ADVERTISEMENT

വ്യ‌ത്യസ്ത കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന നാടാണ് മ്യാൻമാർ. പതിനായിരത്തിലുമധികം വരുന്ന ബുദ്ധക്ഷേത്രങ്ങൾ മ്യാന്മറിന്റെ പ്രധാന ആകർഷണങ്ങൾ. സുവർണഭൂമി എന്ന പേരും ഇൗ രാജ്യത്തിന് സ്വന്തമാണ്. 

അദ്ഭുതം ഇൗ കാഴ്ച

ആദ്യ കാഴ്ചയിൽ തന്നെ അതിശയിപ്പിക്കുന്ന ഇടമാണ് മ്യാൻമാറിലെ  മോണ്‍ സ്‌റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ഗോള്‍ഡന്‍ റോക്ക്.  ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന വിനോദസഞ്ചാരകേന്ദ്രമാണ് ഗോൾഡൻ റോക്ക് ക്ഷേത്രം അഥവാ ക്യാക്റ്റിയോ പഗോഡ. മ്യാൻമറിലെ ഏറ്റവും വിശുദ്ധമായ മൂന്ന് ആരാധനാലയങ്ങളിൽ ഒന്നുകൂടിയാണ്. പര്‍വത അഗ്രത്തില്‍ സ്ഥിതിചെയ്യുന്ന ഭീമൻകല്ല് അദ്ഭുത കാഴ്ചയാണ്. പഗോഡയ്ക്ക് താഴെയായി ഒരു ചെറിയ പാറയുണ്ട് അതിന് താഴെയാണ് ഉയരത്തിൽ നിന്നും താഴേക്കു പതിക്കും എന്ന നിലയിലുള്ള ഭീമൻകല്ലിന്റെ നിൽപ്പ്. ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമായൊരിടമാണിവിടം. 

golden
Image from Shutterstock

സ്വർണത്താൽ പൊതിഞ്ഞ ഭീമൻകല്ല്

സമുദ്രനിരപ്പില്‍ നിന്ന് 3608 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 23 അടി ഉയരമുള്ള ഇൗ പഗോഡ ഭീമാകാരമായ ഒരു പാറയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അത് പൂര്‍ണമായും സ്വര്‍ണത്താല്‍ മൂടപ്പെട്ടതാണ്. പഗോഡയ്ക്ക് താഴെയുള്ള പാറയാണ് ശ്രദ്ധയാകര്‍ഷിക്കുന്ന വസ്തുത. ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ ആരാധിക്കുന്ന പ്രതിഷ്ഠകൂടിയാണീ ഗോള്‍ഡന്‍ റോക്ക്. 

golden-rock4
Image from Shutterstock

വിനോദസഞ്ചാരയിടവും തീർത്ഥാടന കേന്ദ്രവുമായ ഇവിടേയ്ക്ക് സ്ത്രീകൾക്ക് പ്രവേശനമുണ്ടെങ്കിൽ ഈ പാറയില്‍ തൊടാന്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ അനുവാദമുള്ളു. പാറയുടെ അടുത്തേയ്ക്കുള്ള പാലം വരെ സ്ത്രീകള്‍ക്ക് പോകാം. ഈയൊരു കാര്യമൊഴിച്ച് എല്ലാവര്‍ക്കും ഗോള്‍ഡന്‍ റോക്ക് ക്ഷേത്രവും മറ്റു കാഴ്ചകളും കണ്ടാസ്വദിക്കാം.

golden-rock3
Image from Shutterstock

കൂറ്റൻ സ്വർണപാറ നിലം പതിക്കാത്തത് എന്തുകൊണ്ട്?

ഈ ചോദ്യത്തിന് കൃത്യമായ ശാസ്ത്രീയവശമോ ഉത്തരമോ ഇല്ല. എന്നാൽ ഐതിഹ്യം പറയുന്നതുപോലെ, ബുദ്ധന്‍ ഏഷ്യന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. സന്ദര്‍ശനവേളയില്‍ ബുദ്ധന്‍ തായ്ക് താ എന്ന സന്യാസിയ്ക്ക് തന്റെ തലമുടിയിഴ നല്‍കി. ഈ സന്യാസി അത് അക്കാലത്തെ രാജാവിന് നല്‍കി. അമാനുഷിക ശക്തികളുണ്ടെന്ന് കരുതപ്പെടുന്ന രാജാവ് സന്യാസിയുടെ തലയുടെ ആകൃതിയോട് സാമ്യമുള്ള ഒരു പാറ കടലിനടിയില്‍ നിന്നും കണ്ടെത്തുകയും ബുദ്ധന്റെ മുടിയിഴയോടൊപ്പം കുന്നിന്‍മുകളില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മുടിയിഴകളാണത്രേ പാറയെ താഴേക്ക് വീഴാതെ താങ്ങിനിര്‍ത്തുന്നതെന്നാണ് വിശ്വാസം.

English Summary: The Mystery of Gravity: The Golden Rock of Myanmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com