ADVERTISEMENT

ജലപ്പരപ്പിൽ ഉണങ്ങിയ പുല്ല് അടുക്കി, അതിനുമേൽ പുൽക്കുടിലുകൾ കെട്ടി നൂറ്റാണ്ടുകളായി തടാകത്തിൽ കഴിയുന്ന ഒരു വിഭാഗം ജനങ്ങൾ. സ്ഥലവും വീടും മാത്രമല്ല ഇവർ വള്ളവും നിത്യോപയോഗ വസ്തുക്കളും നിർമിക്കുന്നത് ടൊട്ടോറ എന്ന പ്രത്യേക ഇനം പുല്ലുകൊണ്ടു തന്നെ. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള തടാകം പെറുവിലെ ടിടികാകയിലാണ് ഉറോ ജനവിഭാഗത്തിലെ ആയിരത്തിലധികം ആളുകൾ ഇന്നും പരമ്പരാഗത രീതിയിൽ കഴിയുന്നത്.

ഇൻകകളെ ഭയന്ന് ജലവാസികളായവർ

ആയിരക്കണക്കിനു വർഷം മുൻപ് സാധാരണ മനുഷ്യരെപ്പോലെ വേട്ടയാടിയും മീൻപിടിച്ചും കച്ചവടം നടത്തിയും ഇന്നത്തെ പെറു, ബൊളീവിയ പ്രദേശങ്ങളിൽ ജീവിച്ചവരാണ് ഉറോ ജനവിഭാഗം. 3700 വർഷം മുൻപ് തെക്കേ അമേരിക്കയിൽ ഇൻകാ ഗോത്രം ശക്തമാകുകയും പല ജനസമൂഹങ്ങളേയും കീഴടക്കി അടിമകളാക്കുകയും ചെയ്യുന്നതു കണ്ട് കരയിൽ നിന്ന് ജലത്തിലേക്കു താമസം മാറ്റിയവരാണ് ഉറോകൾ. അതിന് അവർ തിരഞ്ഞെടുത്തത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമായ ടിടികാകയാണ്. ആരെങ്കിലും ആക്രമിച്ചു കീഴടക്കാൻ വന്നാലും തുഴഞ്ഞു രക്ഷപെടാൻ സാധിക്കും വിധമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൃത്രിമദ്വീപുകൾ നിർമിച്ചത്. ആത്യന്തികമായി ഇൻകകളിൽ നിന്നു രക്ഷപെടാനായില്ലെങ്കിലും ഗോത്രത്തനിമ നിലനിർത്തുന്നതിന് ഈ പലായനം സഹായിച്ചു എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

Titicaca2

ടോട്ടോറ റീഡ് എന്ന മാന്ത്രികച്ചെടി

സമുദ്ര നിരപ്പിൽനിന്ന് 13000 അടി ഉയരത്തിലുള്ള ടിടികാക തടാകതീരത്ത് സുലഭമായി വളരുന്ന ടൊട്ടോറ റീഡ് എന്ന സസ്യമാണ് ജലപ്പരപ്പിൽ ജീവിതം കെട്ടിപ്പടുക്കാൻ ഉറോ ജനതയെ സഹായിക്കുന്നത്. കാട്ടുചൂരൽ പോലെ ഏറെ ഉയരത്തിൽ വളരുന്ന വലിയ വണ്ണം വയ്ക്കാത്ത സസ്യമാണിത്. ഉണങ്ങിയ ടൊട്ടോറ റീഡ് വെള്ളത്തിൽ പൊങ്ങിക്കിടക്കും. ജലപ്പരപ്പിൽ ദ്വീപ് നിർമിക്കാൻ ആദ്യം ചെയ്യുന്നത് ഉണങ്ങിയ ടൊട്ടോറ റീഡ് വേരോടു കൂടി തടാകത്തിൽ നിരത്തും. അധികം മണ്ണില്ലാത്ത വേരുകൾ കണ്ടെത്തി ശേഖരിക്കേണ്ടത് ഉറോ പുരുഷൻമാരുടെ ചുമതലയാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ പുൽമെത്തയുടെ മുകളിലേക്ക് ഉണങ്ങിയ ടൊട്ടോറ തണ്ടുകൾ നിരത്തും. പുൽത്തണ്ടുകളുടെ ഒട്ടേറെ കെട്ടുകൾ പല അടുക്കുകളായിട്ടാണ് നിരത്തുന്നത്. തടാകത്തിനു മുകളിൽ നിർമിക്കുന്ന പുൽദ്വീപ് കയറുകൊണ്ട് കെട്ടി ഉറപ്പിക്കുകയും നീളമുള്ള യൂക്കാലി മരം തടാകത്തിന്റെ അടിത്തട്ടിലേക്കു ഊന്നി നങ്കൂരമിടുകയും ചെയ്യുന്നു. അതിനു മുകളിലാണ് ടൊട്ടോറ തണ്ടുകൾ ഉപയോഗിച്ച് വീടുകെട്ടുന്നത്.

Titicaca1

ശരിയായി പരിപാലിക്കുന്ന ദ്വീപുകൾക്ക് 30 വർഷം വരെ നിലനിൽക്കുമത്രേ. ജലവുമായി നിരന്തരം സമ്പർക്കത്തിൽ വരുന്ന ടൊട്ടോറ അടുക്കുകൾ മാറ്റി പുതിയ കെട്ടുകൾ നിരത്തണം. ഇത് കാലാവസ്ഥയ്ക്കനുസരിച്ച് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ചെയ്യണം. ടൊട്ടോറ തണ്ടുകൾ ഉപയോഗിച്ചു നിർമിക്കുന്ന വീടുകൾ 6 മാസം കൂടുമ്പോൾ സ്ഥാനം മാറ്റി വീടിരുന്ന സ്ഥാനത്ത് പുതിയ പുല്ല് വിരിക്കണം. ദ്വീപിന്റെ വലിപ്പത്തിന് അനുസരിച്ച് ഒന്നോ രണ്ടോ കുടുംബങ്ങൾ മുതൽ 10–12 കുടുംബങ്ങളുടെ വീടുകള്‍ വരെ ഓരോ ദ്വീപിലും ഉണ്ട്. 65–70 ദ്വീപുകൾ ഇപ്പോൾ തടാകത്തിലുണ്ട്. വലിയ ദ്വീപുകൾ മുറിഞ്ഞു മാറുകയോ ചെറിയ ദ്വീപുകൾ ഒന്നിക്കുകയോ ചെയ്യുന്നത് പതിവായതിനാൽ എണ്ണം കൂടിയും കുറഞ്ഞും നിൽക്കും. കുട്ടികൾക്കു വേണ്ട പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ദ്വീപിൽത്തന്നെയുണ്ട്.

ടൊട്ടോറ റീഡിന്റെ ബലമുള്ള നീണ്ട തണ്ടുകൾ കൂട്ടിക്കെട്ടിയാണ് ഉറോകളുടെ പരമ്പരാഗത വഞ്ചി നിർമിക്കുന്നത്. അയഡിൻ അടങ്ങിയിട്ടുള്ള ടൊട്ടോറ സസ്യത്തിന് ഇവരുടെ പരമ്പരാഗത ഭക്ഷണത്തിലും സ്ഥാനമുണ്ട്.

ടൂറിസം കൊണ്ടുവന്ന മാറ്റം

ടിടികാക തടാകത്തിന്റെ പല ഭാഗത്തായി വ്യാപിച്ചു കിടന്ന ഉറോ ദ്വീപുകൾ പെറുവിന്റെ ഭാഗത്ത് പുനോ സിറ്റിക്കു സമീപമുള്ള തടാകതീരത്തേക്കു മാത്രമായി ചുരുങ്ങി. 1986 ലെ കൊടുങ്കാറ്റാണ് അതിനു പ്രധാന കാരണമായത്. തുടർന്ന് ഒട്ടേറെ ആളുകൾ കരയിലെ മുഖ്യധാരാ സമൂഹത്തിലേക്കു താമസം മാറ്റുകയും ചെയ്തു. ഇപ്പോൾ ഉദ്ദേശം 2000 പേരുള്ള ഉറോ ഗോത്രത്തിൽ 1200 പേർ തടാകത്തിൽ കഴിയുന്നവരാണ്. മത്സ്യബന്ധനവും പക്ഷികളെ വേട്ടയാടുന്നതുമാണ് പ്രധാന ഉപജീവന മാർഗം. ‌

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com