ADVERTISEMENT

അദ്ഭുതങ്ങൾ ഏറെയുണ്ട് നമുക്ക് ചുറ്റുമുള്ള ഭൂമിയിൽ. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ചെന്നാൽ അത്തരത്തിലൊരു വിസ്മയ കാഴ്ചയ്ക്കു സാക്ഷിയാകാം. വടക്കുപടിഞ്ഞാറൻ ഒസായൂസിലെ ഒകനാഗൻ താഴ്‌‌‌‌വരയിലാണ് ലോകത്തു മറ്റെങ്ങും കാണാൻ കഴിയാത്ത സവിശേഷ കാഴ്ചയുള്ളത്. പല നിറത്തിലുള്ള ചെറുകുളങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. വേനൽ കടുക്കുമ്പോൾ ഭൂരിഭാഗം ജലവും ബാഷ്പീകരിച്ചു പോകും. അപ്പോൾ പച്ച, മഞ്ഞ, നീല നിറത്തിലുള്ള നൂറുകണക്കിനു ചെറു കുളങ്ങൾ അവിടെ അവശേഷിക്കുന്നുണ്ടാകും. അതിമനോഹരമായ ഈ തടാകഭൂമി കാനഡയിലെ മായിക തീരമെന്നാണ് അറിയപ്പെടുന്നത്. 

തടാകത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ അടുത്തു നിന്നുള്ള തടാകക്കാഴ്ചകൾക്കു വിലക്കുണ്ട്. എന്നാൽ തടാകത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന ധാരാളം സ്ഥലങ്ങൾ പ്രധാന പാതയരികിൽ തന്നെയുണ്ട്. ഇൗ കാഴ്ച ആസ്വദിക്കുവാനായി നിരവധി സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.

നിറങ്ങൾക്കു പിന്നിൽ

പല നിറത്തിലുള്ള ജലം നിറഞ്ഞ കുളങ്ങൾക്കു പിന്നിലെ കാരണം എന്തായിരിക്കും? കാൽസ്യം, സോഡിയം സൾഫേറ്റ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവ ഉൾപ്പെടെയുള്ള ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുടെ ഫലമാണ് വർണ്ണാഭമായ കുളങ്ങൾ. സമീപത്തെ മലനിരകളിൽനിന്നു തടാകത്തിലേക്ക് ധാരാളം ധാതുക്കളും ഉപ്പും ഒലിച്ചിറങ്ങുന്നു. ധാതുക്കളുടെ സാന്ദ്രതയ്ക്കു അനുസരിച്ചാണ് ഓരോ കുളത്തിലെയും ജലത്തിന് വിവിധ നിറങ്ങൾ കൈവരുന്നത്. 

ബ്രിട്ടിഷ് കൊളംബിയ വിസിറ്റർ സെന്ററിന്റെ അഭിപ്രായപ്രകാരം ഒകനാഗിലെ തദ്ദേശവാസികൾ നൂറ്റാണ്ടുകളായി ഈ തടാകത്തിനെ ഒരു പുണ്യസ്ഥലമായാണ് കണക്കാക്കുന്നത്. തടാകത്തിലെ വൃത്താകൃതിയിലുള്ള ഓരോ കുളവും വ്യത്യസ്ത ഔഷധഗുണമുള്ളവയാണെന്നതുകൊണ്ടുതന്നെ വിവിധ രോഗങ്ങളിൽനിന്നു മുക്തി നൽകാൻ ഈ ജലത്തിനു കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. ആദ്യകാലങ്ങളിൽ ഈ തടാകത്തെ ക്ലിലുക് എന്നാണ് വിളിച്ചിരുന്നത്. 

വർഷങ്ങൾക്കു മുമ്പ് ഈ തടാകം ഉൾപ്പെടുന്ന ഭൂമി ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തായിരുന്നു. 2001 ലാണ് ഒകനാഗൻ നേഷൻ ഇതേറ്റെടുത്തത്. ഭൂമി വാങ്ങിയതിന് ശേഷം ഇവിടമൊരു സാംസ്‌കാരിക-പാരിസ്ഥിക കേന്ദ്രമായി കരുതി സംരക്ഷിച്ചു പോരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഈ തടാകത്തിലെ ധാതുക്കൾ ഉപയോഗിച്ചു വെടിമരുന്നു നിർമിച്ചിരുന്നു. ധാതുക്കൾ ശേഖരിച്ചുകൊണ്ടിരുന്ന തൊഴിലാളികൾക്ക് ദിവസവും ഒരു ടണ്ണോളം ഉപ്പും ഈ തടാകത്തിൽനിന്നു ലഭിച്ചിരുന്നു. 

English Summary: Magic Spotted Lake in British Columbia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com