പ്രേതസിനിമകളിലൊക്കെ കാണുന്നതു പോലെയുള്ള ഒരു ദ്വീപാണ് മെക്സിക്കോയിലെ എസ്റ്റാഡിയോ ആസ്ടെക്ക ഫുട്ബോൾ സ്റ്റേഡിയത്തിനടുത്തുള്ള ലാ ഇസ്‌ല ഡി ലാസ് മ്യൂനെകാസ് ദ്വീപ്. ‘പാവകളുടെ ദ്വീപ്’ എന്നാണ് ഇതിനർഥം. പേരുപോലെതന്നെ, ഈ ദ്വീപു മുഴുവന്‍ പല നിറത്തിലും വലുപ്പത്തിലുമുള്ള പാവകളാണ്. ഇവിടെയുള്ള മരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ചിലന്തിവലകളും പ്രാണികളും കൊണ്ട് പൊതിഞ്ഞ പാവകള്‍ തൂങ്ങിക്കിടക്കുന്നത് കാണാം, നിഗൂഢതയുണര്‍ത്തുന്ന ഈ ദ്വീപ് ഇന്ന് ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ്. പാവദ്വീപിനെപ്പറ്റി ഈ പ്രദേശത്ത് പ്രചരിക്കുന്ന കഥകളും ഐതിഹ്യങ്ങളുമുണ്ട്.
ഡോൺ ജൂലിയൻ സാന്റാന ബരേര എന്നു പേരുള്ള ഒരാളുടെ ഉടമസ്ഥതയിലായിരുന്നു ഈ ദ്വീപ്. 20 ാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കാനായി ബരേര ഈ ദ്വീപില്‍ എത്തി. അങ്ങനെയിരിക്കെ, ദ്വീപിനരികിലെ കനാലില്‍ ഒരിക്കല്‍ ഒരു പെണ്‍കുട്ടി മുങ്ങിമരിച്ചു. ആ കുട്ടിയുടെ മൃതദേഹം തീരത്തടിഞ്ഞതു മുതല്‍ പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ഭീതിയും ഭയവും ബരേരയെ വേട്ടയാടാന്‍ ആരംഭിച്ചു. "എനിക്ക് എന്‍റെ പാവയെ വേണം" എന്ന് നിലവിളിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് അയാള്‍ പല രാത്രികളിലും ഞെട്ടിയുണര്‍ന്നു. പെണ്‍കുട്ടിയുടെ ശരീരം കിട്ടിയ സ്ഥലത്തുനിന്നും ഒരു പാവയെയും കണ്ടെത്തിയിരുന്നു, അദ്ദേഹം ആ പാവയെ അടുത്തുള്ള മരത്തില്‍ തൂക്കിയിട്ടു. തുടര്‍ന്നുള്ള ദിനങ്ങളില്‍ വേറെയും നിരവധി പാവകള്‍ ശേഖരിക്കുകയും അവയെല്ലാം മരങ്ങളിലും മറ്റും തൂക്കിയിടുകയും ചെയ്തു.

പിന്നീട്, പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ട അതേ സ്ഥലത്തു തന്നെ ബരേരയെയും മരിച്ചതായി കണ്ടെത്തി എന്നത് യാദൃച്ഛികതയാവാം. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വിനോദസഞ്ചാരികൾ ദ്വീപിലേക്ക് ഒഴുകാൻ തുടങ്ങി. അവരും ധാരാളം പാവകള്‍ കൊണ്ടുവരികയും അവയെല്ലാം പലയിടത്തായി തൂക്കിയിടുകയും ചെയ്തു.
1943-ന് ശേഷം മെക്സിക്കൻ ചലച്ചിത്ര നിർമാതാവ് എമിലിയോ ഫെർണാണ്ടസ്, തന്‍റെ 'മരിയ കാൻഡലേറിയ' എന്ന ചിത്രം ദ്വീപില്‍ ചിത്രീകരിച്ചതോടെ ഈ സ്ഥലം പ്രശസ്തി നേടി. ദ് ഹഫിങ്ടൻ പോസ്റ്റ്, ട്രാവൽ ചാനൽ, എബിസി ന്യൂസ് എന്നിവയുൾപ്പെടെയുള്ള പ്രശസ്ത രാജ്യാന്തര മാധ്യമങ്ങളില്‍ ദ്വീപിനെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദ്വീപിലേക്ക് ധാരാളം സഞ്ചാരികള്‍ ഇപ്പോഴും എത്തുന്നു. ബോട്ടിലാണ് ഇവിടേക്കുള്ള യാത്ര. എംബാർകാഡെറോ ക്യൂമാൻകോയിൽനിന്ന് ഒന്നര മണിക്കൂര്‍ ആണ് ഇവിടേക്കുള്ള ദൂരം. മിക്ക ബോട്ടുകാരും സഞ്ചാരികളെ ഇവിടേക്ക് കൊണ്ടുപോകാന്‍ തയാറാണെങ്കിലും അന്ധവിശ്വാസങ്ങള്‍ മൂലം പോകാന്‍ മടിക്കുന്നവരുണ്ട്. ഈ യാത്രയില്‍ ഇക്കോളജിക്കൽ ഏരിയ, അജൊലോട്ട് മ്യൂസിയം, അപട്‌ലാക്കോ കനാൽ, ടെഷുയിലോ ലഗൂൺ, ലോറോണ ദ്വീപ് എന്നിവയും കാണാം.

നൂറുകണക്കിന് പാവകളെ കൂടാതെ, ദ്വീപിനെക്കുറിച്ചും മുൻ ഉടമയെക്കുറിച്ചും പ്രാദേശിക പത്രങ്ങളിൽ നിന്നുള്ള ചില ലേഖനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചെറിയ മ്യൂസിയവും ദ്വീപിലുണ്ട്. ഒരു സ്റ്റോറും മൂന്ന് മുറികളുമുണ്ട്, അതിലൊന്ന് ബരേര കിടപ്പുമുറിയായി ഉപയോഗിച്ചതായി പറയപ്പെടുന്നു. ബരേര ആദ്യമായി ശേഖരിച്ച പാവയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പാവയായ അഗസ്റ്റിനിറ്റയും ഈ മുറിയിലുണ്ട്.
ഇവിടെയെത്തുന്ന സഞ്ചാരികളില്‍ പലരും പാവകള്‍ക്ക് ചുറ്റും വഴിപാടുകൾ അർപ്പിക്കുന്നത് പതിവാണ്. മറ്റു ചിലരാവട്ടെ, പാവകളുടെ പഴയ വസ്തങ്ങള്‍ മാറ്റി പുതിയവ അണിയിക്കുന്നു. ഇങ്ങനെ ചെയ്‌താല്‍ നല്ലത് വരുമെന്നാണ് അവരുടെ വിശ്വാസം.
English Summary: Island of the Dolls Has a Murky and Terrifying History