ADVERTISEMENT

സിനിമയില്‍ വന്ന ശേഷമുള്ള മാറ്റങ്ങളെന്താണെന്ന് ഗായത്രിയോടു ചോദിച്ചാല്‍ ഒരുപാടു നല്ല സ്ഥലങ്ങള്‍ കാണാന്‍ പറ്റി, വ്യത്യസ്ത ഭക്ഷണം കഴിക്കാന്‍ സാധിച്ചു, നല്ല സ്ഥലങ്ങളില്‍ താമസിക്കാന്‍ പറ്റി എന്നൊക്കെയായിരിക്കും മറുപടി. മറ്റേതൊരു നടിയോട് ചോദിച്ചാലും ഈയൊരുത്തരം കിട്ടിയെന്ന് വരില്ല. സിനിമയ്ക്കൊപ്പം യാത്രയേയും സ്‌നേഹിക്കുന്ന ഗായത്രിക്ക് ഇങ്ങനെ മറകളില്ലാതെ തുറന്ന് പറയാനേ അറിയൂ. മലയാളത്തിന്റെ ശ്രദ്ധേയ യുവനടി ഗായത്രി ആര്‍. സുരേഷ് തുറന്നു പറയുന്നു; യാത്രകളെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, ട്രോളുകളെക്കുറിച്ച്...  

കൂട്ട് കൂട്ടുകാര്‍

‘‘സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രധാനമായും യാത്രകള്‍ പോകുന്നത്. സ്‌കൂള്‍ ഫ്രണ്ട്‌സ് അല്ലെങ്കില്‍ കോളജ് ഫ്രണ്ട്‌സ്. അവര്‍ തന്നെയാണ് ട്രാവല്‍ ബഡ്ഡീസ്. കൂട്ടുകാരോടൊപ്പം പോകുക, അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നതൊക്കെയാണ് എന്റെ യാത്രകളിലെ പ്രധാന സന്തോഷം. 

കേരളത്തില്‍ പോയിട്ടുള്ള സ്ഥലങ്ങളില്‍ വ്യത്യസ്തമായ അനുഭവം വര്‍ക്കലയാണ്. കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പാകത്തിലുള്ള കുടില്‍ റസ്റ്ററന്റുകളുടെ നിരയാണ് ഒരു ഭാഗത്ത്. പിന്നെ വര്‍ക്കലയെ ഒരു മിനി ഗോവ എന്നുതന്നെ പറയാം. ശനിയും ഞായറും അവധി ദിവസവുമൊക്കെ ബാന്‍ഡ് പെര്‍ഫോമെന്‍സും ലൈവ് മ്യൂസിക്കുമൊക്കെയുണ്ടാവും. ഭയങ്കര പോഷായ സ്ഥലമാണ് വര്‍ക്കല. മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു വര്‍ക്കല തന്നത്. 

gayathri-suresh8

പോകുന്ന സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കുക, വ്യത്യസ്ത ഭക്ഷണം കഴിക്കുക ഇതൊക്കെയാണ് ഞങ്ങളുടെ യാത്രകളുടെ പ്രധാന ലക്ഷ്യം. കൂടുതലും കേരളത്തിൽത്തന്നെയാണ് യാത്രകള്‍ നടത്തിയിട്ടുള്ളത്. അടുത്തിടെ വയനാട് പോയപ്പോള്‍ സിപ് ലൈനില്‍ ആദ്യമായി പോയി. തൊള്ളായിരം കണ്ടി എന്ന സ്ഥലത്തായിരുന്നു അത്. കേരളത്തിന് പുറത്ത് ഹംപിയിലും കുളു - മണാലിയിലും പോയിട്ടുണ്ട്.’’

വേറെ വൈബാണ് മണാലി 

‘‘യാത്ര പോയ സ്ഥലങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ടത് മണാലി തന്നെയാണ്. മണാലിയിലെ കാലാവസ്ഥയും തണുപ്പുമൊക്കെയാണ് ഇഷ്ടപ്പെട്ടത്. രണ്ടു തവണ മണാലിയില്‍ പോകാനായി.

gayathri-suresh5

ഫെബ്രുവരിയിലൊക്കെയായിരുന്നു പോയത്. ഭയങ്കര തണുപ്പും മഞ്ഞുമൊക്കെയായിരുന്നു അപ്പോള്‍. അതിലൊരു ദിവസം രാത്രി -29 ഡിഗ്രി വരെയൊക്കെ തണുപ്പായിരുന്നു. നല്ല മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. രാത്രി ജനലില്‍ മഞ്ഞ് വന്നിടിച്ചതൊക്കെ പുതിയ അനുഭവമായി. ഒരു പ്രത്യേക വൈബുള്ള സ്ഥലമാണ് മണാലി.’’

യാത്രാ സ്വപ്‌നം

‘‘സോളോ യാത്രകള്‍ ഇഷ്ടമാണ്. പക്ഷേ, ഇതുവരെ ചെയ്യാനായിട്ടില്ല. സോളോ യാത്ര പോകണം എന്നത് ഒരു സ്വപ്‌നമായിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ ഞാന്‍ പോകാത്ത ഒരുപാട് സ്ഥലങ്ങളുണ്ടല്ലോ.

gayathri-suresh11

ഋഷികേശും ഗോകര്‍ണവും നല്ല സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. ഇതിലേതെങ്കിലും സോളോ യാത്രയ്ക്ക് തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം. ലഡാക്കും ഒരു സ്വപ്‌ന ഡെസ്റ്റിനേഷനാണ്. സെപ്റ്റംബറോടെ ലഡാക്കിലേക്കുള്ള ഒരു യാത്ര സുഹൃത്തിനൊപ്പം പ്ലാന്‍ ചെയ്യുന്നുണ്ട്. 

gayathri-suresh1

സ്വിറ്റ്‌സര്‍ലൻഡാണ് മറ്റൊരു സ്വപ്‌ന ഡെസ്റ്റിനേഷന്‍. ഒരുപാട് പേര്‍ പറഞ്ഞു കൊതിപ്പിച്ച സ്ഥലമാണ് സ്വിറ്റ്‌സര്‍ലൻഡ്. വ്യത്യസ്ത അനുഭവമായിരിക്കുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അവസരം ലഭിച്ചാല്‍ സ്വിറ്റ്‌സര്‍ലൻഡിലേക്ക് തീര്‍ച്ചയായും പോകും.’’

ദുബായും അമേരിക്കയും സ്‌കൈ ഡൈവിങ്ങും

‘‘അഭിനയിച്ച സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഏറെ ഇഷ്ടപ്പെട്ടത് ‘അഭിരാമി’യുടെ ലൊക്കേഷനാണ്. ദുബായിലായിരുന്നു അഭിരാമിയുടെ ചിത്രീകരണം. അത് ഇരുപത് ദിവസത്തിലേറെയുണ്ടായിരുന്നു. ദുബായ് കാണണം എന്ന ആഗ്രഹം നേരത്തേ ഉണ്ടായിരുന്നു. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായിത്തന്നെ പോകാന്‍ പറ്റി. 

gayathri-suresh7

മധുരം 18 എന്ന താരങ്ങളുടെ ഷോയുടെ ഭാഗമായി 2018ല്‍ അമേരിക്കയില്‍ പോയിട്ടുണ്ട്. ഷാഫി സാറായിരുന്നു ഷോ ഡയറക്ടര്‍. അമേരിക്കയിലെ 15ഓളം സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ഷോ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരുപാട് സ്ഥലങ്ങളൊക്കെ കാണാനും സാധിച്ചു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലാസ് വെഗാസ്, ലൊസാഞ്ചലസ് ഒക്കെ പോയിരുന്നു. ഇതില്‍ ലാസ് വേഗസാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഒരുപാട് കാസിനോകളും പബ്ബുകളും നൈറ്റ് ക്ലബുകളുമൊക്കെയുള്ള, ഫുള്‍ ടൈം ഓണായിട്ടുള്ള സ്ഥലമാണ് ലാസ് വേഗസ്.

gayathri-suresh9

അമേരിക്കന്‍ യാത്രയിലെ ഏറ്റവും മറക്കാനാവാത്ത അനുഭവം സ്‌കൈ ഡൈവിങ് തന്നെയായിരുന്നു. ശരിക്കും മരണത്തെ മുന്നില്‍ കാണുക എന്നു പറയുന്നതുപോലുള്ള അനുഭവമായിരുന്നു അത്. ആദ്യം ചെറിയൊരു വിമാനത്തില്‍ 11,000 അടി മുകളില്‍ കൊണ്ടുപോകും. അവിടെനിന്ന് അഞ്ചു പേരാണ് ചാടാനുണ്ടാവുക. ഓരോരുത്തരായി ചാടുമ്പോൾ നമുക്ക് വേണ്ടിയിരുന്നില്ലെന്നൊക്കെ തോന്നും. 

gayathri-suresh12

ഈയൊരു പേടിയേയും മറികടക്കണമെന്ന് തോന്നിയതുകൊണ്ടാണ് അന്നത് ചെയ്തത്. വിമാനത്തില്‍നിന്നു ചാടിയ ശേഷം 45 സെക്കൻഡ് ഫ്രീ ഫോളാണ്. താഴേക്ക് നമ്മളിങ്ങനെ വീണുകൊണ്ടിരിക്കുകയാണ് ഈ സമയം മുഴുവനും. അതിനു ശേഷമാണ് പാരച്യൂട്ട് ഓണാക്കുക. ഇതു ചെയ്യാന്‍ പറ്റിയാല്‍ മറ്റെന്തും ചെയ്യാന്‍ പറ്റുമെന്ന ധൈര്യം അന്ന് കിട്ടി.’’

gayathri-suresh4

ജീവിതത്തില്‍ അഭിനയിക്കാത്ത ഗായത്രി

ഗായത്രിയുടെ ഏറ്റവും നല്ല സ്വഭാവവും ഏറ്റവും മോശം സ്വഭാവവും ഏതാണെന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരമായിരിക്കും. പ്രതികരണങ്ങളെ ഭയക്കാതെ ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുക എന്നതായിരിക്കും അത്. ഈ തുറന്നു പറച്ചിലുകളുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഗായത്രിക്ക്.

gayathri-suresh10

ഒരുപക്ഷേ മലയാള സിനിമയില്‍ ഈ അടുത്തകാലത്തായി ഏറ്റവും ക്രൂരമായ ട്രോളുകള്‍ക്ക് വിധേയയായിട്ടുണ്ടാവുക ഈ നടിയായിരിക്കും. താന്‍ ചെയ്ത സിനിമകളേക്കാള്‍ വേഗത്തില്‍ പ്രസിദ്ധി നേടിക്കൊടുത്തത് ട്രോളുകളാണെന്ന് തുറന്നു പറയാന്‍ മടിയില്ല ഗായത്രിക്ക്. 

ട്രോളന്മാര്‍ക്ക് നന്ദി

പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗായത്രി പറയുന്നു. ‘‘മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്‌സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്‌ഷന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 

gayathri-suresh2

ട്രോളുകള്‍ നെഗറ്റീവാണെന്ന് പറയുമ്പോഴും എനിക്ക് വലിയ തോതില്‍ പ്രസിദ്ധി തന്നിട്ടുള്ളത് ട്രോളന്മാരാണ്. എന്റെ പാട്ടിറങ്ങുമ്പോഴോ ട്രെയിലര്‍ ഇറങ്ങുമ്പോഴോ ട്രോളന്മാര്‍ കുത്തിയിരുന്ന് ട്രോളുണ്ടാക്കി ഇങ്ങനെയൊരു സിനിമയുണ്ടെന്ന് ആളുകളെ അറിയിച്ചിട്ടുണ്ട്. ആ വഴി നോക്കിയാല്‍ ട്രോളന്മാരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.’’

പ്രണയം പ്രണവിനോടും യാത്രകളോടും

യാത്രകളെ ഒരുപാടിഷ്ടപ്പെടുന്നയാളാണ് പ്രണവ്. തന്റെ യാത്രകളോടുള്ള ഇഷ്ടവും പ്രണവിനോടുള്ള ക്രഷിന് കാരണമായിട്ടുണ്ടാവാമെന്നും ഗായത്രി പറയുന്നു.

gayathri-suresh3

‘‘യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുകൂടി ആത്മീയമായി മികച്ചവരാണെന്ന തോന്നലുണ്ട്. പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ.’’

വരാനുള്ള സിനിമകള്‍

‘‘മേയ് മാസത്തില്‍ മാഹി എന്ന സിനിമ ഇറങ്ങാനുണ്ട്. അതിന്റെ ചിത്രീകരണം കണ്ണൂരായിരുന്നു. അവിടെ കുറേ സ്ഥലങ്ങള്‍ കാണാന്‍ പറ്റി. നല്ല ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റി. അഭിരാമി, ഉത്തമി, ബദല്‍ എന്നീ സിനിമകളും പുറത്തിറങ്ങാനുണ്ട്. പിന്നെ തെലുങ്കില്‍ ഗന്ധര്‍വ എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.’’

English Summary: Memorable Travel Experience by actress Gayathri Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com