ഒരിക്കലെങ്കിലും കാണണം ഈ കാഴ്ച; കല്ലില്‍ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ!

giant-buddha4
Image from Shutterstock
SHARE

ലോകപ്രസിദ്ധമായ ഒട്ടനവധി മനോഹര ശില്‍പ്പങ്ങള്‍ ഉള്ള നാടാണ് ചൈന. ഇവയില്‍ പലതും ചൈനയുടെ സംസ്കാരവുമായും ചരിത്രവുമായും ഇഴചേര്‍ന്നു കിടക്കുന്നു. ഇത്തരത്തിലുള്ള ഒരു ശില്‍പ്പമാണ് ചൈനയിലെ താങ് രാജവംശത്തിന്‍റെ ഭരണകാലത്ത് നിർമിച്ച, ലെഷാനിലെ ഭീമന്‍ ബുദ്ധപ്രതിമ. ചൈനയില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്, ഗാംഭീര്യം വഴിഞ്ഞൊഴുകുന്ന ഈ മനോഹര ശില്‍പ്പം.

giant-buddha
Image from Shutterstock

ചൈനയിലെ സിചുവാൻ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് ലെഷാൻ നഗരത്തിനടുത്തുള്ള മിൻ നദിയുടെയും ക്വിംഗ്യി നദിയുടെയും ദാദു നദിയുടെയും സംഗമസ്ഥാനത്ത്, മിൻ നദിക്ക് അഭിമുഖമായാണ് ലെഷാനിലെ ബുദ്ധന്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഇവിടെ, ലിംഗ്യുൻ പർവതത്തിലെ ക്വിഫെങ് കൊടുമുടിയിലാണ് 'ലെഷൻ ജയന്‍റ് ബുദ്ധ' സ്ഥിതി ചെയ്യുന്നത്. 

ഒറ്റ കല്ലിൽ തീർത്ത, ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധപ്രതിമ എന്ന റെക്കോര്‍ഡ് ഈ ശില്‍പ്പത്തിനുണ്ട്. ചുവന്ന മണല്‍ക്കല്ലിലാണ് പ്രതിമ കൊത്തിയെടുത്തിട്ടുള്ളത്‌. ചെവി മാത്രം മരത്തില്‍ നിര്‍മിച്ചതാണ്. ഇത് പിന്നീട് പുറമേ ചെളി പുരട്ടി പ്രതിമയുടെ അതേ നിറത്തിലാക്കി. 

giant-buddha1
Image from Shutterstock

എഡി 713-നും 803-നും ഇടയിലാണ് ഈ പ്രതിമ നിര്‍മിച്ചത്. പത്തും ഇരുപതുമല്ല, 71 മീറ്റർ (233 അടി) ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. മണ്ണൊലിപ്പില്‍ നിന്നും രക്ഷിക്കുന്നതിനായി ബുദ്ധപ്രതിമയുടെ തലയ്ക്ക് പിന്നിലും രണ്ട് ചെവികൾക്കിടയിലും, സവിശേഷവും നൂതനവുമായ ഒരു ഡ്രെയിനേജ് സംവിധാനവുമുണ്ട്. കൂടാതെ, പ്രതിമയുടെ മുടിയിലും കോളറിലും നെഞ്ചിലും മറഞ്ഞിരിക്കുന്ന ഗട്ടറുകളും ചാലുകളും പ്രതിമയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും മഴവെള്ളം ഒലിച്ചുപോവാനും സഹായിക്കുന്നു. ഈ സംവിധാനം കഴിഞ്ഞ 1,200 വർഷമായി പ്രതിമ നശിക്കുന്നത് തടയുന്നു.

1996-ൽ  ചൈനയിലെ ബുദ്ധമതവുമായി ബന്ധപ്പെട്ട നാലു വിശുദ്ധപര്‍വ്വതങ്ങളില്‍ ഒന്നായ എമയ് പർവ്വതത്തോടൊപ്പം, ഈ പ്രതിമയും യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'പ്രീ- മോഡേണ്‍' പ്രതിമയായും ഇത് അറിയപ്പെടുന്നു.

giant-buddha3
Image from Shutterstock

ലെഷാന്‍ ബുദ്ധപ്രതിമയെക്കൂടാതെ വേറെയും ധാരാളം കാഴ്ചകള്‍ ഈ പ്രദേശത്തുണ്ട്. സിചുവാൻ പ്രവിശ്യയിലെ ആറ് ലോക സാംസ്കാരിക പൈതൃക സൈറ്റുകളിൽ ഒന്നായതിനാൽ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു. ഹാൻ രാജവംശത്തിന്‍റെ കാലത്ത് നിർമിച്ച മഹാവോ ക്ലിഫ് ശവകുടീരങ്ങൾ ഈ പ്രദേശത്തെ ഒരു പ്രധാന കാഴ്ചയാണ്. കൂടാതെ ഹൈക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിനായി നിരവധി പര്‍വതപാതകള്‍ ഇവിടെയുണ്ട്.

ലെഷാൻ ടൗണിൽ നിന്ന് ജയന്‍റ് ബുദ്ധയിലേക്ക് പോകാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗം ലോക്കൽ ബസ് 13 ആണ്. എത്തിച്ചേര്‍ന്നാല്‍, വുലോങ് ടെമ്പിൾ, മഹാവോ ക്ലിഫ് ശവകുടീരങ്ങൾ ഉൾപ്പെടെയുള്ള കാഴ്ചകള്‍ കാണുന്നതിനായി പ്രവേശനകവാടത്തില്‍ വച്ച് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് രാവിലെ 7:30നും വൈകിട്ട് 6:30നും, ഒക്ടോബർ മുതൽ മാർച്ച് വരെ രാവിലെ 8:00നും വൈകിട്ട് 5.30 എന്നിങ്ങനെയാണ് ഇവിടെ സന്ദര്‍ശകര്‍ക്ക് അനുവദനീയമായ സമയം. പ്രവൃത്തിദിവസങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

English Summary: How To Visit The Leshan Giant Buddha In China 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA