ചെങ്കുത്തായ ആഴത്തിലേക്ക് ബൻജീ ചാട്ടം, സ്കൂബാഡൈവിങ്; ഇത് മാന്ത്രിക താഴ്‌വര

switzerland-trip3
SHARE

സൂം മീറ്റിങ്ങുകളും ക്ലബ്ഹൗസും ആയി വീട്ടിൽത്തന്നെ ചടഞ്ഞിരുന്ന് മടുത്തു. രണ്ട് ഡോസ് വാക്സീനും പുറമേ ബൂസ്റ്റർ എന്ന മൂന്നാമത്തേതുകൂടി കഴിഞ്ഞപ്പോൾ കുറേക്കാലമായി നിർത്തി വച്ചിരുന്ന യാത്രകൾ തുടരാൻ മോഹമായി. 

switzerland-trip9

ഇറ്റലിയുമായി അതിർത്തിയും ഭാഷയും പങ്കിടുന്ന സ്വിറ്റ്സർലൻഡിലെ തെക്കൻ സംസ്ഥാനമാണ് ടെസ്സിൻ. അവിടുത്തെ മനോഹരമായ വെർസാസ്ക താഴ്‌വരയും ബൻജി ജംപിങ്ങും വളരെ പ്രസിദ്ധമാണ്. അവിടെക്കുള്ള വഴിയോര കാഴ്ചകൾ തന്നെ അതിമനോഹരമാണ്. വളഞ്ഞും പുളഞ്ഞും നീളുന്ന മലമ്പാതകൾ, തുരങ്കങ്ങൾ, മജോറേ തടാകത്തിന്റെ കുളിർമയുള്ള ദൃശ്യങ്ങൾ, മലഞ്ചെരുവിൽ വരിവരിയായി നിൽക്കുന്ന മുന്തിരിത്തോട്ടങ്ങൾ.

switzerland1

മനം മയക്കുന്ന പ്രകൃതിയുടെ സൗന്ദര്യക്കാഴ്ചകൾ കണ്ടപ്പോൾ ചെറുപ്പത്തിലെന്നോ വിനോദയാത്രയ്ക്ക് പോയ കുട്ടിയായി മാറി. കണ്ടു തീരുന്നതിനു മുൻപേ പിന്നോട്ടു മറയുന്ന ദൃശ്യങ്ങളും തുരങ്കങ്ങളും കടന്ന് ഇടയ്ക്കിടയ്ക്ക് പെയ്യുന്ന ചാറ്റൽ മഴയിൽ നനഞ്ഞും, തണുത്ത കാറ്റിനൊപ്പം തുള്ളിച്ചാടിയും രാവിലെ താഴ്‌വരയിൽ എത്തിയപ്പോൾ അവിടെ വിനോദസഞ്ചാരികൾ വന്നു തുടങ്ങുന്നതേയുള്ളൂ.

switzerland-trip11

താഴ്‌വരയിലേക്ക് പോകുന്ന വഴിയിലാണ് വെർസാസ്കാ ഡാമുള്ളത്. അണക്കെട്ടിന്റെ മുകളിൽ നിന്നാണ് ബൻജി ജംപിങ് ചെയ്യുന്നത്. ജയിംസ് ബോണ്ടിന്റെ ഗോൾഡൻ ഐ (Golden eye) എന്ന ഒറ്റച്ചിത്രംകൊണ്ട് ലോകം മുഴുവൻ അറിയപ്പെടുന്ന അണക്കെട്ടാണ് വെർസാസ്ക. പ്രകൃതിദത്തമായ ചുറ്റുപാടും ബൻജി ചാട്ടവുമൊക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ഈ ഡാം സ്വിറ്റ്സർലൻഡിലെ നാലാമത്തെ വലിയ അണക്കെട്ടാണ്.

സാഹസികം ഇൗ ബൻജീ  ജംപിങ് 

നദികളുടെയോ ജലാശയങ്ങളുടെയോ മുകളിൽ വളരെ ഉയരത്തിൽനിന്ന്, കാലുകളിൽ ഇലാസ്തികതയുള്ള ചരട് കെട്ടി തലകീഴായി ചാടുന്നതിനെയാണ് ബൻജീ ജംപിങ് എന്നു പറയുന്നത്. ഗോൾഡൻ ഐ എന്ന സിനിമയിലെ ബോണ്ടിന്റെ ചാട്ടവും ചില രംഗങ്ങളും ഇവിടെ ചിത്രീകരിച്ചതു മുതലാണ് ഇവിടത്തെ ചാട്ടത്തിന് 007 ഗോൾഡൻ ഐ ബൻജീ ജംപിങ് എന്ന പേര് കിട്ടിയതും ഈ അണക്കെട്ട് ലോക പ്രസിദ്ധമായതും.

സാഹസികതയുടെ ഒരു പുത്തൻ അനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരിക്കലെങ്കിലും വെർസാസ്ക ഡാമിൽ പോകണം. അവിടത്തെ ഗോൾഡൻ ഐ ബൻജീ ജംപിങ്ങിലൂടെ 220 മീറ്റർ ചെങ്കുത്തായ ആഴത്തിലേക്ക് ജയിംസ് ബോണ്ടായി തലകീഴായി ചാടി പറക്കണം. 1961 ൽ നിർമാണം ആരംഭിച്ച ഡാം 1965 ൽ പ്രവർത്തനം ആരംഭിച്ചു.

switzerland-trip4

പത്തു കോടി അമ്പത് ലക്ഷം ക്യുബിക് മീറ്റർ ജലസംഭരണശേഷിയും 400 ഏക്കർ വിസ്തീർണവുമുള്ള ലാഗോ ഡി വഗോർണോ എന്ന കൃത്രിമ തടാകവും ഈ അണക്കെട്ടിന്റെ ഭാഗമാണ്.

മാന്ത്രിക താഴ്‌വര

സീസൺ ഏതായാലും, കാലാവസ്ഥ എന്തായാലും സ്വിറ്റ്സർലൻഡിന്റെ ഭൂപ്രകൃതി ദൃശ്യങ്ങൾ (Land scape) സഞ്ചാരികൾക്ക് മനോഹരവും ആകർഷവുമാണ്. ടെസ്സിൻ സംസ്ഥാനത്തിലെ ലൊക്കാർണോ ജില്ലയിൽ മരതക കാന്തിയിൽ മുങ്ങി കരളും മിഴിയും കവർന്ന് മിന്നി കാല്പനികതയും സാഹസികതയും സമ്മേളിക്കുന്ന മാന്ത്രിക താഴ്‌വരയാണ് വെർസാസ്ക താഴ്‌വര.

switzerland-trip7

2864 മീറ്റർ ഉയരമുള്ള പിസ്സോ ബറോൺ പർവത ഹിമാനികളിൽനിന്ന് ഉത്ഭവിച്ച് വെർസാസ്കയിലൂടെ ഒഴുകി ഇറ്റലിക്കും സ്വിറ്റ്സർലൻഡിനുമിടയിലുള്ള ലാഗോ മജോറേയിൽ ചെന്നു ചേരാൻ നദി എടുക്കുന്ന ദൂരം വെറും മുപ്പതു കിലോമീറ്റർ മാത്രം. ഇറ്റാലിയൻ ഭാഷയിൽ ലാഗോ എന്നാൽ തടാകം എന്നും മജോറേ എന്നാൽ മേജർ എന്നുമാണ് അർഥം. തെക്കൻ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ തടാകവും, ഇറ്റലിയിലെ രണ്ടാമത്തെ വലിയ തടാകവുമാണിത്.

switzerland-trip18

കാനനച്ഛായയിലെ പാറക്കെട്ടുകൾക്കിടയിലൂടെ പ്രകൃതിദത്തമായ സൗന്ദര്യത്തോടെ ഒഴുകുന്ന ഈ നദിയിലെ ജലത്തിന് നല്ല പച്ച നിറത്തിനൊപ്പം സുതാര്യതയുമുണ്ട്. അടിഭാഗം വരെ വെളിച്ചം എത്തുന്നതുകൊണ്ട് പുഴയുടെ അടിത്തട്ടിലുള്ള വർണ്ണാഭമായ കല്ലുകൾവരെ കരയിൽ നിന്നാൽ നമുക്ക് വളരെ തെളിമയോടെ കാണാം.

switzerland-trip13

ശുദ്ധജലം കണ്ടാൽ ആർക്കും ഒന്നു ചാടി കുളിക്കാൻ തോന്നും. പക്ഷേ ഏറ്റവും ചൂടുള്ള കാലാവസ്ഥയിൽ പോലും നദിയിലെ വെള്ളത്തിന്റെ താപനില പത്ത് ഡിഗ്രിയിൽ കൂടില്ല. മാത്രമല്ല വെള്ളത്തിനടിയിലെ ശക്തമായ അടിയൊഴുക്കുകൾ അപകടത്തിന് കാരണമാകാറുണ്ട്. പതിനഞ്ച് മീറ്ററാണ് നദിയിലെ ഏറ്റവും കൂടിയ ആഴം.

switzerland-trip132

കുളിക്കാൻ ഇറങ്ങുന്നവർക്കായി മുന്നറിയിപ്പ് ബോർഡുകൾ പുഴയുടെ തീരത്ത് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. വഴുതുന്ന പാറക്കല്ലുകളും ഐസു പോലെ തണുത്ത ജലവും പതിയിരിക്കുന്ന പ്രവാഹങ്ങളും ഉള്ളതുകൊണ്ട് അതീവ ജാഗ്രതയോടെ വേണം വെള്ളത്തിലിറങ്ങാനും കുളിക്കുവാനും.

സ്കൂബാ ഡൈവിങ്ങിന്റെ പറുദീസ

സ്കൂബാ ഡൈവിങ്ങുകാരുടെ പറുദീസയാണ് ഈ നദി. തെളിഞ്ഞ ജലമായതുകൊണ്ട് ഡൈവിങ്ങുകാർക്ക് ആഴത്തിൽനിന്ന് അതിശയകരമായ ചിത്രങ്ങൾ എടുക്കാൻ സാധിക്കും. ജലം ഇത്ര ശുദ്ധമായിരുന്നിട്ടും ഈ നദിയിൽ സസ്യജന്തുജാലങ്ങൾ അധികം ഇല്ലെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ജലത്തിന്റെ വർദ്ധിച്ച അസിഡിറ്റി കാരണമാണെന്ന് പറയുമ്പോൾ തന്നെ, 2009 ൽ നടത്തിയ പഠനങ്ങൾ പറയുന്നത് നദിയിലെ ജലത്തിന്റെ പിഎച്ച് മൂല്യം സാധാരണമാണെന്നാണ്. അപ്പോൾ നദിയിൽ സസ്യജന്തുജാലങ്ങൾ വാഴാത്തതെന്താണെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

switzerland-trip17

പുരാതന കാലത്തിന്റെ ഓർമകൾക്ക് നിറം പകരുന്ന ശില്പ ചാതുര്യത്തിന്റെ മകുടോദാഹരണങ്ങളായി പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കല്ലുപാലങ്ങൾ, കെട്ടിടങ്ങൾ എന്നിവ ഇന്നും കേടുകൂടാതെ ഇവിടെ നിലനിർത്തിയിരിക്കുന്നു. മരുഭൂമിക്കു നടുവിൽ തിളങ്ങുന്ന വലിയ ഒരു മരതകത്തെപ്പോലെയാണ് മലകൾക്കിടയിൽ മരതക കാന്തിയിൽ മുങ്ങിക്കുളിച്ച് മിന്നിത്തിളങ്ങുന്ന വെർസാസ്ക താഴ്‌വരയും.

switzerland-trip153

ഇത്ര മനോഹാരിതയോടെ തിളങ്ങുന്ന മറ്റൊരു മനോഹര താഴ്‌വര ഈ ഭൂലോകത്ത് വേറെയുണ്ടോയെന്നതും സംശയമാണ്. ഈ മലയടിവാരവും അവിടത്തെ പല വലിപ്പത്തിലും ആകൃതിയിലുമുള്ള വർണപ്പകിട്ടാർന്ന പാറകളും അതിലൂടെ കുണുങ്ങിക്കുണുങ്ങി ഒഴുകിക്കൊണ്ടിരിക്കുന്ന കുളിരുള്ള നദിയും ധാരാളം വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ട് അങ്ങനെ ഒഴുകികൊണ്ടേയിരിക്കുന്നു.

English Summary: Bungee Jumping at the Verzasca Dam in Locarno, Switzerland

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA