ADVERTISEMENT

പണ്ട് യൂറോപ്പ് എന്നു കേള്‍ക്കുമ്പോള്‍ ഒരിക്കലും നടക്കാനിടയില്ലാത്ത വിദൂരസ്വപ്നം മാത്രമായിരുന്നു സഞ്ചാരികള്‍ക്കത്. എന്നാലിന്ന്, അത്രയൊന്നും ബുദ്ധിമുട്ടാതെ തന്നെ പോയി വരാന്‍ പറ്റുന്ന ഇടമായി യൂറോപ്പ് മാറിക്കഴിഞ്ഞു. 44 രാജ്യങ്ങള്‍ ഉള്ള യൂറോപ്പിലേക്കുള്ള യാത്രക്കിടെ, അധികം പണച്ചെലവു കൂടാതെ സന്ദര്‍ശിക്കാന്‍ പറ്റുന്ന ഏതാനും നഗരങ്ങള്‍ പരിചയപ്പെടാം.

വലെന്‍ഷ്യ, സ്പെയിന്‍

മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ സ്പെയിനിലെ മൂന്നാമത്തെ വലിയ നഗരമാണ് വലെന്‍ഷ്യ. പുരാതന ഗോപുരങ്ങളും ബീച്ചുകളും യൂറോപ്പിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ കണ്ടെയ്‌നർ തുറമുഖവുമെല്ലാം ഇവിടുത്തെ പ്രധാന കാഴ്ചകളില്‍ പെടുന്നു. പ്ലാസ ഡെൽ അയുന്തമിന്റൊ, വലെൻസിയ കത്തീഡ്രൽ എന്നിവയും സന്ദര്‍ശിക്കാം, സെൻട്രൽ മാർക്കറ്റിൽ ഷോപ്പിങ് നടത്താം.

malta
Image from Shutterstock

മാഡ്രിഡിൽ നിന്നോ ബാഴ്‌സലോണയിൽ നിന്നോ ഉള്ള ട്രെയിൻ, ഫ്ലൈറ്റ് റൗണ്ട് ട്രിപ്പുകള്‍ക്ക് 7500 രൂപയിൽ താഴെ മാത്രമേ വരൂ. 1965 ൽ സ്പെയിനിന്‍റെ ദേശീയ ടൂറിസ്റ്റ് താൽപ്പര്യത്തിന്‍റെ ഫിയസ്റ്റയായി പ്രഖ്യാപിക്കപ്പെട്ട ഫാൾസ് പോലെയുള്ള നിരവധി ആഘോഷങ്ങളും പാരമ്പര്യങ്ങളും ഇവിടെയുണ്ട്. അധികം ആളുകള്‍ വന്നെത്താത്ത ഇടമായതിനാല്‍ ഇവിടം താരതമ്യേന ശാന്തവും തിരക്ക് കുറഞ്ഞതുമാണ്. 

ടാലിൻ, എസ്തോണിയ

എസ്തോണിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്‌ ടാലിൻ. ഫിൻലൻഡിന്‍റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നിന്ന് 80 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഡിജിറ്റൽ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഈ നഗരത്തിലാണ്, സ്കൈപ്പ് , വൈസ് എന്നിവയുൾപ്പെടെയുള്ള ധാരാളം ടെക്നോളജി കമ്പനികളുടെ ജന്മസ്ഥലം.

estonia
Image from Shutterstock

നിരവധി പുരാതനമായ കെട്ടിടങ്ങള്‍ ഇവിടെ കാണാം. കൂടാതെ, 60-ലധികം മ്യൂസിയങ്ങളും ഗാലറികളും ടാലിൻ നഗരത്തിലുണ്ട്. അവയിൽ ഭൂരിഭാഗവും സെൻട്രൽ ഡിസ്ട്രിക്റ്റായ കെസ്ക്ലിനിലാണ് സ്ഥിതി ചെയ്യുന്നത്.  എസ്റ്റോണിയൻ ചരിത്ര മ്യൂസിയം, എസ്റ്റോണിയൻ മാരിടൈം മ്യൂസിയം, ടാലിൻസ് ഫോട്ടോഗ്രാഫി മ്യൂസിയം,  വബാമു മ്യൂസിയം ഓഫ് ഒക്കുപ്പേഷൻസ് ആൻഡ് ഫ്രീഡം മുതലായ മ്യൂസിയങ്ങള്‍ ടാലിന്‍റെ സമ്പന്നമായ ചരിത്രവും ഉൾക്കൊള്ളുന്നവയാണ്.

സാഗ്രെബ്, ക്രൊയേഷ്യ

ക്രൊയേഷ്യയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. 'മലഞ്ചെരുവിലെ പ്രദേശം' എന്നർത്ഥം വരുന്ന സാഗ്രെബ്, ക്രൊയേഷ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. വാണിജ്യകേന്ദ്രമായ ലോവർ സാഗ്രെബ്, കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളില്‍ സ്ഥിതിചെയ്യുന്ന അപ്പർ സാഗ്രെബ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ നഗരത്തിനുള്ളത്. പള്ളികൾ, കൊട്ടാരങ്ങൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിങ്ങനെ ചരിത്രപരമായ നിരവധി കെട്ടിടങ്ങളും കലാസൃഷ്ടികളും കൊണ്ട് ഇവിടം നിറഞ്ഞിരിക്കുന്നു. 

Zagreb
Image from Shutterstock

കൂടാതെ, സാഗ്രെബിൽ പതിനാലോളം വലിയ ഷോപ്പിങ് സെന്ററുകളുണ്ട്.  ക്രിസ്റ്റൽ , സെറാമിക്സ് , ഉയർന്ന നിലവാരമുള്ള ക്രൊയേഷ്യൻ വൈനുകള്‍ എന്നിവയ്ക്ക് ഇവിടം പേരുകേട്ടതാണ്.  യൂറോപ്പിന്‍റെ ചരിത്രം, കല, സംസ്കാരം എന്നിവയെല്ലാം സൂക്ഷിക്കുന്ന മ്യൂസിയങ്ങളും ഇവിടെ കാണാം. ക്രൊയേഷ്യൻ സ്റ്റേറ്റ് ആർക്കൈവ്സ്, മിമര മ്യൂസിയം, മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, മെസ്‌ട്രോവിച്ച് പവലിയൻ, മ്യൂസിയം ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് എന്നിവ സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്.

ബുഡാപെസ്റ്റ്, ഹംഗറി

ഹംഗറിയുടെ തലസ്ഥാനവും, ഇവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് ബുഡാപെസ്റ്റ്.  മധ്യ യൂറോപ്പിന്‍റെ വ്യാവസായിക കേന്ദ്രമായാണ് ഇവിടം പരിഗണിക്കപ്പെടുന്നത്. ഇവിടെയുള്ള മിക്ക ഡെസ്റ്റിനേഷനുകളും സഞ്ചാരികള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം. ഡാന്യൂബ് നദിക്കരയിലുള്ള ബുഡാപെസ്റ്റിന്‍റെ മധ്യപ്രദേശം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണ്. 

hungary
Image from Shutterstock

ഹംഗേറിയൻ പാർലമെസന്‍റ് , ബുഡ കാസിൽ എന്നിവയുൾപ്പെടെ ക്ലാസിക്കൽ വാസ്തുവിദ്യയുടെ ശ്രദ്ധേയമായ നിരവധി സ്മാരകങ്ങള്‍ ഇവിടെയുണ്ട്. ചരിത്രപരമായ നിരവധി നിര്‍മ്മിതികള്‍ക്ക് പുറമേ, ഏകദേശം എണ്‍പതോളം ജിയോതെർമൽ നീരുറവകളും ലോകത്തെ രണ്ടാമത്തെ വലിയ സിനഗോഗും മൂന്നാമത്തെ വലിയ പാർലമെന്‍റ് കെട്ടിടം എന്നിവയും ഇവിടെയാണ്‌. പ്രതിവർഷം ഏകദേശം 12 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

ബെർലിൻ, ജര്‍മനി

സ്പ്രീ, ഹോവൽ നദികളുടെ കരയിലായി സ്ഥിതിചെയ്യുന്ന ബര്‍ലിന്‍ പട്ടണവും അത്രയൊന്നും ചിലവില്ലാതെ സഞ്ചാരികള്‍ക്ക് കണ്ടുതീര്‍ക്കാം.

Berlin
Image from Shutterstock

 

ബ്രാൻഡൻബർഗ് കവാടം, ജൂതസ്മാരകങ്ങള്‍, ചാൾട്ടൺബർഗ് കൊട്ടാരം, ബെർലിൻ കതീഡ്രൽ, മ്യൂസിയം ദ്വീപ്, പെർഗമൺ മ്യൂസിയം, , മാർക്സ്-എംഗൽസ് ചത്വരം, ചെക്പോയ്ന്റ് ചാർളി, ബെർലിൻ മതിലിന്‍റെ അവശിഷ്ടങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ ഉണ്ട്. താങ്ങാവുന്ന വിലയിൽ മദ്യം ലഭിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത, കാപ്പിയേക്കാള്‍ കുറവാണ് ബിയറിന് വില! വളരെ കുറഞ്ഞ നിരക്കില്‍ താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

വലേറ്റ, മാള്‍ട്ട

malta

യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ടയുടെ തലസ്ഥാനനഗരമാണ് വലേറ്റ.  യൂറോപ്യൻ ഭൂഖണ്ഡത്തിലെഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരമെന്ന ഖ്യാതിയും ഈ കൊച്ചുനഗരത്തിനുണ്ട്.

 

1980ൽ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച വലേറ്റ നഗരവും നിരവധി മ്യൂസിയങ്ങളുടെയും കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കാഴ്ചകളാല്‍ നിറഞ്ഞിരിക്കുന്നു. എല്ലാ വർഷവും ജനുവരിയില്‍ നടക്കുന്ന വലേറ്റ ഇന്റർനാഷണൽ ബറോക്ക് ഫെസ്റ്റിവലിന് ലോകമെങ്ങു നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.

English Summary: Cheapest Tourist Destinations in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com