ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാം, ഈ മനോഹര രാജ്യങ്ങളിലേക്ക്

travel-1
SHARE

ഇന്‍റര്‍നാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്‍റെ (IATA) എക്സ്ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022-ല്‍ പാസ്‌പോർട്ട് റാങ്കിങ് നിലവാരം ഇന്ത്യ മെച്ചപ്പെടുത്തി. ഇത് പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ ഈ വര്‍ഷം കൂട്ടിച്ചേര്‍ത്ത, ഒമാൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 60 രാജ്യങ്ങള്‍ വീസയില്ലാതെ സന്ദർശിക്കാം. വര്‍ഷം തോറും കൂടുതല്‍ രാജ്യങ്ങള്‍ വീസയില്ലാതെ തന്നെ ഇന്ത്യന്‍ യാത്രക്കാരെ സ്വീകരിക്കുന്നു എന്നത് രാജ്യത്തിന്‍റെ സ്വീകാര്യത കൂടുന്നതിന്‍റെ വ്യക്തമായ തെളിവാണ്.

കഴിഞ്ഞ വർഷത്തെ 90-ാം സ്ഥാനത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനങ്ങൾ ഉയർന്ന് ഇക്കുറി ഇന്ത്യ 83-ാം സ്ഥാനത്തെത്തി. മധ്യ ആഫ്രിക്കയിലെ സാവോ ടോമും പ്രിൻസിപ്പുമായി ഇന്ത്യ ഈ സ്ഥാനം പങ്കിടുന്നു. 2006 മുതലുള്ള കണക്കനുസരിച്ച് 35 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്ക് വീസ ഫ്രീ പ്രവേശനം അധികമായി ലഭിച്ചിട്ടുള്ളത്. ഭൂട്ടാൻ,ഡൊമിനിക്ക,ഹോങ്കോങ്, മാലദ്വീപ്,നേപ്പാള്‍, ന്യൂ െഎലൻഡ്, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, സമോവ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലും വീസ ഫ്രീയായി യാത്ര നടത്താം.

ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വീസ ഫ്രീയായി യാത്ര ചെയ്യാനാവുന്ന ചില മനോഹര ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടാം.

ബാർബഡോസ്

അറ്റ്ലാന്റിക് സമുദ്രത്തില്‍ തെക്കൻ കരീബിയൻ പ്രദേശത്താണ് ബാർബഡോസ് എന്ന ദ്വീപുരാജ്യം സ്ഥിതി ചെയ്യുന്നത്. ബീച്ചുകളും കടല്‍വിനോദങ്ങളുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ മികച്ച ഒരു അനുഭവമായിരിക്കും ഇവിടേക്കുള്ള യാത്ര. 

visa-free-1

ഫോട്ടോ ഷൂട്ടിനും ലോംഗ് ഡ്രൈവിനും അനുയോജ്യമായ ബീച്ചുകളും സർഫിങ്, സ്നോർക്കെലിങ് മുതലായ സമുദ്രവിനോദങ്ങളുമെല്ലാം ആസ്വദിക്കാം. വളരെ സജീവമായ നൈറ്റ് ലൈഫ് ആണ് ബാര്‍ബഡോസില്‍ ഉള്ളത്. രുചിയൂറുന്ന കരീബിയന്‍ വിഭവങ്ങളാണ് മറ്റൊരു സവിശേഷത. ലോകത്ത് മറ്റെവിടെയും കിട്ടാത്തത്ര രുചികള്‍ ഇവിടെയുണ്ട്. 

ഗ്രനേഡ

കരീബിയൻ കടലിലെ മറ്റൊരു ദ്വീപ് രാജ്യമായ ഗ്രനേഡയും വിനോദസഞ്ചാരത്തിന് പേരുകേട്ടതാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണെങ്കിലും ഗ്രനേഡയില്‍ സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാമുണ്ട്. ഗ്രനേഡയുടെ സമ്പദ്‌വ്യവസ്ഥയുടെ മുഖ്യഘടകം കൂടിയാണ് ടൂറിസം. സെന്റ് ജോർജ്ജ്, വിമാനത്താവളം, തീരപ്രദേശം എന്നിവയ്ക്ക് ചുറ്റുമുള്ള തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ഇവിടെ പ്രധാനമായും ടൂറിസം പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. 

visa-free

ഇക്കോടൂറിസത്തിന് വളരെയധികം പ്രാധാന്യമുണ്ട്, ധാരാളം പരിസ്ഥിതി സൗഹൃദ ഗസ്റ്റ് ഹൗസുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ ഗ്രാൻഡ് ആൻസ് ബീച്ച്, അന്നൻഡേൽ, മൗണ്ട് കാർമൽ, കോൺകോർഡ്, സെവൻ സിസ്‌റ്റേഴ്‌സ്, ടഫ്‌ടൺ ഹാൾ മുതലായ വെള്ളച്ചാട്ടങ്ങളും ഗ്രനേഡയിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്. 

സെര്‍ബിയ

തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു സ്വതന്ത്രരാജ്യമാണ് സെര്‍ബിയ. ഹോട്ടൽ ബുക്കിംഗും ട്രാവൽ ഇൻഷുറൻസിന്‍റെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രമുപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യാം. പർവതങ്ങളിലും സ്പാകളിലുമാണ് ഇവിടുത്തെ വിനോദസഞ്ചാരമേഖല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

Serbia

സാവ, ഡാന്യൂബ് നദികളുടെ സംഗമസ്ഥാനമായ സെര്‍ബിയയിലെ രാത്രി ജീവിതം ആകര്‍ഷണീയമാണ്. വൈനറികളും പുരാതന ശൈലിയിലുള്ള കെട്ടിടങ്ങളുമെല്ലാം മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്. എക്സിറ്റ്, ഗുക ട്രംപെറ്റ് ഫെസ്റ്റിവൽ എന്നിവ പോലെയുള്ള അന്താരാഷ്ട്ര പ്രശസ്തമായ നിരവധി സംഗീതോത്സവങ്ങളും സെർബിയയിൽ നടക്കുന്നു.

മൗറീഷ്യസ്

ഇന്ത്യൻ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന മൗറീഷ്യസിലെ മൊത്തം ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം പേര്‍ ഇന്ത്യന്‍ വംശജരാണ്. പ്രകൃതിസൗന്ദര്യവും ജൈവവൈവിധ്യവും ആവോളമുള്ള ഈ കൊച്ചു ദ്വീപുരാഷ്ട്രം, നദികളാല്‍ സമുദ്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത് എന്ന് പറയപ്പെടുന്നു. ലോകത്തെമ്പാടുമുള്ള ബീച്ച് പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യമാണിത്. 

മോണ്ട്സെറാത്ത്

കരീബിയൻ പ്രദേശത്തെ ഒരു ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി (BOT) ആണ് മോണ്ട്സെറാത്ത്. പര്‍വ്വതങ്ങളും വനങ്ങളുമെല്ലാം നിറഞ്ഞ അതിമനോഹരമായ ഈ ദ്വീപില്‍ സജീവ അഗ്നിപര്‍വ്വതങ്ങള്‍ ധാരാളമുണ്ട്.  1990 കളുടെ അവസാനത്തിൽ നടന്ന സൗഫ്രിയർ ഹിൽസ് അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഉണ്ടായ നൂറുകണക്കിന് തുടർച്ചയായ പൊട്ടിത്തെറികൾ ഈ കുഞ്ഞുദ്വീപിനെ തകർത്തിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരികയാണ് ഈ പ്രദേശം. 

mauritius-trip

വിനോദസഞ്ചാരികളും ധാരാളം എത്തുന്നു. തങ്ങളുടെ ജീവിതം നശിപ്പിച്ച അഗ്നിപർവ്വതങ്ങളെ അവര്‍ ടൂറിസത്തിലൂടെ വരുമാന സ്രോതസായി ഉപയോഗിക്കുന്നു. അഗ്നിപര്‍വ്വത പ്രദേശങ്ങളിലെ ഹൈക്കിങ്ങും പക്ഷി നിരീക്ഷണവുമെല്ലാം ഇവിടുത്തെ ജനപ്രിയ ടൂറിസ്റ്റ് ആക്ടിവിറ്റികളാണ്. സമുദ്രവിനോദങ്ങളും ഇവിടെ സജീവമാണ്.

സെനഗല്‍

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അറ്റ്ലാന്റിക് മഹാസമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന സെനഗലും ഇന്ത്യക്കാരെ വീസയില്ലാതെ സ്വാഗതംചെയ്യുന്നു. ഇവിടത്തെ ദേശീയോദ്യാനങ്ങളും കൊളോണിയല്‍ കാലത്തെ വാസ്തുശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും ഗ്രാമപ്രദേശങ്ങളുമെല്ലാം ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയങ്കരമാണ്. 

 English Summary: Indians can now travel 60 countries visa-free

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline