ADVERTISEMENT

തിളങ്ങുന്ന നീലയില്‍ ചുറ്റും നിറയുന്ന സമുദ്രത്തിനടിയിലെ മായാലോകം കാട്ടി, ആരാധകരെ കൊതിപ്പിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്. ദുബായിലെ അണ്ടര്‍വാട്ടര്‍ അക്വേറിയത്തിനുള്ളില്‍ നില്‍ക്കുന്ന ചിത്രമാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

 

ദുബായില്‍ ഈയിടെയായി ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന കാഴ്ചകളില്‍ ഒന്നാണ് ദുബായ് മാളിലുള്ള അക്വേറിയം ആന്റ് അണ്ടർവാട്ടർ സൂ. പത്തു ദശലക്ഷം ലീറ്റര്‍ വെള്ളമുള്ള ഭീമന്‍ അക്വേറിയവും ആയിരക്കണക്കിന് ജീവികളെയും അടുത്ത് കാണാനും ഇടപഴകാനുമുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവികളെ അവയുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു.

 

ഷോപ്പിങ്ങിനായി ദുബായ് മാളില്‍ വരുന്നവർക്ക് ഭീമൻ ഗ്ലാസ് ഭിത്തിയിലൂടെ കടലിനടിയിലെ വലിയ ലോകം കാണാം. കടലിലെയും കരയിലെയും ജീവികളെ കാണുക മാത്രമല്ല, ജലസാഹസിക വിനോദങ്ങള്‍ക്കും അവസരമൊരുക്കുന്ന ഇടമാണിത്. പ്രവൃത്തിദിനങ്ങളില്‍ രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയും വാരാന്ത്യങ്ങളില്‍ അര്‍ദ്ധരാത്രിവരെയും ഇവിടം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു.

 

അക്വേറിയം ടാങ്ക്, അക്വേറിയം ടണൽ, അണ്ടർവാട്ടർ മൃഗശാല എന്നിവയാണ് ഈ മായാലോകത്തിന്‍റെ പ്രധാന കാഴ്ച എരിയകള്‍. ലോകത്ത് തന്നെ ഏറ്റവും വലുപ്പമേറിയ സസ്പെൻഷൻ അക്വേറിയം ടാങ്കുകളിലൊന്നാണ് ദുബായ് അക്വേറിയത്തില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ സാൻഡ് ടൈഗർ സ്രാവുകളുടെ ശേഖരമുള്ള റടാങ്ക് എന്ന ഖ്യാതിയുണ്ട് ഇതിന്. 48 മീറ്റർ നീളമുള്ള അക്വേറിയം വാക്ക്-ത്രൂ ടണലിലൂടെ നടക്കാം. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അരികിലൂടെ നീന്തിനടക്കുന്ന നാനാവര്‍ണ്ണങ്ങളിലുള്ള മത്സ്യങ്ങളുടെ മനോഹരകാഴ്ച ആരെയും കൊതിപ്പിക്കും. അക്വേറിയം ടാങ്കിന് മുകളിലുള്ള ലെവൽ രണ്ടിൽ സ്ഥിതിചെയ്യുന്ന അണ്ടർവാട്ടർ മൃഗശാലയും കാഴ്ചകളില്‍ ഒട്ടും പിന്നിലല്ല. 

 

വെറും കാഴ്ചകള്‍ കാണുക മാത്രമല്ല, ആവേശമുണര്‍ത്തുന്ന ആക്റ്റിവിറ്റികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അപൂര്‍വ്വമായ ജെന്റൂ പെന്‍ഗ്വിനുകളെ അടുത്ത് നിന്ന് കാണാം. 40 വയസ്സ് പ്രായവും 750 കിലോഗ്രാം ഭാരവും 5 മീറ്ററിൽ കൂടുതൽ നീളവുമുള്ള ഭീമൻ ഓസ്‌ട്രേലിയന്‍ മുതലയെ മുഖാമുഖം കാണാം. തിരണ്ടികള്‍ക്കും മത്സ്യങ്ങള്‍ക്കും തീറ്റ കൊടുക്കാം. സ്രാവുകള്‍ക്കൊപ്പം നീന്താനുള്ള അവസരമാണ് മറ്റൊരു ആകര്‍ഷണം. സ്കൂബ ഡൈവിംഗ്, കേജ് സ്നോര്‍ക്കലിംഗ് മുതലായവയും ഇവിടെയുണ്ട്. ഇവിടെ നിന്നുതന്നെ ഡൈവിംഗ് പഠിച്ച്, സര്‍ട്ടിഫിക്കറ്റ് നേടാനും കഴിയും.

 

മുതിര്‍ന്നവര്‍ക്ക് 6,895 രൂപയും കുട്ടികള്‍ക്ക് 6,084 രൂപയും കൊടുത്താല്‍, വര്‍ഷത്തില്‍ ഏതു സമയത്തും ഇവിടേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന ഓള്‍ ആക്സസ് പാസ് ലഭിക്കും. വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 

 

ലോകത്തിലെ രണ്ടാമത്തെ വലിയ മാള്‍ ആണ് അക്വേറിയം സ്ഥിതിചെയ്യുന്ന ദുബായ് മാള്‍. നിരവധി കാഴ്ചകളും അനുഭവങ്ങളും സവിശേഷതകളുമുള്ള മാള്‍ ആണിത്. ദുബായില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ച മാള്‍ എന്ന ബഹുമതി നിരവധി തവണ ദുബായ് മാളിനെ തേടിയെത്തി. ലോകത്തിലെ ഏറ്റവും വലിയ OLED സ്ക്രീന്‍ പ്രദര്‍ശിപ്പിച്ചത് ഇവിടെയായിരുന്നു. കൂടാതെ, 32.88 മീറ്റർ വീതി × 8.3 മീറ്റർ ഉയരം × 750 എംഎം കനവും 245 ടൺ ഭാരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ അക്രിലിക് പാനൽ ഉള്ളത് ദുബായ് അക്വേറിയത്തിലാണ്. 

 

പെഡിൽ തോർപ് ആണ് ദുബായ് അക്വേറിയം & അണ്ടർവാട്ടർ സൂ രൂപകൽപന ചെയ്തത്. എമാർ എന്റർടെയ്ൻമെന്റാണ് ഇതിന്‍റെ നടത്തിപ്പ്.

 

English Summary: Aswathy Sreekanth Dubai Underwater Aquarium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com