'ശ്വാസം നിലച്ചു പോകുന്നത്ര മനോഹരം' അവധി ആഘോഷമാക്കി രഞ്ജിനി ജോസ്

Ranjini-Jose
Image from Instagram
SHARE

സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുന്ന രഞ്ജിനി ജോസിന് യാത്രകളും പാഷനാണ്. ഒരുപാടു യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നു രഞ്ജിനി പറയുന്നു. ഷോകൾക്കു പോകുമ്പോൾ, പ്രോഗ്രാം കഴിഞ്ഞ് അവിടെയുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളും സന്ദര്‍ശിക്കാറുണ്ട്. മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ എത്ര തിരക്കിലും ചെറുയാത്രകൾ ചെയ്യണം. യാത്ര നൽകുന്ന ഉന്‍മേഷം മനസ്സിന് മാത്രമല്ല ശരീരത്തിനു കൂടിയാണ്. ടെൻഷന്റെ ലോകത്തിൽനിന്നു ശാന്തസുന്ദരമായ ഇടത്തിൽ‌ എത്തിച്ചേർന്ന അനുഭൂതിയാണ് ഒാരോ യാത്രയും സമ്മാനിക്കുന്നതെന്നും മനോരമ ഒാൺലൈനിനു നല്‍കിയ അഭിമുഖത്തിൽ രഞ്ജിനി പറയുന്നു.

‘‘ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വിദേശത്ത് ഉൾപ്പെടെ മിക്കയിടങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. ബാലിയിൽ‌‍ പോയിട്ടുണ്ടെങ്കിലും പിന്നെയും പോകണമെന്നു തോന്നും. കംബോ‍ഡിയ ഇഷ്ട സ്ഥലങ്ങളിലൊന്നാണ്. ഇതുവരെ പോകാൻ സാധിച്ചിട്ടില്ല. ഗ്രീസ് പൗരാണികത കൊണ്ടും മനോഹാരിതകൊണ്ടും ആരെയും മയക്കുന്ന ഇടമാണ്’’– രഞ്ജിനി പറയുന്നു.

ഇപ്പോൾ അവധിക്കാല യാത്രയിലാണ് താരം. ആംസ്റ്റർഡാമിലെ ട്യൂലിപ് വസന്തം ആസ്വദിക്കുന്ന ചിത്രങ്ങളും ബല്‍ജിയത്തിലെ ബ്രൂഗസ് നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളും രഞ്ജിനി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ആംസ്റ്റർഡാമിലെ ട്യൂലിപ് വസന്തം

ലക്ഷക്കണക്കിനു ട്യൂലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ‘ക്യൂക്കൻ ഹോഫ്’ പൂന്തോട്ടമാണ് നഗരത്തിന്റെ പുഷ്പവിശേഷങ്ങളിലൊന്ന്. ഇളംചുവപ്പ്, വെളുപ്പ്, മഞ്ഞ എന്നിങ്ങനെ ഒരുപാടു നിറങ്ങളിൽ ചിരിക്കുന്ന ട്യൂലിപ് പൂക്കൾ ഏതു സഞ്ചാരിയുടെയും മനംകവരും. ക്യാമറക്കണ്ണുകൾക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ കാഴ്ച. അതുകൊണ്ടു തന്നെ ‘ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തപ്പെടുന്ന ഇടം’ എന്ന ഖ്യാതിയും ക്യൂക്കൻ ഹോഫിനുണ്ട്. വിക്രത്തിന്റെ ഹിറ്റ് ചിത്രം ‘അന്യനി’ലെ ഗാനരംഗത്തിൽ കാണുന്ന, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ട്യുലിപ് പൂന്തോട്ടം ക്യൂക്കൻ ഹോഫാണ്. 

എഴുപതു ലക്ഷത്തിലേറെ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ക്യൂക്കൻ ഹോഫ് പൂന്തോട്ടത്തിൽ, ഏപ്രിൽ–മേയ് മാസങ്ങളിൽ നടക്കുന്ന പുഷ്പമേളയിൽ പങ്കെടുക്കാൻ മാത്രമായി സഞ്ചാരികളെത്താറുണ്ട്.

‘‘ബ്രൂഗ് എനിക്ക് ഏറെ സന്തോഷമേകി’’

‘‘ശ്വാസം നിലച്ചു പോകുന്നത്ര മനോഹരം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. ലോകത്ത് ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട്, ഭാഗ്യവശാൽ അവയിൽ ചിലത് ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ബ്രൂഗ് എന്‍റെ ഹൃദയം കീഴടക്കി. പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല എന്നതുകൊണ്ടും പ്രതീക്ഷിച്ചതിലും കൂടുതൽ കാണാന്‍ സാധിച്ചതിനാലും ആയിരിക്കാം’’ – ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ രഞ്ജിനി കുറിച്ചിരിക്കുന്നതിങ്ങനെയാണ്. കൂടാതെ പാരിസിൽ ഈഫൽ ടവറിന്റെ ഭംഗി ആസ്വദിച്ച് നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.

ബൽജിയത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ബ്രൂഗസ്. ഫ്ലെമിഷ് മേഖലയിലുള്ള വെസ്റ്റ് ഫ്ലാൻഡേഴ്സ് പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഇത്. ഒരുകാലത്ത് ലോകത്തിലെ പ്രധാന വാണിജ്യ നഗരങ്ങളിൽ ഒന്നായിരുന്നു ഇവിടം. യൂറോപ്യൻ സ്റ്റഡീസിനു പേരുകേട്ട കോളജ് ഓഫ് യൂറോപ്പിന്‍റെ ആസ്ഥാനവും ഇവിടെയാണ്.

യൂറോപ്പിലെ ഏറ്റവും മികച്ച സംരക്ഷിത മധ്യകാല നഗരങ്ങളിലൊന്നാണ് ബ്രൂഗസ്. മധ്യകാല വാസ്തുവിദ്യയുടെ നിരവധി ശേഷിപ്പുകള്‍ ഈ നഗരത്തില്‍ കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഹിസ്റ്റോറിക് സെന്റർ ഓഫ് ബ്രൂഗസ് 2000 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ നിർമിക്കപ്പെട്ട ‘ചർച്ച് ഓഫ് ഔവർ ലേഡി’ യാണ് മറ്റൊരു ലോകപ്രശസ്ത സ്മാരകം. മൈക്കലാഞ്ചലോയുടെ ജീവിതകാലത്ത് ഇറ്റലി വിട്ടുപോയ ഏക ശിൽപമെന്ന് വിശ്വസിക്കപ്പെടുന്ന ‘മഡോണ ആൻഡ് ചൈൽഡ്’ എന്ന ശില്‍പവും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. 

ബ്രൂഗസിന്റെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്ക് ബെൽഫ്രി ഓഫ് ബ്രൂഗസ് ആണ്. 13-ാം നൂറ്റാണ്ടിലെ 47 മണികൾ അടങ്ങുന്ന ഒരു മുനിസിപ്പൽ കാരിലോൺ ഉള്ള ബെൽഫ്രി ഓഫ് ബ്രൂഗസ് ബെല്‍ ടവറാണ് മറ്റൊരു ആകര്‍ഷണം. സ്ഥിരമായി സൗജന്യ സംഗീതകച്ചേരികൾക്കായി ഉപയോഗിക്കുന്ന ഒരു മുഴുസമയ കാരില്ലോണർ ഇവിടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

ഹിസ്റ്റോറിക് സെന്റർ ഓഫ് ബ്രൂഗസ്, ബെൽഫ്രീസ് ഓഫ് ബെൽജിയം ആൻഡ് ഫ്രാൻസ് എന്നിവയിൽ ഉൾപ്പെട്ട ഈ ടവറിന് പുറമേ, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ, പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ടെൻ വിജ്ംഗേർഡെ ബെഗ്വിനേജും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്.

English Summary: Ranjini Jose Shares Beautiful Travel Pictures

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA