സ്വർണ പഗോഡ, കാട്ടിനുള്ളിലെ ബുദ്ധക്ഷേത്രം;ഇത് തായ്‌ലന്‍ഡിലെ കാഴ്ചയോ?

pagoda-thailand1
Image From Shutterstock
SHARE

തായ്‌ലന്‍ഡ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒട്ടനവധി ചിത്രങ്ങളുണ്ട്. ടൂറിസ്റ്റുകള്‍ നിറഞ്ഞ മനോഹരമായ ബീച്ചുകളും ബാറുകളും അവിടെ നിറഞ്ഞുപതഞ്ഞൊഴുകുന്ന പലവിധ ലഹരികളും ചൂതാട്ടകേന്ദ്രങ്ങളുമെല്ലാമാണ് ഇക്കൂട്ടത്തില്‍ ആദ്യംതന്നെ മനസ്സിലേക്ക് വരിക. എന്നാല്‍, ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മുഖം കൂടിയുണ്ട് തായ്‌ലാന്‍ഡിന്. തികച്ചും ശാന്തമായതും പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ചു വെച്ചിരിക്കുന്നതുമായ ഇത്തരം ഉള്ളിടങ്ങള്‍ കാണ്ടേണ്ട കാഴ്ച തന്നെയാണ്.

വടക്കന്‍ തായ്‌ലന്‍ഡിലെ ലാംപാങ്ങ് പ്രവിശ്യയില്‍ ഉള്ള ഒരു കൗണ്ടിയാണ് ചേ ഹോം. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേതു പോലെ, അത്രയധികം ടൂറിസ്റ്റുകള്‍ ഒന്നും എത്തിച്ചേരാത്ത ഒരിടമാണ് ലാംപാങ്ങ്. പ്രതിവര്‍ഷം വെറും ഒന്‍പതു ലക്ഷത്തിനടുത്ത് ടൂറിസ്റ്റുകള്‍ മാത്രമാണ് ഇവിടെ എത്തുന്നത് എന്നാണ് കണക്ക്. ഈയിടെയായി ഈ പ്രദേശത്തുള്ള ടൂറിസം വികസനത്തിനായി പരിശ്രമിക്കുകയാണ് പ്രാദേശിക സര്‍ക്കാര്‍. അതിന്‍റെ ഭാഗമായി, ഈ മേഖലയില്‍ അധികമാരും അറിയാതിരുന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

pagoda-thailand
Image From Shutterstock

ഇത്തരത്തില്‍, പ്രസിദ്ധിയാര്‍ജ്ജിച്ചു വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് വാട്ട് ഫ്രാ ബാറ്റ് ഫു ഫാ ദേങ് ബുദ്ധക്ഷേത്രം. ഡോയി ഫ്രാ ഭട്ട് പർവത നിരകളുടെ മുകളിൽ കാണുന്ന വെളുത്ത പഗോഡകളാണ് ഇവിടുത്തെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. അതിമനോഹരമായ ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനായി ഈയിടെ ധാരാളം സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു.

ഡോയി ഫ്രാ ഭട്ടിലെ മൃഗസംരക്ഷണ മേഖലയിലാണ് ഫ്രാ ബാറ്റ് ഫു ഫാ ദേങ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ മൂന്നു വ്യത്യസ്ത മേഖലകളായി തിരിച്ചിരിക്കുന്നു. ബുദ്ധമത സ്ഥാനാരോഹണ ചടങ്ങുകൾക്കും ആചാരപരമായ ചടങ്ങുകൾക്കും മറ്റുമായിപ്രത്യേകമായി നിര്‍മിച്ച ഒരു ഓര്‍ഡിനേഷന്‍ ഹാള്‍ ആണ് ആദ്യത്തെ ഇടം. സഞ്ചാരികള്‍ക്ക് ഇവിടെയുള്ള ബുദ്ധപ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാം.

ബുദ്ധന്‍റെ കാൽപ്പാടുകൾ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് രണ്ടാമത്തെ സോൺ. പ്രദേശവാസികള്‍ ഏറെക്കാലമായി വളരെയധികം ബഹുമാനത്തോടെയാണ് ഈ പ്രദേശത്തെ പരിഗണിക്കുന്നത്. കൊടും കാടും ഉയർന്ന പാറക്കെട്ടുകളും താണ്ടി വേണം ഇവിടേക്ക് എത്താന്‍.ഡോയ് ഫ്രാ ഭട്ട് പർവതശിഖരമാണ് മൂന്നാമത്തെ സോണ്‍. ഇവിടെ ഒരു ഗോള്‍ഡന്‍ പഗോഡയുണ്ട്. ബുദ്ധന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഇടത്ത് നിന്നും ഒരു കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്ക് ഉള്ളത്. ചുരുക്കിപ്പറഞ്ഞാല്‍, പര്‍വതങ്ങള്‍ക്കും പച്ചപ്പിനും ഇടയില്‍ ശാന്തമായി സ്ഥിതിചെയ്യുന്ന ഈയിടം, പ്രകൃതിസ്നേഹികളായ എല്ലാ സഞ്ചാരികള്‍ക്കും ഇഷ്ടപ്പെടും. 

ക്ഷേത്രപരിസരത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായാണ് ചെ സൺ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഇവിടവും സന്ദര്‍ശിക്കാം.

എങ്ങനെ എത്താം?

ലാംപാങ് പ്രവിശ്യയിലെ ചേ ഹോം കൗണ്ടിയിലാണ് വാട്ട് ഫ്രാ ബാറ്റ് ഫു ഫാ ദേങ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്താന്‍ ഹൈവേ നമ്പർ 1035 ലൂടെയാണ് യാത്ര ചെയ്യേണ്ടത്. ചേ ഹോമിന്‍റെ ഹൃദയഭാഗത്ത് നിന്ന് ഏകദേശം 1 കിലോമീറ്റർ പോയാൽ, ഇടത്തേക്ക് തിരിയാനുള്ള വഴി കാണാം. ഈ വഴി തിരിഞ്ഞ് മറ്റൊരു 200 മീറ്റർ മുന്നോട്ട് പോയാല്‍ ക്ഷേത്രം കാണാം. ഇനി, ഒറ്റക്ക് പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വിവിധ ട്രാവല്‍ ഏജന്‍സികളും പ്രാദേശിക വാടകക്കാര്‍ കമ്പനികളുമെല്ലാം സഞ്ചാരികള്‍ക്കായി ഇവിടേക്കുള്ള യാത്ര ഒരുക്കുന്നുണ്ട്. 

English Summary: Floating pagoda on peak of mountain Lampang Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS