ADVERTISEMENT

ഹണിമൂൺ ആഘോഷത്തിനും അവധിക്കാലയാത്രയ്ക്കുമായി മിക്കവരും തിരഞ്ഞെടുക്കുന്ന സൂപ്പർ ഡെസ്റ്റിനേഷനാണ് മാലദ്വീപ്. സെലിബ്രിറ്റികളുടെ രണ്ടാം വീട് എന്നു പറയാം ഈ ദ്വീപു രാഷ്ട്രത്തെ. സ്വകാര്യ ബീച്ചുകൾ മുതൽ ആഡംബര വാട്ടർ വില്ലകളും റിസോർട്ടുകളും വരെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

maldives

മാലദ്വീപിലെ അവധിക്കാലം വളരെ ചെലവേറിയതാണെങ്കിലും കീശകാലിയാക്കാതെ കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന റിസോർട്ടുകളുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ മാലദ്വീപ് കണ്ടു മടങ്ങാം.

ഫ്ലൈറ്റ് ബുക്കിങ്

ടിക്കറ്റ് വളരെ നേരത്തേ ബുക്ക് ചെയ്താൽ ചെലവ് ഒരു പരിധി വരെ കുറയ്ക്കാം. കുറഞ്ഞത് 4-6 മാസം മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഓഫ് സീസണായ ഏപ്രിൽ മുതൽ ജൂൺ വരെ മാലദ്വീപ് സന്ദർശിക്കാം. കൊച്ചിയിൽനിന്നു മാലദീപില്‍ എത്തിച്ചേരാൻ ഒരാൾക്ക് ഏകദേശം 8,000 മുതൽ 12,000 വരെ രൂപ ചെലവ് വരും. എന്നാൽ സീസണ്‍ അല്ലാത്ത സമയം യാത്രാനിരക്കിന് മാറ്റം ഉണ്ടാകും. നേരത്തേ ബുക്ക് ചെയ്യുമ്പോൾ മിക്ക വിമാന കമ്പനികളും ഓഫറുകളും നൽകും.

maldives

താമസം

മാലദ്വീപിൽ കാലുകുത്തിയാൽ പിന്നെ കയ്യിലെ പണം ചെലവാകുന്നത് താമസത്തിനാണ്. പക്ഷേ ബജറ്റ് ഫ്രണ്ട്‌‌‌ലിയായ താമസ ഇടങ്ങൾ ഇവിടെയുണ്ട്. ഇവിടെ ആഡംബര റിസോർട്ടുകൾ എല്ലാം സ്ഥിതി ചെയ്യുന്നത് സ്വകാര്യ ദ്വീപുകളിലാണ്. അവ വളരെ ചെലവേറിയതുമാണ്. ഒരു രാത്രിക്ക് ഏകദേശം മുപ്പതിനായിരം മുതൽ അഞ്ചു ലക്ഷത്തിൽ കൂടുതൽ വരെ രൂപ ഇൗടാക്കുന്ന താമസസ്ഥലങ്ങളാണ് സ്വകാര്യ ദ്വീപുകളിലുള്ളത്.

ബജറ്റിൽ ഒതുങ്ങുന്നതാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പൊതു ദ്വീപുകളിൽ താമസിക്കാം. ഒരു രാത്രിക്ക് 3,000-4,000 രൂപയ്‌ക്ക് താഴെ നല്ലതും സുരക്ഷിതവുമായ ഗെസ്റ്റ് ഹൗസുകൾ ഇവിടെയുണ്ട്. പ്രഭാതഭക്ഷണം ഉൾപ്പെടെ അത്യാവശ്യ സൗകര്യങ്ങളുമുണ്ട്. വാട്ടർ ബ്രീസ് ഗെസ്റ്റ്ഹൗസ്, സൽസ റിട്രീറ്റ് എന്നിവ ചില ഉദാഹരണങ്ങളാണ്. മാഫുഷി, ധാരവൻധൂ, ഗുറൈധൂ എന്നിവയാണ് ചില മികച്ച പ്രാദേശിക ദ്വീപുകൾ. റിസോർട്ടുകൾ വേണ്ട എന്നുള്ളവർക്ക് ബജറ്റ് ഫ്രണ്ട്‍‍ലിയായ അതിഥി മന്ദിരങ്ങളും വാട്ടർ വില്ലകളും പരീക്ഷിക്കാവുന്നതാണ്.

kuda-villingili-esort-Maldives

ഗതാഗതം

മാലദ്വീപില്‍ ഒരു ദ്വീപിൽനിന്ന് മറ്റൊരു ദ്വീപിലേക്ക് പോകാൻ വിനോദസഞ്ചാരികൾ സാധാരണയായി സ്പീഡ് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അവയ്ക്കു ചെലവ് കൂടുതലായിരിക്കും. പൊതുഗതാഗതത്തിൽ ഫെറി സർവീസുകൾക്ക് 50 രൂപ മുതൽ 200 രൂപ വരെ മാത്രമേ ചെലവ് വരുള്ളൂ. ഈ ഫെറി ബോട്ടുകൾ മിക്കവാറും എല്ലാ ദ്വീപുകളിലേക്കും കൊണ്ടുപോകും. പണച്ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ കണ്ടെത്തുന്നതുപോലെ തന്നെ ചെലവ് കുറയ്ക്കാനുള്ള മറ്റൊരു മാർഗമാണ് ലോക്കൽ ഫെറികളും. അതേസമയം ഒരു സ്വകാര്യ ദ്വീപിലാണ് നിങ്ങളുടെ താമസമെങ്കിൽ സ്പീഡ് ബോട്ടിലോ സീപ്ലെയിനിലോ മാത്രമേ പോകാനാവൂ. 

ഭക്ഷണം

താമസസ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രഭാത ഭക്ഷണം കൂടി ഉൾപ്പെട്ട പാക്കേജുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഭക്ഷണത്തിനു വേണ്ടി റസ്റ്ററന്റുകളെ ആശ്രയിക്കേണ്ടിവരില്ല. ഫുലിദൂ പോലുള്ള ചെറിയ ദ്വീപുകളിൽ ഭക്ഷണശാലകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവിടുത്തെ എല്ലാ ഭക്ഷണശാലകളിലും ഒരേ നിരക്കുതന്നെയാണ് ഈടാക്കുന്നത്.  എന്നാൽ മാഫുഷി പോലുള്ള വലിയ ദ്വീപുകളിൽ നിരവധി റസ്റ്ററന്റുകളുണ്ട്. നമ്മുടെ കയ്യിലുള്ള പണത്തിനനുസരിച്ചുള്ള ചെറു ഭക്ഷണശാലകൾ തിരഞ്ഞെടുക്കാവുന്നതാണ്. ചോറും മീൻകറിയുമൊക്കെ ഉൾപ്പെട്ടിട്ടുള്ള ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്. 

വാട്ടർ സ്പോർട്സ്

മാലദ്വീപ് സന്ദർശനത്തിൽ പണം ഏറെ ചെലവാകുന്നത് വാട്ടർ സ്‌പോർട്‌സ് ആക്ടിവിറ്റികൾക്കാണ്. ഡൈവിങ്ങും സ്‌നോർക്കലിങ്ങുമൊക്കെ ചെലവേറിയതാണ്. കൃത്യമായ പ്ലാനോടെ മാലദ്വീപ് യാത്ര നടത്തിയാൽ ചെലവ് കുറയ്ക്കാം. 

ബീച്ചുകളിലെ ഡൈവിങ്, സ്‌നോർക്കലിങ് പോലുള്ള വിനോദങ്ങൾക്കു പണമധികം ചെലവാകുമെങ്കിലും എല്ലാ പാക്കേജുകളെയും കുറിച്ച് ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം പണം മുടക്കുന്നതാണ് ഉചിതം. മികച്ച കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നവയാണ് ഈ വിനോദങ്ങളെല്ലാം. 

English Summary: Budget Trip To Maldives 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com