ADVERTISEMENT

അന്‍പതോളം വര്‍ഷങ്ങളായി, തായ്‌വാനിലെ തായ്‌പേയിലെ ഏറ്റവും പഴയ ജില്ലയായ വാൻഹുവയില്‍ സ്ഥിതിചെയ്യുന്ന ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ഹുവാക്സി സ്ട്രീറ്റ് ടൂറിസ്റ്റ് നൈറ്റ് മാർക്കറ്റ് അഥവാ സ്നേക്ക് അലി മാർക്കറ്റ്. ഒരുകാലത്ത് ചുവന്ന തെരുവ് പ്രദേശമായിരുന്ന സ്നേക്ക് അലിയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം അല്‍പ്പം ഭീതിയും ഉണര്‍ത്തുന്ന നിരവധി കാഴ്ചകളുണ്ട്. മറ്റൊരു ലോകത്ത് ചെന്നെത്തിയ പോലത്തെ അനുഭൂതിയാണ് ഇവിടം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.

തായ്‌വാനിലെ ആദ്യത്തെ രാജ്യാന്തര വിനോദസഞ്ചാര മേഖലയായിരുന്നു സ്നേക്ക് അലി. ചരിത്രപ്രസിദ്ധമായ ബങ്ക ലോങ്ഷാൻ ക്ഷേത്രത്തിനും ഗ്വാങ്‌ഷൗ സ്ട്രീറ്റ്, വുഷൗ സ്ട്രീറ്റ്, സിചാങ് സ്ട്രീറ്റ് എന്നീ രാത്രിച്ചന്തകള്‍ക്കും സമീപം സ്ഥിതിചെയ്യുന്ന സ്നേക്ക് അലിയിലേക്ക് ലോകമെങ്ങു നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തി.

1990- കൾ വരെ ഇവിടം ഒരു റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത്, അമേരിക്കൻ സൈനികർക്കൊപ്പം ജാപ്പനീസ് സെക്‌സ് ടൂറിസ്റ്റുകളെ ആകർഷിച്ചതും നിയമപരമായ വേശ്യാവൃത്തി മേഖലയായിരുന്നു എന്നതുമാണ് സ്‌നേക്ക് അലി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള കാരണം.

സ്നേക്ക് അലിക്കുള്ളിലേക്ക്

ലോംഗ്‌ഷാൻ ക്ഷേത്രത്തിന് തൊട്ടു പടിഞ്ഞാറ്, ഗ്വാങ്‌ഷോ സ്ട്രീറ്റ് നൈറ്റ് മാർക്കറ്റിന് വടക്ക് പടിഞ്ഞാറാണ് ഹുവാക്സി സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് സ്നേക്ക് അലിയുടെ ഘടന എന്നത് ഈ പ്രദേശത്തെ പെട്ടെന്ന് തന്നെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. 

ഇടവഴിയുടെ പ്രവേശന കവാടത്തിൽ ചൈനീസ് ശൈലിയിലുള്ള ഒരു ഗേറ്റ് ഉണ്ട്,  അതിനു മുന്നില്‍ പരമ്പരാഗതമായ തായ്‌വാനീസ് ചുവന്ന വിളക്കുകൾ തൂക്കിയിരിക്കുന്നത് കാണാം. ശേഷം രണ്ട് ബ്ലോക്കുകളിലായി 400 മീറ്ററോളം നീണ്ടുകിടക്കുന്ന ഇടവഴിയാണ്. രാത്രിയാണ് ഇവിടെ സജീവമാകുന്നത്. പ്രാദേശിക ലഘുഭക്ഷണങ്ങൾ വിളമ്പുന്ന സ്റ്റാൻഡുകളും പരമ്പരാഗത തായ്‌വാനീസ് വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകളുമെല്ലാം നിറയെയുണ്ട്.

പാമ്പിന്‍റെ പേരിലേക്ക്

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന പുതിയ പേരാണ് സ്നേക്ക് അലി. സാധാരണയായി മറ്റൊരിടത്തും കാണാത്ത പാമ്പിന്‍റെ രക്തവും മാംസവും ആമയുടെ രക്തവും മാംസവും ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനും ഉൾപ്പെടെയുള്ള വ്യത്യസ്തമായ ‘രുചികള്‍’ വില്‍ക്കുന്ന കടകള്‍ ഇവിടെ ധാരാളം കാണാം. പല സ്റ്റാൻഡുകളിലും വിവിധ തരത്തിലുള്ള പാമ്പുകളുടെ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങളും പാനീയങ്ങളും വിൽക്കാൻ വച്ചത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

Taiwan
Image From Shutterstock

ഈ തെരുവിലെ ഏറ്റവും പ്രശസ്തമായ ഇനം പാമ്പ് സൂപ്പ് ആണ്, ഇവിടെ മാത്രം കാണപ്പെടുന്ന സവിശേഷമായ ഒരു വിഭവമാണ് ഇത്. കൂടാതെ, പുസ്തകശാലകൾ, ബോട്ടിക്കുകൾ, പരമ്പരാഗത ചൈനീസ് മസാജ് പാർലറുകളുമുണ്ട്.

 പാമ്പിനെ ഇട്ടുവച്ച് ഉണ്ടാക്കുന്ന വൈന്‍

പാമ്പുകളെ മദ്യത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈൻ. ചൈനയിലാണ് ഇത് ആദ്യമായി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ വൈന്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. ചൈന കൂടാതെ, വിയറ്റ്നാം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് സ്നേക്ക് വൈനിന് സാധാരണയായി പ്രിയം കൂടുതല്‍.

വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുക. പാമ്പുകളെ വീഞ്ഞിൽ മുക്കി വയ്ക്കുന്നു. കുറച്ചു ദിനങ്ങള്‍ക്കുള്ളില്‍ മദ്യത്തിലെ എഥനോളുമായി ചേർന്ന് വിഷം വീഞ്ഞിൽ അലിഞ്ഞ് ചേരുന്നു. ഈ വൈന്‍ കുടിക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കും എന്നു പൊതുവേ ഒരു വിശ്വാസമുണ്ട്, എന്നാല്‍ ഇതിനു മതിയായ ശാസ്ത്രീയ അടിത്തറയില്ല.

സ്നേക്ക് വൈനുകൾ വിവിധ തരമുണ്ട്. വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനിൽ മുക്കി വച്ചാണ് സ്റ്റീപ്പ്ഡ് എന്ന ഇനം ഉണ്ടാക്കുന്നത്. ചിലപ്പോൾ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേർത്തും ഇതുണ്ടാക്കാറുണ്ട്.

ചന്തയിലേക്ക് എത്തുന്നത് ഇങ്ങനെ

തായ്‌പേയ് മെട്രോയുടെ ലോംഗ്‌ഷാൻ ടെമ്പിൾ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് സ്നേക്ക് അലി. സഞ്ചാരികള്‍ക്കായി വിവിധ ടൂറിസ്റ്റ് കമ്പനികള്‍ ഒരുക്കുന്ന തായ്‌പേയ് നൈറ്റ് ടൂറുകളും ഈ പ്രദേശത്ത് യഥേഷ്ടം ലഭ്യമാണ്. 

English Summary: Huaxi Street Night Market Snake Alley in Taipei

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com