ADVERTISEMENT

കുഞ്ചാക്കോ ബോബൻ നായകനായ 2018 ലെ കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സുരഭി സന്തോഷ്‌.  പിന്നീട് സുരഭി അഭിനയിച്ച, സംവിധായകൻ സുഗീതിന്‍റെ ഫാന്റസി-ഹൊറർ ചിത്രമായ കിനാവള്ളിക്ക് നല്ല സ്വീകാര്യത ലഭിച്ചു. അതിനുശേഷം, ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, എന്റെ മുത്തച്ഛൻ, മാർഗംകളി മുതലായ മലയാള സിനിമകളിലും താരം അഭിനയിച്ചു. 

 

ഇപ്പോഴിതാ സിനിമാതിരക്കുകളില്‍ നിന്നും വിട്ട് ബാലിയില്‍ വിനോദയാത്രയിലാണ് നടി. ഇവിടെ നിന്നുള്ള മനോഹര ചിത്രങ്ങളും വിഡിയോകളുമെല്ലാം സുരഭിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്.

 

അതിമനോഹരമായ പ്രകൃതിയും വൃത്തിയുള്ളതും ശാന്തമായതുമായ കടലോരങ്ങളും നെല്ലു വിളയുന്ന പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. ഇന്തൊനീഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നായ ബാലിക്ക്, ‘ദൈവങ്ങളുടെ ദ്വീപ്‌' എന്ന വിളിപ്പേര് ലഭിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെയാണ്. ഇന്ത്യന്‍ സഞ്ചാരികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ആദ്യമേ വീസയെടുക്കേണ്ട എന്നൊരു മെച്ചവുമുണ്ട്. ഹണിമൂണ്‍ യാത്രകള്‍ക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരിടമാണ് ബാലി.

 

ബാലിയുടെ ഉള്‍ഗ്രാമങ്ങള്‍ വളരെയധികം സുന്ദരമാണ്. പുരാതന ബാലിയുടെ യഥാർത്ഥ പാരമ്പര്യങ്ങളും ചടങ്ങുകളും നിയമങ്ങളും സവിശേഷമായ ഗ്രാമീണ വാസ്തുവിദ്യയും ഇപ്പോഴും മുറുകെപ്പിടിക്കുന്ന നിരവധി ഗ്രാമങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്. ഗ്രാമീണത ഇഷ്ടമുള്ളവര്‍ക്ക് ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്താം. സാധാരണയായി ദ്വീപ്‌ രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഗതാഗത സൗകര്യം ചെലവേറിയതാണ് എന്നത്. എന്നാല്‍ ബാലിയില്‍ ഇ റിക്ഷകളും ഫെറി സൗകര്യങ്ങളും ബസുകളും എല്ലാം കുറഞ്ഞ ചെലവില്‍ യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താം.

 

ജലവിനോദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബാലി. സ്കൂബ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങുമെല്ലാം എവിടെ നോക്കിയാലും കാണാം. മസാജും സ്പാ ട്രീറ്റ്മെന്റുമെല്ലാം അധികം ചെലവില്ലാതെ ചെയ്യാം.

 

തെരുവുകൾ മുതൽ സാധാരണ വീടുകൾ വരെ ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ കലയും വാസ്തുവിദ്യയുമാണ് ബാലിയുടെ മറ്റൊരു പ്രത്യേകത. ബാലിയിലെ തെരുവുകളിൽ രസകരമായ മണ്ടാല പെയിന്റിങ്ങുകളും ഡിസൈനുകളും കാണാം.  മിക്ക വീടുകളിലും പടികൾ കാണാം. ഓരോ വീടിനും ഒരു കുടുംബ ക്ഷേത്രമുണ്ട്.

 

പാര്‍ട്ടികള്‍ ഇഷ്ടമുള്ളവര്‍ക്ക് കുട്ട എന്ന് പേരുള്ള ഒരു ഇടമുണ്ട് ബാലിയില്‍. ബാലിയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്‍പ്പം പരിഷ്കാരം കൂടുതലുള്ള സ്ഥലമാണ് ഇവിടം. ഓപ്പണ്‍ ബാറുകള്‍, റൂഫ്ടോപ്‌ റെസ്റ്റോറന്റുകൾ തുടങ്ങി സംഘം ചേര്‍ന്ന് വരുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ എല്ലാം ഇവിടെ ഉണ്ട്. ബാലിയിലെ ഏറ്റവും പ്രശസ്തമായ ബിയര്‍ ആയ ബിന്‍ടാംഗ് ഇവിടെ 200 രൂപക്ക് കിട്ടും. 

 

പരമ്പരാഗത ബാലിനീസ് സംസ്കാരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമാണ് ഭക്ഷണം എന്നത് . നാസി ഗോറെംഗ്, സാംബൽ മാതാ, സതായ്, നാസി ടെപെംഗ് എന്നിങ്ങനെ ഏറെക്കുറെ വിചിത്രമായ നിരവധി തനതു രുചികള്‍ ബാലിയിലുണ്ട്.

English Summary:Surabhi Santosh  Shares beautiful Pictures from Bali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com