ADVERTISEMENT

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഉയരങ്ങളില്‍ പാറിപ്പറക്കാനാവും എന്നു തെളിയിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. ഈയിടെ ദുബായ് യാത്രക്കിടെ നടത്തിയ കിടിലന്‍ സ്കൈഡൈവിങ്ങിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

 

പാര്‍വതി ഏറ്റവും പുതുതായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘പുഴു’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതയായ രത്തീന പി ടി സംവിധാനം ചെയ്ത ചിത്രത്തില്‍ നെഗറ്റീവ് പ്രതിച്ഛായയുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ ഏതാനും സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും സിനിമയിൽ പാര്‍വതിയുടെ പ്രകടനവും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

 

ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഹരമായ ബുര്‍ജ് ഖലീഫയും ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒട്ടനവധി നിര്‍മിതികളും മരുഭൂമി സഫാരിയും ഷോപ്പിങ് മാളുകളും തുടങ്ങി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ദുബായ് നല്‍കുന്നത്. ഇക്കൂട്ടത്തില്‍ സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ്‌ ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്. സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ് ദുബായില്‍.

 

 ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊപ്പമാണ് സ്കൈഡൈവ് ദുബായ് മുന്നിട്ടു നില്‍ക്കുന്നത്. 

 

 ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. രജിസ്റ്റർ ചെയ്ത ശേഷം, എല്ലാ സുരക്ഷാ നടപടികളും സജ്ജീകരിച്ച്, മുഴുവൻ പ്രക്രിയയും വിശദീകരിച്ചുകഴിഞ്ഞാൽ, സഞ്ചാരികളെ 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ഏകദേശം 4-5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കാം. 

 

 ഔട്ട്ഡോർ സ്കൈ ഡൈവിംഗിനായി വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കും അത് പരീക്ഷിക്കാൻ ഭയപ്പെടുന്നവർക്കും അനുയോജ്യമായതാണ് ഇൻഡോർ സ്കൈഡൈവിംഗ്. ശക്തമായ ഫാനുകളുടെയും എയർ കണ്ടീഷണറുകളുടെയും സഹായത്തോടെയും ഫ്രീവിൽ സിമുലേഷനും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ചുമാണ് ഈ അനുഭവം ഒരുക്കുന്നത്. ഇന്‍ഫ്ലൈറ്റ് ദുബായ്, ഐഫ്ലൈ ദുബായ് എന്നിങ്ങനെയുള്ള കമ്പനികള്‍ ഈ അനുഭവം നല്‍കുന്നുണ്ട്. 

 

 English Summary: Parvathy Thiruvothu Shares Skydive Video from Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com