ജപ്പാനിലെ ട്രാഫിക് സിഗ്‍‍‍നലിൽ അംബാനിയെ കണ്ടപ്പോൾ; ഒാർമചിത്രം പങ്കിട്ട് ഇന്ദ്രജിത്ത്

indrajith-travel
Image from Instagram
SHARE

ഓരോ യാത്രയും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന പുതിയ അനുഭവങ്ങളാണ്. ചില യാത്രകള്‍ എക്കാലത്തേക്കുമുള്ള ഓര്‍മകള്‍ സമ്മാനിക്കും. ഇപ്പോഴിതാ പഴയ ജപ്പാൻ യാത്രയുടെ ചിത്രങ്ങൾ ആരാധകർക്കായി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ജപ്പാന്റെ സാംസ്കാരിക നഗരമായ ക്യോട്ടോയിൽ വച്ച് പകർത്തിയ മുകേഷ് അംബാനിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലിൽ വച്ച് കണ്ടുമുട്ടിയ ആൾ എന്നാണ് ആ ചിത്രത്തിന് ഇന്ദ്രജിത്ത് നൽകിയ അടിക്കുറിപ്പ്.‌‌ ‌യാത്രാപ്രേമിയായ താരം കുടുംബത്തിനൊപ്പവും യാത്ര പോകാറുണ്ട്. കഴിഞ്ഞിടെ മൂന്നാറിലേക്കു നടത്തിയ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങൾ ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

2017 ലെ ശൈത്യകാലത്ത് അവധിക്കാലം ചെലവഴിച്ചത് ജപ്പാനിലായിരുന്നെന്നും ആദ്യകാഴ്ചയിൽത്തന്നെ ആ നാടിനോട് പ്രണയം തോന്നിയെന്നും ജപ്പാൻ യാത്രാ‌ചിത്രത്തിനോടൊപ്പം ഇന്ദ്രജിത് കുറിച്ചിട്ടുണ്ട്. പുതിയ ആളുകളെ കണ്ടുമുട്ടുക എന്നതാണ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. അവിടുത്തെ ആളുകൾ, സംസ്കാരം, സൗന്ദര്യം, അച്ചടക്കം എന്നിവ പഠിക്കുവാനും അനുഭവിക്കുവാനും സാധിച്ചു. കൂടാതെ, ചെറിപ്പൂക്കൾ പൂക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ആ രാജ്യം സന്ദർശിക്കണമെന്നത് ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടെന്നും ദൈവം അനുവദിക്കുന്ന ആ സമയത്തിനായി കാത്തിരിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

ജപ്പാനിലെ ദൃശ്യവിസ്മയം

പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെറിമരങ്ങള്‍ ജപ്പാനിലെ മാത്രം ദൃശ്യവിസ്മയമാണ്. ജപ്പാനിലെ ഈ പൂക്കളുടെ ഭംഗി ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ലോകമെമ്പാടും എത്തിയിട്ടുണ്ട്. ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബര ചുംബികളായ കെട്ടിടങ്ങളും നിറഞ്ഞ ജപ്പാൻ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷം പകരും. ജാപ്പനീസ് സംസ്‌കാരവും ആരെയും ആകര്‍ഷിക്കുന്നതാണ്. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാന് ബെസ്റ്റ് ഡെസ്റ്റിനേഷന്‍ ഫോര്‍ കള്‍ച്ചര്‍ എന്ന വിശേഷണവുമുണ്ട്.

വസന്തകാലത്തെ പ്രധാന ആകർഷണമായ ചെറിപ്പൂക്കൾ വിരിഞ്ഞ യുനോ പാർക്ക് തീർച്ചയായും കണ്ടിരിക്കണം. ആയിരത്തിലധികം ചെറിമരങ്ങൾ ഉള്ള പാർക്കിനോട് ചേർന്ന് തടാകവും മ്യൂസിയങ്ങളും മൃഗശാലയും ഉണ്ട്. അനൗദ്യോഗികമായി ജപ്പാനിന്റെ ദേശീയപുഷ്പമായി പരിഗണിക്കുന്നത് ഈ ചെറിപ്പൂക്കളെയാണ്.  മരങ്ങളിൽ ഇല വരുന്നതിനു മുൻപ് ഒരാഴ്ചയോളം ചെറിപൂക്കൾ വിടരുകയും കൊഴിയുകയും ചെയ്യും. അടിമുടി പൂത്തു നിൽക്കുന്ന മരങ്ങൾ നയനമനോഹരമാണ്.

പുരാതന ബുദ്ധക്ഷേത്രം

ടോക്യോവിലെ പുരാതന ബുദ്ധക്ഷേത്രമായ സെൻസോജിയും കാണേണ്ടതാണ്. അഞ്ചു തട്ടായി കാണുന്ന പഗോഡയും വർണ മത്സ്യങ്ങൾ നിറഞ്ഞ ചെറിയ അരുവിയും പൂത്ത ചെറി മരങ്ങളും ക്ഷേത്രത്തിനോട് ചേർന്നുണ്ട്. അവിടത്തെ ആചാരരീതികളും കലാനിർമിതികളും കണ്ടശേഷം ടോക്കിയോ സ്കൈ ട്രീയിലേക്ക് (sky tree) തിരിക്കാം. ഉയരത്തിൽ ദുബായിലെ ബുർജ് ഖലീഫക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഈ ടവറിന്റെ ഉയരം 634 മീറ്ററാണ്. പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന ടവറിൽ റസ്റ്ററന്റും രണ്ടു ഒബ്സെർവഷൻ ഡക്കും ഉണ്ട്. 350 മീറ്റർ ഉയരത്തിലുള്ള ഡക്കിൽ നിന്ന് നഗരവീക്ഷണം നടത്താം. അവിടെയുള്ള ഗ്ലാസ്‌ ഫ്ലോറിൽ കയറി നിന്നാൽ താഴെയുള്ള വ്യൂ ആസ്വദിക്കാം. 

English Summary: Indrajith Sukumaran Shares Throwback Travel Pictures from Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA