ADVERTISEMENT

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഓസ്ട്രേലിയന്‍ യാത്രയുടെ ഓര്‍മകള്‍ പങ്കുവച്ച് നടന്‍ ഇന്ദ്രജിത്ത്. ഓസ്ട്രേലിയയിലെ പ്രസിദ്ധമായ ഗ്രേറ്റ് ഓഷ്യന്‍ റോഡും അരികിലുള്ള ടൂറിസ്റ്റ് ആകര്‍ഷണങ്ങളുമെല്ലാം ഇന്ദ്രജിത്ത് പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. സമുദ്രം, കുന്നുകൾ, പാറക്കൂട്ടങ്ങൾ, വൈനറികൾ, നീണ്ട വളവുകൾ, യാത്രയിലുടനീളം കാഴ്ചകൾ ആസ്വദിക്കാെമന്നും പങ്കുവച്ച ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. 

Australia-trip
pisaphotography/shutterstock

ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ തീരത്ത്, വിക്ടോറിയൻ നഗരങ്ങളായ ടോർക്വേയ്‌ക്കും അലൻസ്‌ഫോർഡിനും ഇടയിലായി സ്ഥിതിചെയ്യുന്ന 240 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് ഗ്രേറ്റ് ഓഷ്യൻ റോഡ് എന്നറിയപ്പെടുന്നത്. വിക്ടോറിയൻ തലസ്ഥാനമായ മെൽബണിൽ നിന്നും നൂറു കിലോമീറ്റർ തെക്കാണ് ഈ റോഡ്‌ തുടങ്ങുന്നത്. 2011ൽ ഓസ്‌ട്രേലിയൻ ദേശീയ പൈതൃക പട്ടികയിൽ ഗ്രേറ്റ് ഓഷ്യൻ റോഡ് സ്ഥാനം നേടി. വാർനാമ്പൂലാണ് പാതയിലെ വലിയ നഗരം.

ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച അറുപതിനായിരം ഓസ്‌ട്രേലിയക്കാരുടെ സ്മരണാർഥമാണ് ഈ പാത നിർമിച്ചിരിക്കുന്നത്. 1919 നും 1932 നും ഇടയിൽ യുദ്ധം കഴിഞ്ഞെത്തിയ 3000 സൈനികരാണ് പാതയുടെ നിർമാണം പൂർത്തീകരിച്ചത്. ഈ റോഡ് ലോകത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകമാണ്. റോഡിന് രണ്ട് വരികളുണ്ട്

തെക്കുകിഴക്കൻ തീരമേഖലയിലെ ഒറ്റപ്പെട്ട നഗരങ്ങളെയും ഗ്രാമങ്ങളെയും പരസ്പരം ബന്ധിപ്പിച്ചാണ് പാത നിർമിച്ചത്. കാലം കഴിയവേ,  ഈ പാത ടൂറിസത്തിന്‍റെയും തടിവ്യവസായത്തിന്‍റെയും കേന്ദ്രമായി മാറി. മുൻപ് കാടിനുള്ളിലൂടെയും കപ്പലിലൂടെയും മാത്രം എത്തിച്ചേരാൻ സാധിച്ചിരുന്ന ഈ പ്രദേശം അതോടെ പുറംലോകവുമായി കൂടുതല്‍ അടുത്തു.

കാഴ്ച കണ്ടുള്ള യാത്ര

അതിമനോഹരമായ ബീച്ചുകളും പച്ചപ്പു നിറഞ്ഞ ഗ്രാമപ്രദേശങ്ങളും ഹൈക്കിങ്, ബൈക്കിങ് പാതകളുമെല്ലാമായി കണ്ണിനുല്‍സവം പകരുന്ന കാഴ്ചകളാണ് ഈ റോഡിലുടനീളം സഞ്ചാരികളെ കാത്തിരിക്കുന്നത്. 

Australia-trip1
pisaphotography/shutterstock

കേപ് ഒട്ട്‌വേയ്‌ക്ക് പടിഞ്ഞാറുള്ള ഷിപ്പ് റെക്ക് കോസ്റ്റും ബാസ് കടലിടുക്കുമെല്ലാം ഇവിടുത്തെ കാഴ്ചകളില്‍ പെടുന്നു. മഴക്കാടുകൾ, കടൽത്തീരങ്ങൾ, പാറക്കെട്ടുകൾ എന്നിവയിലൂടെയെല്ലാം റോഡ് കടന്നുപോകുന്നു. ലോച്ച് ആർഡ് ഗോർജ്, ദി ഗ്രോട്ടോ , ലണ്ടൻ ആർച്ച്(പഴയ ലണ്ടൻ ബ്രിഡ്ജ്), പന്ത്രണ്ട് അപ്പോസ്തലന്മാർ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത ചുണ്ണാമ്പുകല്ല്-മണൽക്കല്ല് ഘടനകളും ഈ വഴിയിലെ കാഴ്ച വിസ്മയങ്ങളില്‍പ്പെടുന്നു.

ലോണിനും അപ്പോളോ ബേയ്ക്കും ഇടയിലുള്ള ഗ്രേറ്റ് ഓഷ്യൻ റോഡിന്‍റെ 45 കിലോമീറ്റർ ഭാഗത്ത് എല്ലാ വര്‍ഷവും "ഗ്രേറ്റ് ഓഷ്യൻ റോഡ് മാരത്തൺ" നടക്കാറുണ്ട്. ലോകമെങ്ങു നിന്നുമുള്ള സ്പോര്‍ട്സ് പ്രേമികളായ സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെ എത്തിച്ചേരുന്നു.

English Summary: Indrajith Shares throwback travel picture from Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com