ഏഴു തലയുള്ള സ്വര്‍ണനാഗം, 600 വർഷം പഴക്കമുള്ള സുവർണ ക്ഷേത്രത്തിലെ കാഴ്ചകള്‍

buddhist-temple
SHARE

കൗതുകം പകരുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുന്ന നാടാണ് തായ്‌ലൻഡ്. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയില്‍, കലാഭംഗിയും ചരിത്രവും മിത്തുകളുമെല്ലാം ഇടകലര്‍ത്തിയുണ്ടാക്കിയ ഒട്ടനവധി നിര്‍മിതികളും പെയിന്‍റിങുകളുമെല്ലാം ഇവിടെയുണ്ട്. ഇത്തരം കലാസൃഷ്ടികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ഇത്തരത്തില്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്ന ഒരിടമാണ് നാൻ പ്രവിശ്യയിലെ വാട്ട് ശ്രീ പാന്‍റൺ എന്നു പേരായ ബുദ്ധക്ഷേത്രം.

സ്വര്‍ണനിറം പൂശിയ വാട്ട് ശ്രീ പാന്‍റൺ ബുദ്ധക്ഷേത്രം വളരെ ദൂരെ നിന്നേ തിളങ്ങുന്ന കാഴ്ചയാണ്. ബുദ്ധക്ഷേത്രത്തിന് മുന്നിൽ ഏഴ് തലകളുള്ള നാഗത്തിന്‍റെ മനോഹരമായ ഒരു സ്റ്റക്കോ ശിൽപവും പ്രദേശത്തിന്‍റെ ചരിത്രം ചിത്രീകരിക്കുന്ന ചുമർചിത്രങ്ങളും ഉണ്ട്. നാൻ സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.

buddhist-temple1
Various images/shutterstock

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, നാൻ പ്രവിശ്യ ഭരിച്ചിരുന്ന ഫൂഖാ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഫായ ഫാൻ ടൺ (കൗണ്ട് പാൻ ടൺ) ആണ് വാട്ട് ശ്രീ പാന്‍റണിന്‍റെ ആദ്യരൂപം സ്ഥാപിച്ചത്. മുന്‍കാലങ്ങളില്‍ വാട്ട് സാലി പാൻ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ആല്‍മരം എന്നാണ് സാലി എന്ന വാക്കിന്‍റെ അർത്ഥം. ക്ഷേത്രത്തിനരികിലായി പണ്ട് വലിയൊരു ആല്‍മരം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചാവോ ഫാ റോഡ്‌ നിര്‍മിക്കാനായി അത് മുറിച്ചുമാറ്റി. 

പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തായ്‌ലൻഡ് രാജാവ് വാട്ട് ശ്രീ പാന്‍റണിന് വിസുങ് ഖാം സീമ പദവി നല്‍കി. രാജകീയ കൽപ്പന പ്രകാരം, ക്ഷേത്ര നിർമ്മാണത്തിനായി തായ്‌ലൻഡ് രാജാവ് സന്യാസിമാർക്ക് പ്രത്യേകമായി പതിച്ചുകൊടുക്കുന്ന പ്രദേശമാണ് വിസുങ് ഖാം സീമ എന്നറിയപ്പെടുന്നത്. 

600 വർഷത്തിലേറെ പഴക്കമുള്ള സുവർണ ബുദ്ധക്ഷേത്രം

600 വർഷത്തിലേറെ പഴക്കമുണ്ട് മനോഹരമായ സുവർണ്ണ ബുദ്ധക്ഷേത്രമായ വാട്ട് ശ്രീ പാന്‍റണിന്. സുഖോത്തായിയുടെ അവസാനത്തിലോ അയുത്തയ കാലഘട്ടത്തിന്‍റെ തുടക്കത്തിലോ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ഫായ ഫാൻ ടൺ എന്നാണ്.

buddhist-temple2
lemaret pierrick/shutterstock

ക്ഷേത്രത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്ന, ഏഴ് തലയുള്ളതും സ്വര്‍ണനിറമുള്ളതുമായ സർപ്പ പ്രതിമ നിര്‍മിച്ചത് അനുരക് സോംസാക് എന്ന പ്രാദേശിക കലാകാരനാണ്. ക്ഷേത്രത്തിന്‍റെ ഗോവണി കാക്കുന്നത് ഈ സര്‍പ്പം ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഒറ്റ നോട്ടത്തില്‍ ജീവനുണ്ടെന്നു തോന്നിക്കും വിധം അതിഗംഭീരമാണ് ഈ ശില്‍പം.

നാൻ ഇതിഹാസങ്ങളും ബുദ്ധമത കഥകളും ബുദ്ധന്റെ ചരിത്രവും ചിത്രീകരിക്കുന്ന ശില്‍പങ്ങളും പെയിന്റിങ്ങുകളുമുള്ള ഉൾവശവും അതിമനോഹരമാണ്. സഞ്ചാരികള്‍ക്ക് വാട്ട് ശ്രീ പാന്റണിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ക്ഷേത്രത്തിനുള്ളില്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

English Summary: Visit Wat Sri Panton in Buddhist Temple in Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA