ADVERTISEMENT

ഇന്തൊനീഷ്യയിൽ ദക്ഷിണ സുലവേസിയിലെ മലയോര പ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമ ഗോത്രവർഗമാണ് ടൊറാജ. പുരാതനകാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി പിന്തുടരുന്നവരാണ് ഇക്കൂട്ടര്‍. പ്രത്യേകതരം ജീവിതരീതിയും വേഷവിധാനങ്ങളും പ്രത്യേക വാസ്തുവിദ്യാരീതിയും വർണ്ണാഭമായ മരംകൊത്തുപണികളുമെല്ലാം ഇവരുടെ സവിശേഷതകളില്‍പ്പെടുന്നു. എന്നാല്‍ ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇവയൊന്നുമല്ല, ഇവിടെ മരിച്ചവര്‍ക്ക് മരണമില്ല, പിന്നെയും വര്‍ഷങ്ങളോളം അവര്‍ 'എഴുന്നേറ്റു നടക്കും'!

പ്രിയപ്പെട്ടവര്‍ മരിച്ചുപോയാല്‍ അവരെ അത്ര വേഗമൊന്നും പറഞ്ഞയയ്ക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. അവരെ സംബന്ധിച്ചിടത്തോളം മരണം ഒരു ആത്മീയ യാത്രയുടെ ഭാഗമാണ്. ശവസംസ്കാരം അവർക്കിടയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ശവസംസ്കാരച്ചടങ്ങുകൾ ദിവസങ്ങളോളം നീണ്ടു നിൽക്കും. ഈ ചടങ്ങില്‍ എരുമകളുടെയും പന്നികളുടെയും ബലിയും ഉൾപ്പെടുന്നു. 

toraja-indonesia1
Image From Shutterstock

ഏറെ ചിലവേറിയതാണ് സംസ്കാരം എന്നതിനാല്‍ ബന്ധുക്കള്‍ക്ക്, മരണം നടന്നയുടനെ തന്നെ ചടങ്ങുകള്‍ നടത്താന്‍ കഴിയണമെന്നില്ല. ആചാരപ്രകാരമുള്ള ശവസംസ്കാരം നടത്താനുള്ള പണം സ്വരൂപിക്കാന്‍ കഴിയുന്നതുവരെ ഈ മൃതദേഹങ്ങൾ വീട്ടിലെ ഒരു പ്രത്യേക മുറിയിൽ സൂക്ഷിക്കുന്നു. സംസ്കാര ചടങ്ങ് നടക്കുന്നതു വരെ, മരിച്ചവരുടെ ആത്മാവ് ലോകത്ത് നിലനിൽക്കുന്നതായി അവര്‍ വിശ്വസിക്കുന്നു. അതിനുശേഷം, ആത്മാക്കളുടെ നാടായ പൂയയിലേക്കുള്ള യാത്ര ആരംഭിക്കും. അതുകൊണ്ടുതന്നെ വീടിനുള്ളില്‍ സൂക്ഷിക്കുന്നിടത്തോളം, മരിച്ചയാൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുക എന്നതും ഒരു ചടങ്ങാണ്!

ടൂറിസം വളരുന്നു

1990 കളിൽ ടാന ടൊറാജ പ്രദേശത്ത് ടൂറിസം ഗണ്യമായ രീതിയില്‍ കൂടി. ഇക്കാലം മുതല്‍, ടൊറാജ ഗോത്രക്കാരുടെ ജീവിതരീതിയില്‍ കാര്യമായ മാറ്റങ്ങളും വന്നു തുടങ്ങി. അവരുടെ മതാചാരങ്ങളിലും മതവിശ്വാസങ്ങളിലും സാമൂഹ്യ ജീവിതത്തിലും മാറ്റങ്ങൾ കണ്ടുതുടങ്ങി.

toraja-indonesia2
Image From Shutterstock

ഇന്നിവിടെ ടൂറിസം തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രദേശമായി മാറിക്കഴിഞ്ഞു. പല കുടുംബങ്ങളും തങ്ങളുടെ സ്വകാര്യജീവിതത്തിലേക്കും പരമ്പരാഗത ചടങ്ങുകളിലേക്കും വിനോദസഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ 'മനൈൻ'  പോലുള്ള ആചാരങ്ങളുടെ ഷെഡ്യൂൾ പ്രാദേശിക സർക്കാരിന്‍റെ ടൂറിസം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാറുമുണ്ട്. 

വിചിത്രം ഇൗ ആചാരം

ടൊറാജക്കാരുടെ "റാംബു സോളോ" എന്ന പേരില്‍ അറിയപ്പെടുന്ന ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, ഈ മൃതദേഹങ്ങള്‍ ഒടുവിൽ ശവകുടീരങ്ങളിൽ അടക്കം ചെയ്യുന്നു. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവര്‍ മമ്മിയാക്കി സൂക്ഷിക്കുന്നു. 

എന്നാല്‍, അതുകൊണ്ടൊന്നും തീര്‍ന്നില്ല, വർഷം തോറും ഇവിടെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കും. അവയിലെ പ്രാണികളെയും പൊടിപടലങ്ങളുമെല്ലാം വൃത്തിയാക്കി, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അണിയിച്ച് തെരുവുകളിലൂടെ ആഘോഷമായി എഴുന്നള്ളിക്കുന്നു. 'മനൈൻ' എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മൃതദേഹങ്ങൾ പോലും ഇങ്ങനെ പുറത്തെടുക്കാറുണ്ട്.

toraja-indonesia4
Image From Shutterstock

ഈജിപ്തിലെ മമ്മികളിലേതു പോലെ, മൃതദേഹം കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനായി ടൊറാജക്കാർക്ക് പ്രത്യേക എംബാം ടെക്നിക്കുകള്‍ ഉണ്ട്. മരിച്ചവരോടുള്ള സ്നേഹവും ബഹുമാനവും ആദരവും പ്രകടിപ്പിക്കുകയാണ് ഈ ആചാരത്തിനു പിന്നിലുള്ള ലക്ഷ്യം. എഴുന്നള്ളിപ്പിന് ശേഷം ഈ മൃതദേഹങ്ങള്‍ തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരികയും കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് അവയോടൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്‌താല്‍ കുടുംബത്തില്‍ ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. 

ഇങ്ങനെ അടക്കംചെയ്യുന്ന പെട്ടികളില്‍, മരണപ്പെട്ട ആളിന്‍റെ ബന്ധുക്കള്‍ വിവിധ സമ്മാനങ്ങള്‍ ഇടാറുണ്ട്. വിലപ്പെട്ട പല വസ്തുക്കളും ഇക്കൂട്ടത്തില്‍ ഉള്ളതിനാല്‍ ഇവയില്‍ പലതും കാലക്രമേണ മോഷണം പോകുന്നതും പതിവാണ്.

ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ടൊറോജ വർഗ്ഗക്കാർ അവര്‍ക്ക് സ്വയം ഭരണമുള്ള പ്രദേശത്തായിരുന്നു വസിച്ചിരുന്നത്. ആദിമകാലം മുതല്‍ക്കേ പൂര്‍വികര്‍ അനുഷ്ഠിച്ചുവന്നിരുന്ന മതാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്നിരുന്ന ഇവർക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. പിന്നീട്, 1970- കളിൽ ഇവര്‍ വസിക്കുന്ന പ്രദേശത്തേക്ക് പുറംലോകത്തെ ആളുകൾക്ക് പ്രവേശനം സാധ്യമായി തുടങ്ങുകയും ഇവിടം ഇന്തൊനീഷ്യൻ ടൂറിസത്തിന്‍റെ പ്രധാനഭാഗമായി മാറി.

English Summary: Mummy festival in Toraja Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com