ഇത് യൂറോപ്പോ? അതിശയിച്ചുപോകും ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ കണ്ടാല്‍

travel-srinagar
Image From Shutterstock
SHARE

ലോകത്തെ മറ്റൊരിടവുമായും താരതമ്യപ്പെടുത്താന്‍ പറ്റാത്തത്ര വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഇന്ത്യയില്‍ ഉള്ളത്. അതിനു മേല്‍ വിവിധ സംസ്കാരങ്ങളുടെ ഇഴചേരലുകള്‍ വിളിച്ചോതുന്ന നാനാത്വത്തിലെ ഏകത്വം കൂടിയാകുമ്പോള്‍ ഇത്രയും പെര്‍ഫെക്റ്റ് ആയ ഒരിടം ഈ ഭൂമിയില്‍ വേറെയില്ലെന്ന് തോന്നും. അതുകൊണ്ടുതന്നെയാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തിന്‌ ഇത്രയും സ്വീകാര്യത ഉള്ളതും. യാത്രകള്‍ ആസ്വദിക്കുന്ന സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. വിദേശരാജ്യങ്ങളുടെ തനിപ്പകര്‍പ്പെന്ന് തോന്നിക്കുന്ന ഇടങ്ങളുമുണ്ട് ഇന്ത്യയില്‍. അത്തരത്തിലുള്ള ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

ആലപ്പുഴ

കിഴക്കിന്‍റെ വെനീസ് എന്നാണ് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു ആലപ്പുഴയെ വിളിച്ചത്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ആലപ്പുഴക്ക് ആ പേരു നേടിക്കൊടുത്തത്. ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴയുടെ പ്രകൃതിഭംഗി ലോകപ്രശസ്തമാണ്. മലയോ കാടോ ഇല്ലാത്ത ആലപ്പുഴയില്‍ കടലും കായലും പറയുന്ന കഥകള്‍ എത്ര കേട്ടാലും കണ്ടാലും മതിവരില്ല.

1017900834
Image From Shutterstock

വിദേശസഞ്ചാരികള്‍ ഏറ്റവും കൂടുതലായി വന്നെത്തുന്ന ഇടങ്ങളില്‍ ഒന്നാണ് ആലപ്പുഴ. നെല്‍പ്പാടങ്ങള്‍ നിറഞ്ഞ കുട്ടനാടും പുരാതനമായ പാലങ്ങളും പാണ്ടികശാലകളും അമ്പലപ്പുഴയും ജൈനക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്നു. കായല്‍പ്പരപ്പില്‍ ഓളം തുള്ളുന്ന കെട്ടുവള്ളങ്ങളിലെ യാത്രയും മീന്‍രുചികളും ഒരിക്കല്‍ അനുഭവിച്ചവര്‍ ആരും മറക്കാനിടയില്ല.

കൂര്‍ഗ്

ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ് എന്നാണ് കൂര്‍ഗിനെ വിളിക്കുന്നത്. കാപ്പിത്തോട്ടങ്ങളും മലനിരകളില്‍ നിന്നൊഴുകി വരുന്ന പാല്‍മഞ്ഞും തണുപ്പും ഓറഞ്ചുതോട്ടങ്ങളുമെല്ലാം പകരുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല.

coorg

ഏഴു നിലകളായി ഒഴുകുന്ന അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളുള്ള ഗദ്ദിഗെ, ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട, നഗരക്കാഴ്ചകളുടെ വിദൂരദൃശ്യം ഒരുക്കുന്ന രാജാസീറ്റ്, വനത്തിലൂടെയുള്ള യാത്രയുടെ ആനന്ദം പകരുന്ന നിസർഗധാം, കുടകിലെ ഒരേയൊരു ജലസംഭരണിയായ ഹാരങ്കി ഡാം, വനം വകുപ്പിന്‍റെ ആനപരിശീലനകേന്ദ്രമായ ദുബാരെ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും അനുഭവങ്ങളുമുണ്ട് ഇവിടെ.

ശ്രീനഗര്‍

ആംസ്റ്റര്‍ഡാമിനോടാണ് ശ്രീനഗറിനെ ഉപമിക്കാറുള്ളത്. അവിടെ കാണുന്നതുപോലെ മനോഹരമായ ട്യൂലിപ് തോട്ടങ്ങളാണ് ശ്രീനഗറിന് ആ പേരു നേടിക്കൊടുത്തത്.

ഗുല്‍മാര്‍ഗ്

travel-gulmarg
Image From Shutterstock

രാത്രി കാലങ്ങളിൽ കൊടുംതണുപ്പുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള ഗുല്‍മാര്‍ഗ്. ഡിസംബറിൽ മഞ്ഞുവീഴ്ചയോടെ തുടങ്ങുന്ന ടൂറിസ്റ്റ് സീസണ്‍ ഏപ്രിൽ മാസം വരെ നിണ്ടു നിൽക്കുന്നു.

travel-gulmarg1
Image From Shutterstock

ഈ സമയത്ത് ടൂറിസ്റ്റുകളുടെ നിലക്കാത്ത ഒഴുക്കാണ് ഗുല്‍മാര്‍ഗിലേക്ക്. വെളുത്ത മഞ്ഞിന്‍ പുതപ്പണിഞ്ഞ ഹിമവാന്‍റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച കാണാവുന്ന ഗുല്‍മാര്‍ഗിനെ ഇന്ത്യയുടെ ആല്‍പ്സ് എന്നാണ് വിശേഷിപ്പിക്കുന്നത്.

കൊല്ലിമല

travel-Kolli-Hills

പൂര്‍വഘട്ടത്തിന്‍റെ ഭാഗമായ കൊല്ലിമല തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കൊടുംകാടിനു നടുവിലുള്ള ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. 

എഴുപതിലധികം വൻവളവുകളുള്ള ചെങ്കുത്തായ ഒരു ചുരം കയറിവേണം ഇവിടെയെത്താന്‍. ഏകദേശം രണ്ടുമണിക്കൂറോളം സമയമെടുക്കും ഇതു കയറാന്‍. ദുര്‍ഘടമായ ഈ പര്‍വതപാത കാരണം കൊല്ലിമലയെ റൊമേനിയയിലെ ട്രാന്‍സില്‍വേനിയ എന്നാണ് വിളിക്കുന്നത്.  

travel-Khajjiar
Image From Shutterstock

ഖജ്ജിയാര്‍

ഹിമാചല്‍‌പ്രദേശിലെ ചമ്പ ജില്ലയിലുള്ള ഖജ്ജിയാര്‍, മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ചുറ്റും മഞ്ഞു പുതച്ചു കിടക്കുന്ന ഹിമവാന്‍റെ കാഴ്ചകളും പാരാഗ്ലൈഡിങ് പോലെയുള്ള സാഹസികവിനോദങ്ങളും പൈന്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള ട്രെക്കിങ്ങുമെല്ലാം ഇവിടുത്തെ അവിസ്മരണീയമായ അനുഭവങ്ങളാണ്. 

English Summary: Places in India that Feel Like Europe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA