ്ട മറ്റൊരു സ്ഥലം. ഇൻഡവ്ഗി തടാകത്തിന് ചുറ്റുമുള്ള ഇരുപത് ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പ്രദേശവാസികളുടെ ജീവിതം നന്നായി മനസ്സിലാക്കാൻ സഞ്ചാരികൾക്ക് കഴിയും. ല്വെമുൻ വില്ലേജ്, ഹെപ്പ, നാംമിലാങ്, നംഡെ എന്നിവയാണ് ശ്രദ്ധേയമായ ഗ്രാമങ്ങൾ. ഈ ഗ്രാമങ്ങളിൽ ഭൂരിഭാഗവും കുന്നിൻ മുകളിൽ നിന്ന് തടാകക്കര വരെ നീണ്ടുകിടക്കുന്നവയാണ്.

സൈക്ലിങ്, ട്രെക്കിങ്, കയാക്കിങ്, വിനോദ മത്സ്യബന്ധനം തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണ് ഇൻഡവ്ഗി. വൈവിധ്യമാർന്ന മൃഗങ്ങളുടെയും വിദേശ പക്ഷികളുടെയും ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രകൃതിസ്‌നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.

English Summary: Indawgyi Lake in Myanmar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS