ADVERTISEMENT

ഐറിഷ് ഭാഷയിലെ ഏറ്റവും സവിശേഷവും ആകർഷകവുമായ പദങ്ങളിലൊന്നാണ് "ബ്ലാർണി" എന്നത്. വാക്ചാതുര്യം എന്നാണ് ഇതിനർത്ഥം. ലോകത്ത് വളരെ നന്നായി സംസാരിക്കാന്‍ കഴിവുള്ളവരും ഒട്ടും തന്നെ സംസാരചാതുരി ഇല്ലാത്തവരുമുണ്ട്. വശ്യതയോടെ സംസാരിച്ച് മറ്റുള്ളവരെ വീഴ്ത്തുന്ന ആളുകളെ കാണുമ്പോള്‍ എപ്പോഴെങ്കിലും ആ കഴിവ് വേണം എന്നു ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെയൊരു കഴിവ് ഉണ്ടാക്കിയെടുക്കാന്‍ അയര്‍ലണ്ടുകാര്‍ക്കിടയില്‍ ഒരു വഴിയുണ്ട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കോട്ടയുടെ ഏറ്റവും ഉയരമുള്ള പാരപെറ്റിൽ തലകീഴായി കിടന്ന്, ഒരു കല്ല്‌ ചുംബിച്ചാൽ മതി! 

blarney-stone4
Madrugada Verde/shutterstock

അയർലണ്ടിലെ കോർക്കിനടുത്തുള്ള ഒരു മധ്യകാല കോട്ടയാണ് ബ്ലാർണി കാസിൽ. മാർട്ടിൻ നദിക്ക് സമീപം, 1,500 ഏക്കർ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബ്ലാർണി കാസിൽ, അയർലണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന കോട്ടയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കോട്ടയിലേക്ക് 1800 മുതൽ എല്ലാ വർഷവും ആയിരക്കണക്കിന് സഞ്ചാരികൾ ഒഴുകിയെത്തുന്നു. മരിക്കുന്നതിനു മുമ്പ് സഞ്ചാരികള്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ ഈ കോട്ട സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നു. ഈ കോട്ടയിലാണ് വാക്ചാതുരി നല്‍കുമെന്ന് വിശ്വസിക്കുന്ന ബ്ലാർണി സ്റ്റോൺ എന്ന മാന്ത്രികക്കല്ല് സ്ഥിതിചെയ്യുന്നത്.

മാന്ത്രികക്കല്ല് ചുംബിക്കാം

കേട്ട ഉടനെ തന്നെ അങ്ങു പോയി ഈ കല്ല്‌ ചുംബിക്കാനൊന്നും പറ്റില്ല. അത്ര എളുപ്പമല്ല ബ്ലാർണി സ്റ്റോൺ ചുംബിക്കുക എന്നത്. ആദ്യം സര്‍പ്പിളാകൃതിയില്‍ കുത്തനെയുള്ള 127 പടികൾ കയറണം. മുകളില്‍ എത്തിക്കഴിഞ്ഞാല്‍ ഏറ്റവും അറ്റത്തായി പരന്ന ഒരു കല്ല്‌ കാണാം. അസാധാരണ മെയ് വഴക്കം ഉള്ളവര്‍ക്ക് മാത്രമേ കല്ലില്‍ ചുംബിക്കാനാവൂ. 

blarney-stone2
The Old Major/shutterstock

ഇതിനായി സന്ദർശകർ ആദ്യം തന്നെ തല താഴേക്ക് തൂക്കിയിട്ട് മലര്‍ന്നു കിടക്കണം, വീഴാതിരിക്കാൻ ഒരു ഇരുമ്പ് റെയിലിംഗിൽ മുറുകെ പിടിക്കും, 100 അടി താഴ്ചയാണ് തല തൂക്കിയിടുമ്പോള്‍ സഞ്ചാരികള്‍ കാണുക. ഉയരം പേടിയുള്ളവര്‍ക്ക്‌ തലകറങ്ങിയേക്കാം. എന്നാല്‍ വീഴാതിരിക്കാനായി സഞ്ചാരികളെ മുറുക്കെപ്പിടിച്ചുകൊണ്ട് ഒരു അറ്റൻഡർ ഉണ്ടാകും. ഒരു നൂറ്റാണ്ട് മുമ്പ് വരെ ഇത്തരമൊരു സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. ആളുകളുടെ കണങ്കാൽ തലകീഴായി തൂക്കിപ്പിടിച്ച് കല്ലിൽ ചുംബിക്കുന്നതായിരുന്നു പഴയ രീതി, എന്നാൽ ഇങ്ങനെ ചെയ്ത ഒരു യാത്രക്കാരൻ സുഹൃത്തിന്‍റെ കൈകളില്‍ നിന്ന് വഴുതി, താഴേക്ക് വീണ് മരണപ്പെട്ടതോടെ ഈ രീതി അവസാനിച്ചു.

എങ്ങനെയാണ് ബ്ലാർണി സ്റ്റോണ്‍ ഉണ്ടായി

എങ്ങനെയാണ് ബ്ലാർണി സ്റ്റോണ്‍ ഉണ്ടായതെന്ന് ഇന്നും നിഗൂഢമാണ്. വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല, പക്ഷേ ഇത് കാൽസൈറ്റ് കൊണ്ട് നിർമിച്ച ചുണ്ണാമ്പുകല്ലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരത്തിലുള്ള പാറകൾ ഐറിഷ് മണ്ണിൽ സാധാരണമാണ്, അതുകൊണ്ടുതന്നെ അയര്‍ലണ്ട് തന്നെയായിരിക്കാം കല്ലിന്‍റെ ജന്മസ്ഥലം എന്നു അവര്‍ പറയുന്നു. ബ്ലാർണി സ്റ്റോണിനെക്കുറിച്ച് നിരവധി കഥകളും ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത്തരം കഥകളില്‍ ബൈബിളിലെ പ്രവാചകന്മാരും ദേവതകളും എലിസബത്ത് രാജ്ഞിയും വരെ കല്ലുമായി ബന്ധപ്പെട്ട് കിടക്കുന്നു. 

blarney-stone1
The Old Major/shutterstock

ബ്ലാർണി കാസിൽ നിർമിച്ചത് മൺസ്റ്റർ രാജാവായിരുന്ന കോർമാക് മക്കാർത്തിയായിരുന്നു. ബാനോക്ക്‌ബേൺ യുദ്ധത്തിൽ ഇംഗ്ലീഷുകാരെ പരാജയപ്പെടുത്താൻ കോർമാക് മക്കാർത്തി സ്‌കോട്ട്‌ലൻഡിലെ റോബർട്ട് ദി ബ്രൂസിനെ സഹായിച്ചു. ഇംഗ്ലണ്ടിലെ രാജാക്കന്മാരുടെ രാജകീയതയുടെ പര്യായമായ സ്‌റ്റോൺ ഓഫ് സ്‌കോണിന്‍റെ ഒരു ഭാഗം മക്കാർത്തിക്ക് സമ്മാനമായി നൽകിക്കൊണ്ടായിരുന്നു അദ്ദേഹം തന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. 847-ൽ സ്കോട്ട്ലൻഡിലെ ആദ്യത്തെ രാജാവ് കിരീടധാരണം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിന്‍റെ ഭാഗമായിരുന്ന ഈ കല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. ആ കല്ലാണ് ഇതെന്ന് ഒരു വാദമുണ്ട്.

അല്‍പം അതിശയോക്തി കലര്‍ന്ന മറ്റൊരു കഥയും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. മക്കാര്‍ത്തി ഈ കോട്ട നിര്‍മിക്കുന്ന കാലത്ത് അദ്ദേഹം ഒരു കേസില്‍ കുടുങ്ങി തോല്‍ക്കുമെന്ന അവസ്ഥയിലെത്തി. തന്നെ ഇതില്‍ നിന്നും കരകയറ്റാനായി അദ്ദേഹം ക്ലിയോധ്ന ദേവിയോട് ഉള്ളുരുകി പ്രാർത്ഥിച്ചു. കോടതിയിലേക്കുള്ള വഴിയിൽ ആദ്യം കാണുന്ന കല്ലിൽ ചുംബിക്കാൻ ദേവി സ്വപ്നത്തിൽ വന്ന് പറഞ്ഞത്രേ. അങ്ങനെ ചെയ്ത അദ്ദേഹം കേസിൽ വിജയിക്കുകയും കല്ല് തിരികെ കൊണ്ടുവന്ന് കോട്ടയില്‍ സ്ഥാപിക്കുകയും ചെയ്തത്രേ. 

സത്യമെന്തായാലും, ഐറിഷ് സംസ്കാരത്തിൽ ബ്ലാർണി സ്റ്റോൺ എത്ര പ്രിയപ്പെട്ടതാണെന്നതിന്റെ തെളിവാണ്, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഇന്നും കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം കഥകളും കല്ലിനെ ചുംബിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന സഞ്ചാരികളും. 

 

English Summary:Things To Know Before Kiss The Blarney Stone in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com