കുറഞ്ഞ ചെലവിൽ യാത്ര; ക്രിസ്മസും പുതുവർഷവും ആഘോഷമാക്കാം

xmas-trip2
SHARE

ക്രിസ്മസ് അവധിയും പുതുവൽസരവും ആഘോഷമാക്കാന്‍ യാത്ര തിരിക്കാം. പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ച ഇന്ത്യക്കാർക്കായി ഇപ്പോൾ ഒട്ടുമിക്ക രാജ്യങ്ങളും തുറന്നിട്ടുണ്ട്. കീശകാലിയാക്കാതെ മനോഹര കാഴ്ച കണ്ട് യാത്ര തിരിക്കാം.

ശ്രീലങ്ക

ഏറ്റവും മനോഹരമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ശ്രീലങ്ക. കുറഞ്ഞ ചെലവിൽ യാത്ര പ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ്. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസിക വിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും.

srilanka-ella1

കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല് ആരാധിക്കുന്ന  ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്. ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല. 

pinnawala-srilanka

പൂർണ്ണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ഏത് തരത്തിലുള്ള താമസസ്ഥലത്തും താമസിക്കാം, കൂടാതെ വരുമ്പോൾ ആർടി പിസിആർ പരിശോധന ആവശ്യമില്ല.

വിയറ്റ്നാം

സഞ്ചാരികളുടെ പറുദീസയായ വിയറ്റ്നാം ബജറ്റ് യാത്രയ്ക്ക് പറ്റിയയിടമാണ്. ഏഷ്യയിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളിലൊന്നാണിവിടം. അതിമനോഹരമായ ഗ്രാമങ്ങൾ, ബീച്ചുകൾ, നഗരങ്ങൾ തുടങ്ങി നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട് വിയറ്റ്നാമിൽ. സോളോ യാത്രികർക്കും കുടുംബവുമൊത്ത് യാത്ര ചെയ്യുന്നവർക്കും ഒരു മികച്ച അവധിക്കാല ലക്ഷ്യസ്ഥാനമാണിത്.

chau-doc-vietnam

വിയറ്റ്നാം സാംസ്കാരിക വൈവിധ്യങ്ങളുടെയും അതിശയിപ്പിക്കുന്ന മിശ്രിതമാണ്. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പർവതനിരകൾ മുതൽ പച്ചപ്പ് നിറഞ്ഞ നെൽവയലുകൾ വരെ. ഹാലോംങ് ബേ,ഹോ ചി മിൻ സിറ്റി, സാപ്പ ഗ്രാമപ്രദേശം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ തന്നെ സന്ദർശിക്കാം. വിയറ്റ്നാമിൽ താമസവും യാത്രയും ഭക്ഷണവും ഏറ്റവും ചെലവ് കുറഞ്ഞതാണ് എന്നതിനാൽ നിരവധി സഞ്ചാരികളെ ഈ രാജ്യം ആകർഷിക്കുന്നുണ്ട്. 

ഭൂട്ടാൻ

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. പർവതങ്ങളുടെ താഴ്‌വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. 

ഓരോ സഞ്ചാരിയുടെയും താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചു യാത്രകൾക്കുള്ള പദ്ധതികൾ തയാറാക്കാം. തിരക്കുകൾ കുറവുള്ള സമയത്തോടാണ് ആഭിമുഖ്യം കൂടുതലെങ്കിൽ യാത്രയ്ക്കു ഒരുങ്ങുന്നതിനു മുൻപ് തന്നെ ആ നാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മാസങ്ങൾ ഏതെന്നു അറിഞ്ഞു വെയ്ക്കാം. ഭൂട്ടാനിൽ സന്ദർശകരുടെ തിരക്കനുഭവപ്പെടുന്നതു വസന്തകാലത്തിലാണ്. അതായതു മാർച്ച് മുതൽ മെയ് വരെയുള്ള സമയമാണ് സീസൺ.

ഭൂട്ടാനിലെ വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിക്കുന്നതിനാൽ, വ്യത്യസ്ത ബജറ്റിൽ ഹോട്ടൽ ഓപ്ഷനുകൾ കണ്ടെത്താൻ കഴിയും. ഫ്യൂൻഷോളിങ് മുതൽ തലസ്ഥാന നഗരമായ തിംഫു വരെ എല്ലായിടത്തും നിങ്ങളുടെ ബജറ്റിൽ ഹോട്ടലുകൾ കണ്ടെത്താനാകും. തിരക്കേറിയ സീസണിൽ ഒരു ശരാശരി ഹോട്ടലിന് 2500 രൂപ വരെ ചിലവാകും. അതേസമയം, അതേ ഹോട്ടൽ ഓഫ് സീസണിൽ 1300-1500 രൂപ നിരക്കിൽ ലഭിക്കും. 

മ്യാൻമർ

മനോഹരമായ പഗോഡകൾക്ക് പേരുകേട്ടതാണ് മ്യാൻമർ. പതിനായിരത്തിലുമധികം വരുന്ന ബുദ്ധക്ഷേത്രങ്ങൾ മ്യാന്മറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. അന്നാട്ടിലെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ, അധികമൊന്നും ദൂരവ്യത്യാസമില്ലാതെ നിരവധി ബുദ്ധക്ഷേത്രങ്ങൾ കാണുവാൻ കഴിയും. കുന്നിൻ മുകളിലായാണ് വലിയ ബുദ്ധക്ഷേത്രങ്ങളിൽ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള വൻവൃക്ഷങ്ങളുടെ താഴെയും ചെറിയ ക്ഷേത്രങ്ങൾ കാണാൻ കഴിയുന്നതാണ്. സ്വർണത്താലാണ് ഇവയിൽ ഭൂരിപക്ഷവും അലങ്കരിക്കപ്പെട്ടിരിക്കുന്നത്.

ബജറ്റ് യാത്രകൾക്കായി തെരഞ്ഞെടുക്കുന്ന ഒരിടം കൂടിയാണ് മ്യാൻമാർ. ബഗാനിലെ വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങൾക്ക് ചുറ്റും ഒരു സ്‌കൂട്ടർ വാടകയ്ക്കെടുത്ത ചുറ്റി കറങ്ങാം. കൃത്യമായ ബജറ്റിൽ ഒതുങ്ങുന്ന യാത്രകൾ ആസൂത്രണം ചെയ്യാവുന്നതുമാണ്. 

കംബോഡിയ 

ഈ മനോഹരമായ രാജ്യം അതിശയകരവും അതുല്യവുമായ നിരവധി അദ്ഭുതങ്ങളും നിറഞ്ഞതാണ്. ബജറ്റ് ഫ്രണ്ട്‌ലി യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല കംബോഡിയ. അങ്കോർ വാട്ട് തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചയാണ്.അയൽക്കാരായ തായ്‌ലൻഡ്, ലാവോസ്, വിയറ്റ്നാം എന്നിവയ്‌ക്കൊപ്പം ഏഷ്യയുടെ ടൂറിസം പോർട്ട്‌ഫോളിയോയിൽ വളർന്നുവരുന്ന താരമാണ് കംബോഡിയ.

ദക്ഷിണ ചൈനാ കടലിന്റെ തീരത്താണ് കംബോഡിയ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് തായ്‌ലൻഡും വടക്ക് ലാവോസും വിയറ്റ്‌നാമും അതിർത്തി പങ്കിടുന്നു. മെകോങ് നദിയുടെ ഒരു ശാഖയാൽ ഒഴുകുന്ന വലിയ ടോൺലെ സാപ്പ് ശുദ്ധജല തടാകം രാജ്യത്തിന്റെ യശസ് ഉയർത്തുന്നു. വിനോദസഞ്ചാര മേഖലയിൽ അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യം ആയതിനാൽ തന്നെ ബജറ്റ് ഫ്രണ്ട്‌ലിയാണ് ഇവിടം.

നേപ്പാൾ

ലോകത്തിലെ ഏറ്റവും മനോഹരമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ നേപ്പാളിൽ പുതുവൽസര യാത്ര പോകാൻ പദ്ധതിയുണ്ടോ? കൃത്യമായി പ്ലാൻ ചെയ്താൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ പറ്റിയയിടമാണിത്. കാഠ്മണ്ഡു തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട നഗരമാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്.

നേപ്പാളിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വീസ ആവശ്യമില്ല. എങ്കിലും വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ, ചെക്ക് ഇൻ ചെയ്യുമ്പോഴും ഇമിഗ്രേഷൻ സമയത്തും ഇന്ത്യൻ പൗരന്മാർ സാധുവായ പാസ്‌പോർട്ടോ വോട്ടർ ഐഡിയോ കരുതണം. 

വാരണാസിയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് ബസ് വഴിയും ട്രെയിൻ വഴിയും യാത്ര ചെയ്യുന്ന നിരവധി പേരുണ്ട്. സമയം കൂടുതൽ എടുക്കുമെങ്കിലും ചെലവു കുറഞ്ഞതും നിരവധി നാടുകളിലൂടെ കടന്നുപോകുന്ന യാത്രയുമായതിനാൽ വളരെ രസകരമായിരിക്കും. ഡൽഹിയിൽ നിന്നും ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസും കാഠ്മണ്ഡുവിലേക്കുണ്ട്. 

തായ്‌‌‌‌ലൻഡ്

ഏഷ്യയിലെ മികച്ച ആകർഷണങ്ങളിലൊന്നായ തായ്‌ലൻഡ് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. ക്രിസ്മസ് അവധിക്കാലവും പുതുവവർഷവും തായ്‍‍ലൻഡിൽ ആഘോഷമാക്കാം. ബാങ്കോക്കിലെ മാളുകളിലും മാർക്കറ്റുകളിലും സുവനീറുകൾ വാങ്ങുക, കായികരംഗത്തെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ കോ താവോയിൽ സ്‌കൂബ ഡൈവ് ചെയ്യുക അങ്ങനെ സഞ്ചാരികളെ കാത്ത് നിരവധി വിനോദങ്ങളുണ്ട്.

ഭൂരിഭാഗം വിനോദസഞ്ചാരികളും അവധിയാഘോഷത്തിനായി സാമുയി അല്ലെങ്കിൽ ഫുക്കറ്റ് ദ്വീപുകളിലേക്കാണ് പോകുന്നത്. എന്നാൽ ക്രാബിയിൽ മനോഹരമായ ബീച്ചുകളും മികച്ച താമസ സൗകര്യങ്ങളും ബാങ്കോക്കിൽ നിന്ന് സദാസമയവും സർവീസുള്ള വിമാനത്താവളവുമുണ്ട്. മറ്റ് തിരക്കേറിയ വിനോദസഞ്ചാരമേഖലകളെ അപേക്ഷിച്ച് വളരെ ചെലവു കുറഞ്ഞതുമാണ് ഇവിടം. 

English Summary: Budget-Friendly Destinations to Celebrate Christmas and New Year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA