യാത്ര കഠിനം പക്ഷേ കാഴ്ച മനോഹരം: ജീവൻ പോലും അപകടത്തിലായേക്കാം !

2Katskhi-pillar,-Georgia
SHARE

അതിസാഹസികരായ യാത്രാപ്രിയരെ കാത്തിരിക്കുന്ന ചില സുന്ദരയിടങ്ങൾ ഭൂമിയിലുണ്ട്. ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന ഈ മനോഹര സ്ഥലങ്ങളിലേക്കുള്ള യാത്രകൾ അല്പം കഠിനമാണ്. എങ്കിലും ദുർഘടങ്ങളെല്ലാം താണ്ടി ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അതിസുന്ദരമായതിനാൽ ആ സാഹസിക യാത്രകൾ ഒരിക്കലും നഷ്ടമാകാനിടയില്ല. ഉയരങ്ങൾ താണ്ടാൻ മനസ്സുള്ളവർക്കു മാത്രമേ അദ്ഭുതങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഈ നിർമിതികൾ അടുത്തറിയുവാൻ സാധിക്കൂ. വലിയ മലനിരകളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ നിർമിതികളെ കുറിച്ചറിയാം. 

സാന്റ്ാ അഗാത ഡെ ഗോട്ടി, ഇറ്റലി

കാഴ്ചക്കാരെ ഒരു മായിക ലോകത്തെത്തിക്കും സാന്റ്ാ അഗാത ഡെ ഗോട്ടി. മധ്യകാലഘട്ടത്തിന്റെ പ്രൗഢി മുഴുവൻ എടുത്തണിഞ്ഞാണ് ഈ നഗരം അതിഥികളെ സ്വീകരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ പണിതീർത്ത ഇവിടുത്തെ നിർമിതികൾ സഞ്ചാരികളിൽ ആശ്ചര്യം ജനിപ്പിക്കും. ചെങ്കുത്തായ മലയുടെ മുകളിലാണ് ഈ വിസ്മയം സ്ഥിതി ചെയ്യുന്നത്. കിഴുക്കാംതൂക്കായ ഈ മലഞ്ചെരിവുകളിലൂടെ ഒരു നദി ഒഴുകുന്ന കാഴ്ചയും അവർണനീയം തന്നെയാണ്. 

SantAgata

കാറ്റ്‌സ്കീ പില്ലർ, ജോർജിയ 

130 അടി ഉയരത്തിലാണ് ജോർജിയയിലെ ഈ കൽത്തൂണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെതന്നെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം സ്ഥിതി ചെയ്യുന്നത് ഈ തൂണിനു മുകളിലായാണ്. ജോർജിയയുടെ തലസ്ഥാന നഗരമായ ടിബിലിസിൽനിന്നു പടിഞ്ഞാറ്, 200 കിലോമീറ്റർ അകലെയായാണ് കാറ്റ്‌സ്കീ പില്ലറിന്റെ സ്ഥാനം. ഇവിടേയ്ക്ക് എത്തിച്ചേരുന്നതുതന്നെ ഏറെ കഠിനമാണ്. 

തദ്ദേശവാസികൾക്കു പോലും ഈ സ്തംഭം നിഗൂഢമായ കാഴ്ചയാണെന്നിരിക്കെ ആദ്യമായി 1944 ൽ പർവതാരോഹകനായ അലക്സാണ്ടർ ജപാരിഡ്സെ ഒരു സംഘം ആളുകളുമായി ഇവിടെയെത്തുകയും ഇതിനുമുകളിലേക്കു കയറുകയും ചെയ്തുവെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭയം തീരെയില്ലാത്ത പർവതാരോഹകരെ കാത്തിരിക്കുകയാണ് കാറ്റ്‌സ്കീ പില്ലർ.

ദ് സ്വാളോസ് നെസ്റ്റ്, യുക്രെയ്ൻ 

കാണുന്നവരിൽ ആശ്ചര്യം നിറയ്ക്കുന്ന കാഴ്ചകളൊരുക്കുന്ന അലങ്കാര കോട്ടയാണ് ദ് സ്വാളോസ് നെസ്റ്റ്. ഗാസ്പ്ര എന്ന സ്ഥലത്തു ക്രിമിയൻ കടലിനു സമീപമാണ് ഈ കോട്ടയുടെ സ്ഥാനം. റഷ്യയുടെ പ്രതാപത്തിന്റെ ശേഷിപ്പാണ് ദ് സ്വാളോസ് നെസ്റ്റ്. 

2The-Swallows-nest

1911 ൽ നിർമിക്കപ്പെട്ട കോട്ട, ഭൂകമ്പങ്ങളെ വരെ അതിജീവിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്. മലമുകളിലെ കൗതുകക്കാഴ്ചയായ ദ് സ്വാളോസ് നെസ്റ്റ് ഇപ്പോൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

ഹാങ്ങിങ് ടെംപിൾ, ചൈന 

ഏകദേശം 1500 വർഷങ്ങളുടെ പഴക്കമുള്ള ഹാങ്ങിങ് ടെംപിൾ ആധുനിക വാസ്തുശൈലിക്ക് ഒരദ്ഭുതം തന്നെയാണ്. ഷാങ്ക്സി പ്രവിശ്യയിലെ ഹെങ് മലനിരകളിലെ കിഴുക്കാംതൂക്കായ മലഞ്ചെരിവിലാണ് ടെംപിൾ നിർമിച്ചിരിക്കുന്നത്. മരത്തിന്റെ ഒരു തൂണുപോലുമില്ലാതെയുള്ള നിർമാണം, ആശ്ചര്യം ജനിപ്പിക്കുക തന്നെ ചെയ്യും. പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള 40 മുറികൾ ഈ ടെംപിളിലുണ്ട്. പാറക്കെട്ടുകളിൽ ദ്വാരങ്ങളുണ്ടാക്കിയാണ് ഹാങ്ങിങ് ടെംപിൾ നിർമിച്ചിരിക്കുന്നത്.

3-Hanging-Temple

കാസ്റ്റൽഫോലിറ്റ് ഡെ ലാ റോക്ക, സ്പെയിൻ 

വടക്കു കിഴക്കൻ സ്പെയിനിലെ ബസാൾട്ട് മലനിരകൾക്കു മുകളിലാണ് മധ്യകാലഘട്ടത്തിലെ ഈ മനോഹര പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭൂരിപക്ഷം തെരുവുകളും ഭവനങ്ങളും നിർമിച്ചിരിക്കുന്നത് കറുത്ത ശിലകൾ കൊണ്ടാണ്. 

ആദ്യകാലങ്ങളിൽ ഒരു സാധാരണ പട്ടണമായിരുന്നു കാസ്റ്റൽഫോലിറ്റ് ഡെ ലാ റോക്ക, എന്നാൽ കാലാന്തരത്തിൽ അഗ്നിപർവത സ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുകയും അതിന്റെ ഫലമായി ബസാൾട്ട് ശിലകൾ രൂപം കൊള്ളുകയും ചെയ്തു. മധ്യകാലഘട്ടത്തിലാണ് ആ മലനിരകൾക്കു മുകളിലായി ഒരു പട്ടണം രൂപപ്പെട്ടു. ആദ്യകാഴ്ചയിൽത്തന്നെ, കാണുന്നവരുടെ മനസ്സുകീഴടക്കും ഇത്. 

സെന്റ്‌ മൈക്കിൾ ഡെ ഐഗ്വിൽ, ഫ്രാൻസ് 

ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ദേവാലയം തെക്കൻ ഫ്രാൻസിലാണ് സ്ഥിതി ചെയ്യുന്നത്. അഗ്നിപർവത സ്‌ഫോടനത്തിന്റെ ഫലമായുണ്ടായ ലാവ തണുത്തുറഞ്ഞതിനു മുകളിലായി, ഏകദേശം 280 അടി ഉയരത്തിലാണ് സെന്റ്‌ മൈക്കിൾ ഡെ ഐഗ്വിലിന്റെ സ്ഥാനം. കല്ലിൽ കൊത്തിയെടുത്തിട്ടുള്ള 268 പടവുകൾ കയറിയാൽ മുകളിലുള്ള ചാപ്പലിൽ എത്തിച്ചേരാം. മലമുകളിലെ ഈ ദേവാലയം വിസ്മയം ജനിപ്പിക്കുന്ന ഒരു കാഴ്ചയാണ്.

മെറ്റോറ, ഗ്രീസ് 

Saint-Michel

1995 മുതൽ യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുള്ള  വിശുദ്ധ സ്ഥലങ്ങളിലൊന്നാണ് മെറ്റോറ. ആയിരത്തിലധികം വർഷങ്ങൾക്കു മുൻപ് കൂറ്റൻ പാറകൾക്കു മുകളിലായാണ് ഈ ആശ്രമങ്ങൾ നിർമിച്ചിരിക്കുന്നത്. ലോകത്തിൽ മറ്റെങ്ങും കാണാൻ കഴിയാത്ത, അത്യപൂർവമെന്നു തന്നെ വിശേഷിപ്പിക്കുവാൻ കഴിയുന്ന ഈ നിർമിതി കാണേണ്ട കാഴ്ച തന്നെയാണ്.

English Summary: On the edge: World's most Dangerously Placed tourist Locations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS