പഞ്ച് ഡയലോഗുകളും ചടുലമായ ആക്‌ഷൻ സീനുകളുമൊക്കെയായി കെജിഎഫ് 2 തിയറ്ററുകൾ നിറഞ്ഞോടുകയാണ്. സഞ്ജയ് ദത്ത് അവതരിപ്പിച്ച, റോക്കി ഭായിയുടെ സൂപ്പർ വില്ലൻ അധീരയുടെ അനുയായിയായി എത്തുന്നത് മുംബൈ മലയാളിയായ ജോൺ കൊക്കനാണ്. വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച ജോൺ കൊക്കൻ സർപാട്ട പരമ്പരൈ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തിരുന്നു. ജോണിന്റെ യാത്രാവിശേഷങ്ങളെപ്പറ്റി...
പാഷനാണ് യാത്ര
മുംബൈയിൽ ജനിച്ച ജോണിന്റെ കുടുംബവേരുകൾ കോട്ടയം ജില്ലയിലെ പാലായിലാണ്. അഭിനയത്തോടു പ്രണയമാണെങ്കിൽ പാഷൻ യാത്രകളോടാണെന്ന് ജോൺ കൊക്കൻ പറയുന്നു. കരിയറിനൊപ്പം പാഷനും ജീവിതത്തോടു ചേർത്തുപിടിക്കുന്നുണ്ട് ജോൺ. ഷൂട്ടിന്റെ ഭാഗമായുള്ള യാത്രകളിൽ ആ നാടിന്റെ കാഴ്ചകളിലേക്കും സഞ്ചരിക്കാറുണ്ട്.

‘‘ഒാരോ നാടും അനുഭവങ്ങളുടെ സമ്പത്താണ്. ഭാഷ, സംസ്കാരം, പ്രദേശവാസികൾ, തനതു രുചി എന്നുവേണ്ട സകലതും ഒറ്റയാത്രയിൽ സ്വന്തമാക്കാം. യാത്രയോടുള്ള അടങ്ങാത്ത പ്രണയമുള്ളയാളാണ് എന്റെ ഭാര്യ പൂജ. ഞങ്ങൾ ഒരുപാട് ഇടത്തേക്കു സഞ്ചരിച്ചിട്ടുണ്ട്.

മാനസിക പിരിമുറുക്കം ഒഴിവാക്കാൻ യാത്രകൾ നല്ലതാണ്. കാഴ്ചകളെ ഹൃദയത്തിൽ സ്വീകരിക്കാം. പുതിയ ആളുകളെ കണ്ടുമുട്ടുക എന്നതാണ് യാത്രയുടെ മറ്റൊരു ഭാഗ്യം. ദിവസവും പുതിയ മുഖങ്ങള്‍, പുതിയ നാടുകള്‍. പുതിയ ആളുകളെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല വഴിയാണ് യാത്ര. എത്ര തിരക്കാണെങ്കിലും വീണു കിട്ടുന്ന അവസരത്തിൽ യാത്ര നടത്താറുണ്ട്. പുതിയ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യുകയാണ് എന്റെയും പൂജയുടെയും ഹോബി.

എവിടേക്കുള്ള യാത്രയായാലും ആ ഒാർമകളും അനുഭവങ്ങളും ഒരിക്കലും മറക്കില്ല. ആ നാടിന്റെ ഓർമയ്ക്കായി എന്തെങ്കിലും വാങ്ങി സൂക്ഷിക്കാറുണ്ട്. യാത്ര ചെയ്യാത്തവര്‍ ലോകം കാണുന്നില്ല, മനസ്സിലാക്കുന്നില്ല എന്നു തന്നെ പറയേണ്ടി വരും. ഇൗ വിശാലമായ ലോകത്തിലെ കാഴ്ചകൾ കണേണ്ടതു തന്നെയാണ്. എന്റെ യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല.
കെജിഎഫും ഷൂട്ടും
ജീവിതത്തിലെ സുവർണനിമിഷങ്ങളിലൊന്നായിരുന്നു കെജിഎഫ് സിനിമയുടെ കൂട്ടായ്മ. എല്ലാവരും ഒരുമിച്ചു നിന്ന നാളുകൾ, വളരെ രസകരമായിരുന്നു അത്. കെജിഎഫിൽ ഇങ്ങനെയൊരു റോൾ ലഭിച്ചതിൽ അഭിമാനമുണ്ട്. സഞ്ജയ്ദത്ത് സാറിനോടൊപ്പമുള്ള അഭിനയവും എന്റെ കരിയറിലെ മികച്ച അനുഭവമായിരുന്നു. ഞാന്‍ ബോഡി ബിൽഡറാണ്. നന്നായി ശരീരം ശ്രദ്ധിക്കാറുണ്ട്. ലൊക്കേഷനിൽ വച്ച് എന്റെ ബൈസെപ്സ് കണ്ടിട്ട് നന്നായിട്ടുണ്ടെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. യഷിന്റെ ഒപ്പമുള്ള അഭിനയവും സൗഹൃദവുമൊക്കെ മറക്കാനാവില്ല.
കെജിഎഫ് എന്ന കോലാർ സ്വർണഖനി
ലോകപ്രശസ്തമായ ഇന്ത്യൻ സ്വർണഖനിയാണ് കർണാടകയിലെ കോലാർ. അതും കെജിഎഫ് സിനിമയ്ക്ക് ലൊക്കേഷനായിരുന്നു. സെറ്റ് ഇട്ടതും അല്ലാത്തതുമായി നിരവധിയിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സ്വർണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്. ആ സ്ഥലമാണ് കോലാർ. ഇന്ത്യയുടെ സ്വർണനഗരമെന്നാണ് കോലാർ അറിയപ്പെടുന്നത്. ബെംഗളൂരുവിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഖനി.

ദൊഡ്ഡബേട്ട കുന്നുകളുടെ താഴ്‌വാരത്തിൽ സ്വർണമുണ്ടെന്നു കണ്ടെത്തിയത് 1880 ൽ ഒരു ഐറിഷ് പട്ടാളക്കാരനാണ്. ബ്രിട്ടിഷുകാരിൽനിന്ന് അനുമതി വാങ്ങി ഖനനം തുടങ്ങി. ജോൺ ടെയ്‌ലർ സൺസ് എന്ന ബ്രിട്ടിഷ് കമ്പനി അതിൽ പങ്കുചേർന്നു.

പിന്നീടങ്ങോട്ടു കോലാർ വികസിക്കുകയായിരുന്നു. മരുപ്രദേശം പോലെ കിടന്നിരുന്നിടത്തൊക്കെ കെട്ടിടങ്ങൾ പൊങ്ങി. ഗോൾഫ് കോഴ്സുകളും ബ്രിട്ടിഷ് പാരമ്പര്യത്തനിമയിൽ കെട്ടിടങ്ങളും വന്നു. െബംഗളുരുവിനും മുൻപേ പിറവിയെടുത്തതാണ് കോലാർ എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണം. ഇപ്പോൾ നഗരം തനി ഇന്ത്യനായിക്കഴിഞ്ഞു.
മലയാളി കാണാത്ത ഇടുക്കി
എല്ലാ വർഷവും ഒഴിവു കിട്ടിയാൽ യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്. മലയാളിയായ ഞാൻ ഇതുവരെ കാണാത്ത ഇടമാണ് ഇടുക്കി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ പാട്ടിലൂടെയാണ് ഇടുക്കി കാണണം എന്ന മോഹം ഉടലെടുത്തത്. ഇൗ മാസം തന്നെ ഇടുക്കിയിലേക്ക് ഞാനും പൂജയും പോകാനിരിക്കുകയാണ്. ചിത്രങ്ങളിലൂടെയും വിഡിയോയിലൂടെയും കാണുമ്പോൾത്തന്നെ ഇടുക്കിയുടെ വൈബ് മനസ്സിലാക്കാം. അപ്പോൾ നേരിട്ട് ആസ്വദിക്കുമ്പോൾ എന്തായിരിക്കും, ഞാനിപ്പോൾ ആ യാത്രയ്ക്കായി കാത്തിരിക്കുകയാണ്.
ഗ്ലാംപിങ്ങും ക്യാംപിങ്ങും
ഇപ്പോൾ ടൂറിസം രംഗത്ത് ഗ്ലാംപിങ് ഹരമായി മാറികൊണ്ടിരിക്കുകയാണ്. ക്യാംപിങ് അനുഭവങ്ങളും ആഡംബര ആതിഥേയത്വവും ഒരുപോലെ സമ്മേളിക്കുന്നതാണ് ‘ഗ്ലാംപിങ്’.
രാത്രിയിലെ വാനനിരീക്ഷണവും പുലർകാല കാഴ്ചയും ചില്ലുകൂട്ടിലിരുന്നു കാണാം. ഗ്ലാസ് മാതൃകയിലാണ് ഗ്ലാംപിങ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് താമസിക്കാൻ പാകത്തിലുള്ള ടെന്റുകളാണ്. അതിൽ കിടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇടുക്കിയിൽ പോയിട്ട് ഗ്ലാംപിങ് ആസ്വദിക്കണം എന്നാണ് ആഗ്രഹം.

ദ്വീപിൽ ഒറ്റപ്പെട്ടുപോകുമോ?
വളരെ സന്തോഷത്തോടെ പ്ലാന്‍ ചെയ്ത യാത്രയായിരുന്നു മാലദ്വീപിലേക്കുള്ളത്. അവിടെ എത്തിയ അന്നാണ് കൊറോണ എന്ന വൈറസിനെക്കുറിച്ച് അറിയുന്നത്. എല്ലായിടത്തും വേഗം കോവിഡ് പടർന്നു പിടിക്കുകയാണെന്നറിഞ്ഞ് ഞങ്ങൾ പേടിച്ചു.

അവധിയാഘോഷിക്കാൻ ഫ്ലൈറ്റും പിടിച്ച് മാലദ്വീപ് പറുദീസയിലേക്കെത്തിയത് ജീവൻ കൈയിൽ വച്ചാണല്ലോയെന്നു ഒാർത്തുപോയി. ഇനി ഇൗ ദ്വീപിൽ ഒറ്റപ്പെട്ടുപോകുമോ? തിരിച്ച് നാട്ടിൽ എത്താൻ സാധിക്കില്ലേ എന്നിങ്ങനെ ടെൻഷനായിരുന്നു. കൈയിലെ കാശും മുടക്കി ആഡംബര റിസോർട്ടിലെത്തി ആഘോഷത്തിനു പകരം വേവലാതികളായിരുന്നു മനസ്സ് നിറയെ. പിന്നെ എന്തുംവരട്ടെ എന്ന ലൈനായി. പിന്നീട് മാലദ്വീപ് യാത്ര അടിച്ചുപൊളിച്ചാണ് മടങ്ങിയെത്തിയത്.
ഞങ്ങളുടെ ഫോർട്ട്കൊച്ചി
ഫോർട്ട്കൊച്ചി ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഇൗ പുതുവർഷത്തിൽ 10 ദിവസവും കൊച്ചിയിലായിരുന്നു ആഘോഷിച്ചത്. അവിടുത്തെ കാഴ്ചകൾക്കൊപ്പം ആകർഷിക്കുന്നതാണ് കാശി ആർട്ട് കഫേ.

ഞാനും പൂജയും ഫൂഡിയാണ്. എല്ലാ െഎറ്റംസും ട്രൈ ചെയ്യാറുണ്ട്. ഫോർട്ട്കൊച്ചിയിലെ ഹാങ്ഒൗട്ട് പ്ലെയ്സാണ് ഇൗ കഫേ. നല്ല അടിപൊളി വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. രുചി മാത്രമല്ല കഫേയിൽ ആർട്ട് എക്സിബിഷനുകൾ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗാലറിയും ഉണ്ട്. കാശി ആർട്ട് കഫേയിൽ കയറി ഭക്ഷണം കഴിക്കാതെ കൊച്ചിയിലേക്കുള്ള യാത്ര അപൂർണമാണ്.
രാജസ്ഥാനി വേഷത്തിൽ
രാജസ്ഥാനി വേഷത്തിൽ ഞാനും പൂജയും അണിഞ്ഞൊരുങ്ങി ചിത്രങ്ങൾ പകർത്തി. ഫോട്ടോ കണ്ടപ്പോൾ ശരിക്കും രാജസ്ഥാനോട് പ്രണയം തോന്നി. പഴമയും പുതുമയും തുന്നിച്ചേർത്ത പരമ്പരാഗത ഭൂമി. രാജസ്ഥാൻ യാത്ര ശരിക്കും ഞങ്ങൾ ആസ്വദിച്ചു. അവിടുത്തെ ഗ്രാമങ്ങളിലൂടെയാണ് കൂടുതലും യാത്ര നടത്തിയത്. ഗ്രാമക്കാഴ്ചകളും നാട്ടുകാരും കൾച്ചറും ഫൂഡുമൊക്കെ ശരിക്കും ആസ്വദിച്ചു.

ഷോപ്പിങ്ങിനു താൽപര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും രാജസ്ഥാനിലെ മാർക്കറ്റുകൾ. നിറങ്ങളുടെ സംഗമസ്ഥലമാണത്. വ്യത്യസ്തങ്ങളായ, കൗതുകം പകരുന്ന നിരവധി വസ്തുക്കൾ ഇവിടെനിന്നു വാങ്ങാം. രാജഭരണകാലത്തെ ശൈലിയിലുള്ള ആഭരണങ്ങളുമൊക്കെയാണ് രാജസ്ഥാനിലെ മാർക്കറ്റുകളിൽ നിന്നു പ്രധാനമായും ലഭിക്കുക.

ഇന്ത്യയുടെ ചരിത്രം പറയുന്ന പൗരാണിക നിർമിതികൾ പേറിനിൽക്കുന്ന ആ മണ്ണിലെ രാജകൊട്ടാരങ്ങളും കോട്ടകൊത്തളങ്ങളും കണ്ടുമടങ്ങുമ്പോൾ കയ്യിലവശേഷിക്കുക, നിറങ്ങൾ വാരിച്ചൂടിയ അവിടുത്തെ കളിക്കോപ്പുകളും ആഭരണങ്ങളുമൊക്കെയായിരിക്കും. കാണുമ്പോൾ വാങ്ങാതെ പിന്മാറാൻ മനസ്സു സമ്മതിക്കാത്ത ആ വസ്തുക്കൾ നമ്മുടെ ബാഗിന്റെ വലുപ്പം രണ്ടിരട്ടിയാക്കും.
മനസ്സ് നിറയ്ക്കും വാരാണസി
ഗംഗാതീരത്തെ ആരതിയാണ് വാരാണസി യാത്രയിലെ മറക്കാനാവാത്ത കാഴ്ച. മനസ്സിനും ആത്മാവിനും ഉണർവേകുന്ന ആത്മീയ കേന്ദ്രമാണ് വാരാണസി.
ഗംഗാനദിയുടെ ഘാട്ടുകൾ, ഇടുങ്ങിയ ലെയിനുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ... വാരാണസി അതുല്യ അനുഭൂതി പകരുന്നതാണ്. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ കാശി നഗരത്തിന്‍റെ ഹൃദയത്തിലാണ് പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറന്‍തീരത്ത് സ്ഥിതിചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർശനവും അനുഭവമായിരുന്നു.

ഹവേലികളും രാജകീയ പ്രതാപം ഉപേക്ഷിച്ച കൊട്ടാരങ്ങളും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ മനോഹര കാഴ്ചകളായിരുന്നു. ചരിത്രത്തിലെ രാജകീയ പ്രതാപം നിറഞ്ഞു നില്‍ക്കുന്ന വാരാണസിലേക്ക് ഇനിയും യാത്ര നടത്തണം.
യാത്ര തുടരും....
ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്. പ്ലാൻ ചെയ്ത് ബക്കറ്റ്ലിസ്റ്റിൽ കുറച്ചിട്ട ഇടങ്ങളുണ്ട്. അതിൽ പ്രധാനം സീഷെല്‍സ്, ബോറ ബോറ െഎലൻഡ്, ഗ്രീസ് എന്നിവയാണ്. പൂജയോടൊപ്പം വാനോളം പറന്ന് ഭൂമിയിലെ കാഴ്ചകൾ കണ്ടാസ്വദിക്കണം. യാത്രകളും കാഴ്ചകളും അവസാനിക്കുന്നില്ല.....
English Summary: Most Memorable Travel Experience by John Kokken