ADVERTISEMENT

കടൽ കണ്ട് താമസം, രുചിയൂറും വിഭവങ്ങൾ, സ്കൂബഡൈവിങ്ങും സ്നോർക്കലിങ്ങും, ഇവ ഒരുമിച്ച് അനുഭവിക്കണമെങ്കിൽ സഞ്ചാരികളുടെ പറുദീസയായ മലദ്വീപിലേക്ക് എത്തിയാൽ മതി. വെക്കേഷൻ വൈബ് അടിപൊളിയാക്കാൻ സെലിബ്രേറ്റികളടക്കം നിരവധിപേരെയാണ് ഇൗ ദ്വീപ് ഹഠാതാകർഷിക്കുന്നത്.

കടലിന്റെ തിളക്കത്തിൽ മുങ്ങിനിവരാനും സൂര്യാസ്തമയകാഴ്ച കണ്ട് മനം നിറയ്ക്കാനും മാലദ്വീപിൽ നിരവധി അത്യാഡബര റിസോർട്ടുകളുമുണ്ട്.

എന്തുകൊണ്ട് ഇവിടം സെലിബ്രേറ്റികളുടെ പറുദീസയാകുന്നു

ദ്വീപിന്റെ വശ്യതയിൽ മതിമറന്ന് ആഘോഷിക്കുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ വൈറലാണ്. ഒഴിവ് കിട്ടിയാൽ മിക്കവരും പറക്കുന്നത് മാലദ്വീപിന്റെ സൗന്ദര്യത്തിലേക്കാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി മാലദ്വീപില്‍‍‍ അവധിക്കാലം ചെലവിടുകയാണ്. ‌‌

'പറുദീസയിൽ എത്തിയിരിക്കുന്നുവെന്നും ഇവിടെയാണ് എന്റെ ഹൃദയമെന്നും' ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്. എന്തു സംഭവിച്ചാലും എല്ലാ ദിവസവും മനോഹരമായി അവസാനിക്കും എന്നതിന്റെ തെളിവാണ് സൂര്യാസ്തമയം എന്ന കുറിപ്പോടുകൂടിയ ചിത്രവും പങ്കിട്ടിട്ടുണ്ട്. 

നീലക്കടലിന്റെ കാഴ്ചയും സൂര്യാസ്തമയത്തിന്റെ ശോഭയും ഒരുമിച്ച ദ്വീപിന്റെ മനോഹാരിതയിൽ റായ് ലക്ഷ്മി നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും ഇല്ല. നൂലാമാലകൾ ഇല്ലാതെ സുഗമമായി തന്നെ എത്തിച്ചേരാം എന്നതുതന്നെയാണ് സന്ദർശകരുടെ ഇടയിൽ മാലദ്വീപിനെ പ്രിയപ്പെട്ടതാക്കുന്നത്. കൃത്യമായി യാത്ര പ്ലാൻ ചെയ്താൽ കുറഞ്ഞ ചെലവിൽ ഒാഫറുകളോടുകൂടി താമസിക്കാവുന്ന റിസോർട്ടുകളും ലഭ്യമാണ്.

ആർക്കും പോകാം

ഏതു സാമ്പത്തിക ശേഷിയിലുള്ളവരെയും സന്തോഷിപ്പിക്കാനുള്ള ടൂറിസം സാധ്യതകളുണ്ട് മാലദ്വീപില്‍. രാജ്യത്തെ രണ്ടായിരത്തിലേറെ ദ്വീപുകകളില്‍ 230 ദ്വീപുകളില്‍ മാത്രമേ സ്വദേശികളുള്ളൂ. മറ്റു ദ്വീപുകളെല്ലാം റിസോര്‍ട്ടുകളാണ്. മാലദ്വീപിന്റെ സാധ്യതയും ഇതാണ്. ഇവിടേക്കാണ് ബോളിവുഡ് താരങ്ങള്‍ പറക്കുന്നത്. രാജ്യത്തു വിമാനമിറങ്ങിയാല്‍, സീ പ്‌ളെയിനുകളില്‍ ദ്വീപ് റിസോര്‍ട്ടുകളിലേക്കു പറക്കാം. പൂര്‍ണ സ്വകാര്യതയോടെ കടല്‍ഭംഗി ആസ്വദിക്കാം.

ചില ദ്വീപുകളിലെങ്കിലും ഒരു ദിവസം താമസിക്കുന്നതിന് 10 ലക്ഷവും അതിനു മുകളിലും ഈടാക്കുമെന്നു മാത്രം. അത്രതന്നെ ചെലവഴിക്കാനാകാത്തവർക്ക് ആഭ്യന്തര വിമാനസർവീസുകളെയും ചെലവു കുറഞ്ഞ റിസോർട്ട് ദ്വീപുകളെയും ആശ്രയിക്കാം. 4 ലക്ഷം ജനസംഖ്യമാത്രമുള്ള ഈ രാജ്യത്ത് 12 ആഭ്യന്തര വിമാനത്താവളങ്ങളും 4 രാജ്യാന്തര വിമാനത്താവളങ്ങളുമുണ്ട്. 

അതേസമയം, വളരെ ചെലവു കുറച്ചു മാലദ്വീപ് സന്ദര്‍ശിക്കാനും സാധിക്കും. താമസം സ്വദേശികളുള്ള ദ്വീപുകളിലായിരിക്കുമെന്നു മാത്രം. വിമാനയാത്രാ ചെലവടക്കം ഒരാള്‍ക്ക് മൂന്ന് ദിവസത്തിന് 60,000 രൂപ മാത്രമുള്ള പാക്കേജുകള്‍ വരെയുണ്ടിവിടെ. കടലുമായി ചേര്‍ന്ന പല വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ടാകും. ബോട്ടുകളിൽ റിസോർട്ട് ദ്വീപുകൾ കാണാനും അവസരമുണ്ട്.

English Summary: Actress raai laxmi Holiday in Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com