മാസങ്ങളോളം സൂര്യന്‍ ഉദിക്കാത്ത നാട്; നോര്‍ത്തേണ്‍ ലൈറ്റ്സും മഞ്ഞും ആസ്വദിക്കാം

svalbard-travel
Image From svalbard official Site
SHARE

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുമലകള്‍... ഹിമാനികളും കണ്ണില്‍ തുളച്ചു കയറുന്ന വെളുത്ത പ്രകാശവും... ഒപ്പം, ഓര്‍ക്കാപ്പുറത്ത് എവിടെ നിന്നെങ്കിലും മുന്നിലേക്ക് കടന്നു വരുന്ന ഹിമക്കരടികളും! മാസങ്ങളോളം നീളുന്ന പകലുകള്‍, സൂര്യന്‍റെ തരി പ്രകാശം പോലുമില്ലാത്ത രാത്രിമാസങ്ങള്‍... പ്രകാശത്തിന്‍റെ ഉത്സവമേളമൊരുക്കുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ്... ഐസ് പാളികള്‍ കഥ പറയുന്ന ഈ നാടിന്‍റെ പേരാണ് സ്വാൽബാർഡ്.

ആർട്ടിക് സമുദ്രത്തിലുള്ള ഒരു നോർവീജിയൻ ദ്വീപ സമൂഹമാണ് സ്വാൽബാർഡ്. യൂറോപ്പിനു വടക്കായി നോർവേയ്ക്കും ഉത്തരധ്രുവത്തിനും ഇടയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. 74ഡിഗ്രി മുതൽ 81ഡിഗ്രി വരെ വടക്കു അക്ഷാംശത്തിനും 10 ഡിഗ്രി മുതൽ 35 ഡിഗ്രി കിഴക്കു രേഖാംശത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നതും ഏകദേശം 61,022 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നതുമായ ഈ പ്രദേശത്തിന്‍റെ അറുപതു ശതമാനത്തോളം ഭാഗം മഞ്ഞുമൂടിക്കിടക്കുന്നു. 

ലോങ്‌ഇയർബൈന്‍, ബാരന്റ്‌സ്ബർഗിലെ റഷ്യൻ സെറ്റില്‍മെന്‍റ്, നൈ-അലെസുണ്ടിലെ ഗവേഷണ കേന്ദ്രം, സ്വെഗ്രുവയിലെ ഖനന പ്രദേശം എന്നിവിടങ്ങളാണ് ഇവിടെ ജനവാസമുള്ള പ്രദേശങ്ങള്‍. ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളില്ല; പകരം സ്നോമൊബൈലുകൾ, വിമാനങ്ങൾ, ബോട്ടുകൾ എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കുന്നു.

svalbard-travel4
Image From svalbard official Site

ഉഷ്ണകാലത്തു 4 ഡിഗ്രി മുതൽ 6 ഡിഗ്രി വരെയും ശൈത്യകാലത്ത് -16 ഡിഗ്രി മുതൽ -12 ഡിഗ്രി വരെയുമാണ് ഇവിടുത്തെ പരമാവധി താപനില എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ ഇവിടെ എത്രത്തോളം തണുപ്പായിരിക്കുമെന്ന്. നോര്‍വീജിയന്‍ സര്‍ക്കാരിന്‍റെ ഭരണത്തില്‍ കീഴിലുള്ള ഈ പ്രദേശം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

മഞ്ഞിന്‍റെ ഋതുഭേദങ്ങള്‍

ഭൂമധ്യരേഖയോടടുത്തുള്ള പ്രദേശങ്ങളെപ്പോലെ വൈവിധ്യപൂര്‍ണ്ണമല്ലെങ്കിലും ഋതുക്കളുടെ വകഭേദങ്ങള്‍ സ്വാല്‍ബാര്‍ഡ്‌ പ്രദേശത്തും കടന്നു വരുന്നു. 

മെയ് മുതല്‍ സെപ്റ്റംബർ വരെ പാതിരാസൂര്യന്‍റെ കാലമാണ്. ധ്രുവ വേനൽക്കാലം എന്നാണ് ഇതിനെ വിളിക്കുന്നത്. സൂര്യന്‍റെ അരുണകിരണങ്ങള്‍ പതിച്ച്, അനന്തതയോളം നീണ്ടുകിടക്കുന്ന ഹിമപ്പാടങ്ങള്‍ സന്തോഷത്തിന്‍റെ ചുവപ്പണിയുന്ന സമയമാണിത്. ഈ സമയത്ത് ധാരാളം ദേശാടനപ്പക്ഷികള്‍ വന്നെത്തുന്നു. വെയിലേറ്റു മഞ്ഞുരുകിയ പര്‍വതപ്രദേശങ്ങളിലേക്ക് സഞ്ചാരികള്‍ ട്രെക്കിങ് നടത്താറുണ്ട്. 

svalbard-travel2
Image From svalbard official Site

ഒക്ടോബർ അവസാനത്തോടെ സൂര്യന്‍ പതിയെ വിട വാങ്ങുന്നു. ലോകപ്രശസ്തമായ നോർത്തേൺ ലൈറ്റ്സിന്‍റെ കാലമാണ് ഫെബ്രുവരി വരെ. അന്ധകാരത്തിന്‍റെ മാസങ്ങളായ ഇവ 'പോളാര്‍ നൈറ്റ്' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തെ നഗര സമൂഹമായ ലോങ്‌ഇയർബൈനിലെ ജനത, ഈ സമയം കൂടിച്ചേരലുകളും ചെറിയ ഉത്സവങ്ങളുമെല്ലാമായി ചിലവഴിക്കുന്നു. പബ്ബുകളിലും റെസ്റ്റോറന്റുകളിലും എക്സിബിഷനുകളിലുമെല്ലാം ആളുകള്‍ ഒത്തുചേരുന്നു. 

Svalbard

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സണ്ണി വിന്‍റര്‍ സമയത്ത് വീണ്ടും സൂര്യനുദിക്കുന്നു. നീലാകാശവും മഞ്ഞുമൂടിയ പർവതശിഖരങ്ങളും സൂര്യന്‍റെ ഈ തിരിച്ചുവരവിന് പശ്ചാത്തലമൊരുക്കുന്നു, സൂര്യകിരണങ്ങൾ നീല നിറത്തെ പിങ്ക് നിറമാക്കുന്നു. ഈ പ്രതിഭാസത്തെ പ്രദേശവാസികള്‍ "നീല വെളിച്ചം" എന്ന് വിളിക്കുന്നു. ടൂറിസ്റ്റുകള്‍ക്കായുള്ള ഔട്ട്‌ഡോര്‍ ആക്റ്റിവിറ്റികള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഈ സമയത്താണ്.

മഞ്ഞില്‍ മുങ്ങാം

വിനോദസഞ്ചാരികള്‍ക്കായി നിരവധി സാഹസികപ്രവര്‍ത്തനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വാല്‍ബാര്‍ഡ്‌ ചുറ്റിക്കാണാനും ഇവിടെ ജീവിക്കുന്ന ആളുകളുടെ ജീവിതരീതി മനസിലാക്കാനും അവസരമൊരുക്കുന്ന ടൂര്‍ പ്രോഗ്രാമുകള്‍ നടത്തുന്ന ഓപ്പറേറ്റര്‍മാര്‍ ഇവിടെ സജീവമാണ്. കൂടാതെ, സ്കീയിംഗ്, കയാക്കിംഗ്, ഡോഗ് സ്ലെഡിംഗ്, സ്നോമൊബീല്‍, ബോട്ടിംഗ്, ബൈക്കിഹഅ, ബ്രൂവറി സന്ദർശനം, സഫാരി, ഫിഷിഹഅ എന്നിവയും മഞ്ഞിലൂടെ ദിവസങ്ങള്‍ നീളുന്ന ട്രെക്കിംഗുമെല്ലാമുണ്ട്.

ഓര്‍ക്കാപ്പുറത്തെത്തുന്ന ഭീകരന്മാര്‍!‌

സ്വാല്‍ബാര്‍ഡിന്‍റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ് ധ്രുവക്കരടികള്‍. ഇവിടെ ഏതാണ്ട് 3000 ധ്രുവ കരടികൾ ഉണ്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയും ഏകദേശം അത്രത്തോളം തന്നെയാണ് എന്നറിയുമ്പോഴാണ് ഈ വസ്തുത കൗതുകകരമാകുന്നത്! ലോകത്തു തന്നെ ഹിമക്കരടികളുടെ പ്രജനനം ഏറ്റവും കൂടുതല്‍ നടക്കുന്ന ഇടങ്ങളിലൊന്നാണ് സ്വാല്‍ബാര്‍ഡിലെ കോങ്ങ് കൾസ് പ്രദേശം.

svalbard-travel1
Image From svalbard official Site

എങ്ങനെ എത്താം?

നോർവീജിയൻ, എസ്എഎസ് എയർലൈൻസ് ഫ്ലൈറ്റുകൾ സ്വാൽബാർഡിലുള്ള വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രാജ്യാന്തര യാത്രക്കാര്‍ ആദ്യം നോര്‍വേയില്‍ എത്തിയ ശേഷം അവിടെ നിന്നും മറ്റൊരു ഡൊമസ്റ്റിക് ഫ്ലൈറ്റില്‍ വേണം ഇവിടേക്ക് യാത്ര ചെയ്യാന്‍. ഷെങ്കന്‍ ഏരിയയ്ക്ക് പുറത്തായതിനാല്‍ യൂറോപ്പ് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകം പെര്‍മിഷന്‍ എടുത്ത ശേഷം മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാവൂ. 

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് യാത്രാനിയന്ത്രണങ്ങളുമുണ്ട്. പൂർണ്ണമായി വാക്സിനേഷൻ എടുത്തവർ ഉൾപ്പെടെയുള്ള യാത്രക്കാര്‍, 24 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sysselmesteren.no/en/ എന്ന വെബ്സൈറ്റ് കാണുക.

English Summary: Experience the northern lights in Svalbard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA