ജനാല തുറന്നാല്‍ നഗരം കാണാം, സൂപ്പർഹിറ്റായി അദ്ഭുതങ്ങൾ ഒളിപ്പിച്ച ചൈനീസ് പട്ടണം

fairyland
Image From Youtube
SHARE

ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലുള്ള ഷാങ്‌ഗ്രാവോ, അതിമനോഹരമായ ഒരു കൊച്ചുപട്ടണമാണ്. ടൂറിസത്തിനു വേണ്ട എല്ലാ ചേരുവകളും ഇവിടെയുണ്ട്. ചൈനയിലെ ഏറ്റവും മനോഹരമായ ഗ്രാമമായ വുയാനും യാങ്‌സി നദിയുടെ തെക്കു ഭാഗത്തുള്ള  സാൻക്വിംഗ് പർവതവും ലോകപ്രശസ്ത ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒന്നായ സിസിയാൻ ഗ്രാമവുമെല്ലാം ഇവിടെയാണ്‌. എന്നാല്‍, ഇപ്പോള്‍ ഷാങ്‌ഗ്രാവോയിലെ ഏറ്റവും ജനപ്രിയ ആകർഷണ കേന്ദ്രം ഇവയൊന്നുമല്ല, ഷാങ്‌ഗ്രാവോ വാങ്‌സിയാൻ എന്ന പട്ടണമാണ് അത്.

ഷാങ്‌ഗ്രാവോയിലുള്ള ഗ്വാങ്‌സിൻ ജില്ലയിലെ വാങ്‌സിയാൻ ടൗൺഷിപ്പിലാണ് ഷാങ്‌ഗ്രാവോ വാങ്‌സിയാൻ. ഷാങ്‌ഗ്രാവോ നഗരത്തിൽനിന്ന് 50 കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. എത്തിച്ചേരാന്‍ നല്ല റോഡുകളുമുണ്ട്.

പ്രാദേശിക ഭൂപ്രകൃതിയെയും പരിസ്ഥിതിയെയും അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ഈ പട്ടണം. ഒരുകാലത്ത് അതിദരിദ്രവും ആരാലും ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു ചെറിയ താഴ്‌വരയായിരുന്നു ഇത്. 2.8 ബില്യൻ യുവാൻ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഇവിടം ഒരു മനോഹര നഗരമായി മാറ്റിയെടുത്തത്. 6.1 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ പാറക്കെട്ടുകളും ജലാശയങ്ങളും പുരാതന നഗര കെട്ടിടങ്ങളുമെല്ലാം നിറഞ്ഞ ഈ പ്രദേശം ഇപ്പോള്‍ വീക്കെന്‍ഡ് യാത്രകള്‍ക്ക് ഏറ്റവും മികച്ച ഇടമാണ്. 

ഒരു പുരാതന പട്ടണത്തെ അനുകരിച്ച് മലയിടുക്കിൽ നിർമിച്ച പ്രദേശമാണ് വാങ്‌സിയാൻ താഴ്‌വരയുടെ പ്രധാന ഭാഗം. ഇവിടെയുള്ള തെരുവുകളും കെട്ടിടങ്ങളും ഉൾപ്പെടെ എല്ലാം പുരാതനമായ ഏതോ പട്ടണത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. എന്നാല്‍ ഇവയില്‍ ഒന്നുപോലും പഴയ കെട്ടിടങ്ങളല്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം!

രാത്രി കാഴ്ച അതിഗംഭീരം

രാത്രികളില്‍ ഈ ഭാഗത്തെ കാഴ്ച അതിസുന്ദരമാണ്. ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊട്ടിവീണതുപോലെ, കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ദീപാലങ്കാരങ്ങള്‍ മറക്കാനാവാത്ത കാഴ്ചയാണ്. താഴ്‌വരപ്രദേശമായതിനാല്‍ സദാ മന്ദമാരുതന്‍ വീശിക്കൊണ്ടിരിക്കും. വേനൽക്കാലത്ത് നിരവധി സഞ്ചാരികള്‍ ഇവിടേക്കെത്തുന്നു. സഞ്ചാരികള്‍ക്കായി നിരവധി ഹോംസ്റ്റേകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. പാറക്കെട്ടുകളിലെ ക്ലിഫ് ഹോംസ്റ്റേകള്‍ ഏറെ സവിശേഷമാണ്. ജാലകം തുറന്നാല്‍ നഗരം മുഴുവന്‍ കാണാനാവുന്ന രീതിയില്‍ ഉയരത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളാണ് ഇവ. 

രാജ്യത്തെ ഏറ്റവും വലിയ കൃത്രിമ വെള്ളച്ചാട്ടങ്ങളുടെ കൂട്ടമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. വാങ്‌സിയാൻ താഴ്‌വരയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ കണ്ണിനു കുളിരേകുന്ന കാഴ്ചയാണ്. നിരവധി അരുവികളും ജലാശയങ്ങളും ഉള്ളതിനാല്‍ മൗണ്ടൻ റാഫ്റ്റിങ് പോലുള്ള വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പുരാതനമായ കെട്ടിടങ്ങള്‍ സാധാരണയായി എല്ലാ വിഭാഗം സഞ്ചാരികള്‍ക്കും അത്രത്തോളം ഇഷ്ടപ്പെടണം എന്നില്ല. എന്നാല്‍, വാങ്‌സിയാൻ താഴ്‌വര ഇക്കാര്യത്തില്‍ സൂപ്പര്‍ഹിറ്റാണ്! ഇവിടെനിന്നുള്ള ദീപാലങ്കാരങ്ങളും രാത്രികളുടെ ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ വൈറലാണ്. അതുകൊണ്ടുതന്നെ, മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ട ഏതോ പുരാതനപട്ടണത്തിന്‍റെ ചാരുതയുള്ള ഇവിടേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു സഞ്ചാരികള്‍ എത്തുന്നു.

English Summary: The ancient town of Shangrao like the beauty of the fairy sword

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA