തായ്‌ലൻഡ് ബീച്ച് വെക്കേഷന്‍ കാഴ്ചകള്‍ പങ്കുവച്ച് ബോളിവുഡ് താരം

mandira-bedi-travel
Image from Instagram
SHARE

തായ്‌ലൻഡിലെ ഫുക്കറ്റില്‍ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിച്ച് ബോളിവുഡ് താരം മന്ദിരാബേദി. ഈ യാത്രയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മന്ദിര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളും ചെയ്തിട്ടുണ്ട്. മന്ദിര പങ്കുവച്ച ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോകത്തിലെ ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഫുക്കറ്റ്. തിളങ്ങുന്ന മണല്‍ത്തീരങ്ങളും തലയാട്ടി നിൽക്കുന്ന ഈന്തപ്പനകളും വെയിലില്‍ മിന്നുന്ന നീലക്കടലും ത്രസിപ്പിക്കുന്ന ജലവിനോദങ്ങളും ആഘോഷരാവുകളുമെല്ലാം ഈ നഗരത്തെ ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാക്കി മാറ്റുന്നു.

തായ്‌ലൻഡിന്‍റെ പടിഞ്ഞാറൻതീരത്ത് ആൻഡമാൻ കടലിലാണ് ഫുക്കറ്റ്. രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഫുക്കറ്റ് ദ്വീപും അതിന്‍റെ തീരത്ത് മറ്റൊരു 32 ചെറിയ ദ്വീപുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്.ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പ്രധാന വ്യാപാര പാതകളിൽ ഒന്നായിരുന്നു ഈ ദ്വീപ്. ടൂറിസമാണ് ഫുക്കറ്റിന്‍റെ പ്രധാന വരുമാന മാര്‍ഗം.

ഫുക്കറ്റിലെ  വിനോദസഞ്ചാര മേഖല മധ്യ പടിഞ്ഞാറൻ തീരത്തുള്ള പാറ്റോംഗ് ബീച്ചാണ്. സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാന്‍ പറ്റും. ഫുകേതിന്‍റെ കളര്‍ഫുള്‍ നൈറ്റ്ലൈഫിന്‍റെയും ഷോപ്പിങ്ങിന്റെയും കേന്ദ്രം എന്നു ഈ ബീച്ചിനെ വിളിക്കാം. 

 ദ്വീപിലെ ഏറ്റവും മനോഹരമായ മറ്റൊരു ബീച്ചാണ് ഫ്രീഡം ബീച്ച്. അവിശ്വസനീയമാംവിധം മൃദുവായ വെളുത്ത മണലും തെളിഞ്ഞ നീല വെള്ളവുമെല്ലാമുള്ള ഈ ബീച്ച് പാറ്റോംഗ് ബീച്ചിൽ നിന്ന് ഏതാനും മിനിറ്റുകൾ മാത്രം അകലെയായാണ് സ്ഥിതിചെയ്യുന്നത്, ഇവിടേക്ക് ബോട്ടിലോ നടന്നോ എത്തിച്ചേരാം. 

 മറ്റൊരു മനോഹര കാഴ്ചയാണ് ഫിഫി ദ്വീപുകള്‍. സിനിമാക്കാരുടെ പറുദീസ എന്ന് വിളിക്കാവുന്ന ഇടമാണ് ഫിഫി ദ്വീപുകള്‍. നിറയെ ഈന്തപ്പനകള്‍ നിറഞ്ഞ ആറു ദ്വീപുകളുടെ കൂട്ടമാണ്‌ ഇവിടെയുള്ളത്. ഫി ഫി ലേ, ഫി ഫി ഡോണ്‍ എന്നിവയാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധമായവ. കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട, മയാ കടലിടുക്കുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. സ്പീഡ് ബോട്ടില്‍ പോവുകയാണെങ്കില്‍ വെറും 45 മിനിറ്റും കടത്തുവള്ളം വഴിയാണെങ്കില്‍ 90 മിനിറ്റും മാത്രമാണ് ഇവിടേക്ക് പോവാന്‍ എടുക്കുന്ന സമയം. 

പാറ്റോംഗിന്‍റെ തെക്ക് ഭാഗത്തായി കരോൺ ബീച്ച്, കാറ്റാ ബീച്ച്, കാറ്റാ നോയി ബീച്ച് , നയ് ഹാൻ ബീച്ച്, റാവായ് എന്നിങ്ങനെയുള്ള ബീച്ചുകള്‍ ഉണ്ട്. വടക്ക് ഭാഗത്താവട്ടെ, കമല ബീച്ച്, സുരിൻ ബീച്ച്, ബാംഗ് താവോ ബീച്ച് എന്നിവയും സ്ഥിതിചെയ്യുന്നു. എല്ലാ ബീച്ചുകളിലും സ്നോര്‍ക്കലിംഗ് പോലെയുള്ള കടല്‍ത്തീര കായിക വിനോദങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യമുണ്ട്.

 നഗരത്തിന് ചുറ്റും നിരവധി ചൈനീസ് ആരാധനാലയങ്ങളും ചൈനീസ് റസ്റ്ററന്റുകളും കാണാം. ചൈനീസ്-പോർച്ചുഗീസ് ശൈലിയിലാണ് പ്രധാനമായും കെട്ടിടങ്ങളുടെ വാസ്തുവിദ്യ. എല്ലാ വർഷവും ഇവിടെ ഒരു ചൈനീസ് വെജിറ്റേറിയൻ ഫെസ്റ്റിവലും നടക്കാറുണ്ട്. ഒമ്പതാം ചൈനീസ് ചാന്ദ്ര മാസത്തിന്‍റെ ആദ്യ ദിവസമാണ് ഈ ഉത്സവം നടക്കുന്നത്. ഉത്സവത്തിന്‍റെ ഭാഗമായി, ചൈനീസ് വംശജരായ ദ്വീപുവാസികൾ ഒമ്പത് ദിവസം സസ്യാഹാരം മാത്രം കഴിച്ചു സ്വയം ശുദ്ധീകരിക്കുന്നു. വരാനിരിക്കുന്ന വർഷം പ്രശ്‌നരഹിതമായിരിക്കാനായി, തീയിലൂടെയുള്ള നടത്തം പോലെയുള്ള നേര്‍ച്ച പ്രകടനങ്ങളും അവര്‍ നടത്തുന്നു. ഈ ഉത്സവത്തില്‍ പങ്കെടുക്കാനും കാഴ്ചകള്‍ കാണുന്നതിനുമായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. 

English Summary: Mandira Bedi Shares Travel Pictures from Phuket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA