ADVERTISEMENT

സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള അവധിക്കാല യാത്രയുടെ ചിത്രം പങ്കുവച്ച് തെന്നിന്ത്യന്‍ നടി സാമന്ത പ്രഭു. ലോകപ്രശസ്ത സ്കീയിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായ വെര്‍ബിയര്‍ ഗ്രാമത്തില്‍ നിന്നുള്ള ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മഞ്ഞ ജാക്കറ്റും സേഫ്റ്റി ഗോഗിള്‍സും ഹെല്‍മറ്റുമണിഞ്ഞ്‌, മഞ്ഞുമൂടിയ ആല്‍പ്സ് പര്‍വത നിരകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സാമന്തയെ ചിത്രത്തില്‍ കാണാം. യാത്രയിലെ നാലാമത്തെ ദിവസത്തെ മാന്ത്രികത എന്നും ചിത്രത്തിന് താഴെ താരം കുറിച്ചിട്ടുണ്ട്. സ്കീയിങ് നടത്തുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

മനോഹരഗ്രാമം

തെക്ക്-പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ വലൈസ് കന്റോണിലാണ് വെര്‍ബിയര്‍ എന്ന മനോഹരഗ്രാമം സ്ഥിതി ചെയ്യുന്നത്. വര്‍ഷംമുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന സ്വിസ് ആൽപ്‌സിന്‍റെ പ്രാന്തപ്രദേശത്തുള്ള ഈ ഗ്രാമം സ്കീയിങ് പോലുള്ള വിനോദങ്ങള്‍ക്കും അവധിക്കാല റിസോര്‍ട്ടുകള്‍ക്കും പ്രസിദ്ധമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതൽ ബ്രിട്ടൻ, ജർമനി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. 

വെർബിയർ ഗ്രാമത്തില്‍ നിന്നും മോണ്ട് ഫോർട്ട് പര്‍വതം വരെയുള്ള ഭാഗമാണ് ഇവിടുത്തെ സ്കീയിങ്ങിന്റെ പ്രധാന ഭാഗം. 1500 മുതല്‍ 3330 മീറ്റര്‍ വരെ ഉയരമുള്ളതും കുത്തനെയുള്ള ധാരാളം ചെരിവുകള്‍ ഉള്ളതുമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. മാറ്റർഹോൺ സെർവിൻ, ഡോം, ഡെന്റ് ബ്ലാഞ്ചെ, ഡെന്റ് ഡി ഹെറൻസ്, മോണ്ട് ബ്ലാൻക് മാസിഫ് എന്നിങ്ങനെയുള്ള ആല്‍പ്സിലെ കൊടുമുടികളുടെ കാഴ്ചയാണ് ഇവിടെയുള്ള പ്രധാന ആകര്‍ഷണം. 

matterhorn-5

മെഡ്രാൻ, ലെസ് സാവോലിയേഴ്സ്, മോണ്ട് ഫോർട്ട്, ബ്രൂസൺ എന്നീ സെക്ടറുകള്‍ ഉൾപ്പെടുന്ന, 'ഫോർ വാലിസ്' സ്കീ ഏരിയ ഇവിടെയാണ്‌. വെർബിയർ, നെൻഡാസ് , വെയ്‌സോനാസ് , ലാ സൂമാസ് , തിയോൺ എന്നീ പ്രസിദ്ധമായ സ്‌കീ റിസോർട്ടുകൾ ഈ ഭാഗത്താണ് ഉള്ളത്. ഫോര്‍ വാലിസ് സ്കീ ഏരിയയുടെ പടിഞ്ഞാറൻ ഭാഗമാണ് വെർബിയർ. 

സ്കീയിങ് നടത്താം

വെർബിയറിൽ നിന്ന് ലാ സൂമാസ്, നെൻഡാസ്, വെയ്‌സോനാസ്, ലെസ് മാസ്‌സ് , തിയോൺ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടൂറിനായി സഞ്ചാരികള്‍ക്ക് ഫോര്‍ വാലി പാസ് ലഭിക്കും. 33 സ്റ്റാൻഡേർഡ് സ്കീ റണ്‍സ്, രണ്ട് സ്നോപാർക്കുകൾ , ഒന്ന് "ജാർഡിൻ ഡി നെയ്ജ്" (ചെറിയ കുട്ടികൾക്ക് സ്കീ ചെയ്യാനുള്ള ചെറിയ പ്രദേശം), നാല് ക്രോസ്-കൺട്രി പിസ്റ്റുകൾ, രണ്ട് വാക്കിംഗ് ഏരിയകൾ എന്നിവയാണ് ഇവിടെയുള്ളത്.

Matterhorn

സ്കീയിങ് അറിയാത്ത സഞ്ചാരികള്‍ക്ക്, അത് പഠിക്കാനായി ധാരാളം സ്കീ, സ്നോബോർഡ് സ്കൂളുകളുമുണ്ട്. പെർഫോമൻസ് വെർബിയർ, ആൽപിനെമോജോ സ്കീ ആൻഡ് സ്നോബോർഡ് സ്കൂൾ, ലാ ഫന്റാസ്റ്റിക്, ആൾട്ടിറ്റ്യൂഡ് സ്കീ ആൻഡ് സ്നോബോർഡ് സ്കൂൾ, ന്യൂ ജനറേഷൻ സ്കീ സ്കൂൾ, യൂറോപ്യൻ സ്നോസ്പോർട്ട്, സ്വിസ് സ്കീ സ്കൂൾ എന്നിങ്ങനെയുള്ള ഈ സ്കൂളുകളില്‍ ഒറ്റയ്ക്കും ഗ്രൂപ്പായും എത്തുന്ന ആളുകള്‍ക്ക് പരിശീലനം നല്‍കുന്നു.

താരതമ്യേന തണുപ്പ് കുറഞ്ഞ വേനല്‍ക്കാലത്തും ഇവിടെ മഞ്ഞു മൂടിക്കിടക്കും. ഈ സമയത്ത് സ്കീയിംഗിനേക്കാള്‍ കൂടുതല്‍ ഹൈക്കിംഗ് ആണ് സഞ്ചാരികള്‍ക്ക് പ്രിയം. ഏകദേശം, 400 കിലോമീറ്ററോളം നീളമുള്ള ഹൈക്കിംഗ് പാതകളുണ്ട് ഇവിടെ. മൌണ്ടന്‍ ക്ലൈംബിംഗ്, പാരാഗ്ലൈഡിംഗ്, നീന്തൽ, ഗോൾഫ്, ബാഡ്മിന്റൺ, ഐസ് കാർട്ടിംഗ്, പർവത റെയിൽവേ യാത്രകൾ എന്നിവയും ഈ സമയത്ത് ആസ്വദിക്കാം. കൂടാതെ, ഈ സമയത്ത്, പതിനേഴു ദിവസത്തെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന വെർബിയർ ഫെസ്റ്റിവലും നടന്നു വരുന്നു.

വെർബിയറിലേക്ക് റോഡ് മാർഗമോ ട്രെയിൻ മാർഗമോ എത്തിച്ചേരാം. വലൈസിലെ മാർട്ടിഗ്നിയിൽ നിന്ന്, ലെ ചേബിളിലേക്ക് ട്രെയിന്‍ കയറിയ ശേഷം അവിടെ നിന്നും വെർബിയറിലേക്ക് കേബിൾ കാർ വഴി എത്താം.  വെർബിയറിലേക്കുള്ള ഏക ആക്സസ് റോഡ് ലെ ചേബിൾ പട്ടണത്തിൽ നിന്നാണ് ആരംഭിക്കുന്നത്. 

ജനീവ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളം. മഞ്ഞുകാലത്ത്, സ്കീ സീസണിൽ എയർപോർട്ടിൽ നിന്ന് വെർബിയറിലേക്ക് മിനിബസ് ട്രാൻസ്ഫറുകൾ ലഭ്യമാണ്. പകൽ സമയത്ത് വെര്‍ബിയറില്‍ ഉടനീളം പതിവായി ഓടുന്ന ധാരാളം ബസുകളുമുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ഈ ബസുകളില്‍ കയറിയാല്‍ ഈ കൊച്ചുഗ്രാമം മുഴുവനും സൗജന്യമായി കാണാം.

English Summary: Samantha Shares skiing video from Switzerland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com