ADVERTISEMENT

ജീവിതത്തിലും കരിയറിലും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജീവയും അപര്‍ണയും. മോഡലിങ്ങിലും ആങ്കറിങ്ങിലും സിനിമയിലും തിളങ്ങുന്ന ഈ യുവ ദമ്പതികൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. യാത്രകളും ഇവരുടെ ഇഷ്ടവിനോദമാണ്. യാത്രാവിശേഷങ്ങളും അനുഭവങ്ങളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് ജീവയും അപർണയും. 

jeeva-aparna6

ഇഷ്ടങ്ങള്‍ രണ്ട്, യാത്ര ഒന്നിച്ച്

യാത്ര ചെയ്യുന്നത് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എവിടെ യാത്ര ചെയ്യുമ്പോഴും പ്ലാനിങ്ങും കോഓര്‍ഡിനേഷനുമൊക്കെ അപര്‍ണയാണ്. മാലദ്വീപ് അടക്കമുള്ള യാത്രകള്‍ അങ്ങനെയായിരുന്നു. രണ്ട് രീതിയിലുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് അപര്‍ണയും ജീവയും. 

jeeva-aparna4

കാടുകളാണ് ജീവയ്ക്ക് ഇഷ്ടമെങ്കില്‍ കൂടുതല്‍ രാജ്യങ്ങള്‍ കാണുന്നതും ആസ്വദിക്കുന്നതുമാണ് അപര്‍ണയ്ക്കിഷ്ടം. ഇതുവരെ 50 ലേറെ രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞ അപര്‍ണയുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും നിരവധി ഇഷ്ട കേന്ദ്രങ്ങളുണ്ട്.

jeeva9

ഗ്രാമങ്ങളിലൂടെയും കാട്ടിലൂടെയുമൊക്കെ ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളാണ് ജീവയ്ക്ക് ഇഷ്ടമെങ്കില്‍ അപര്‍ണയ്ക്ക് വ്യത്യസ്ത സംസ്‌കാരങ്ങളുള്ള നാടുകള്‍ കണ്ടറിയുന്നതാണ് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് രണ്ടു തരം യാത്രകളും അവസരം കിട്ടുമ്പോഴൊക്കെ നടത്തുന്നു. 

ആദ്യ വിദേശയാത്ര

സൈമ അവാര്‍ഡിനു വേണ്ടിയായിരുന്നു ഇരുവരുടെയും ഒന്നിച്ചുള്ള ആദ്യ വിദേശയാത്ര. രണ്ടു വര്‍ഷം തുടര്‍ച്ചയായി സൈമ അവാര്‍ഡിന്റെ അവതാരകരായിരുന്നു. ഒരു വര്‍ഷം മലേഷ്യയിലും അടുത്തവര്‍ഷം സിംഗപ്പൂരുമായിരുന്നു. കറങ്ങാനായി മാത്രം ആദ്യം വിദേശത്തേക്കു പോയത് ദുബായിലേക്കാണ്.

മറക്കാനാവില്ല മാലദ്വീപ്

‘‘ഒരുമിച്ചുള്ള യാത്രകളും ചെലവഴിക്കുന്ന സമയവുമെല്ലാം മറക്കാനാവാത്തതു തന്നെയാണ്. എങ്കിലും അടുത്തിടെ മാലദ്വീപില്‍ പോയത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. നാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി ടൂര്‍ പാക്കേജായാണ് പോയത്. അവിടെ സെവന്‍ സ്റ്റാര്‍ സൗകര്യമുള്ള റിസോര്‍ട്ടിലാണ് തങ്ങിയത്.

jeeva-aparna1

മാലദ്വീപില്‍ വിമാനം ഇറങ്ങിയ ശേഷം ചെറിയൊരു സീ പ്ലെയിനിലാണ് വെലാവരു ദ്വീപിലെ റിസോര്‍ട്ടിലേക്ക് പോയത്. ചുറ്റും കടല്‍. എപ്പോഴും തിരയടിക്കുന്ന ശബ്ദം. ഉണരുന്നതും ഉറങ്ങുന്നതുമൊക്കെ കടലറിഞ്ഞുകൊണ്ടായിരുന്നു. 

jeeva10

സമാധാനത്തോടെ കടലിന്റെ ഭംഗി ആസ്വദിക്കാന്‍ സഹായിക്കുന്നതായിരുന്നു അവിടെ തങ്ങിയ ദിവസങ്ങള്‍. ഓരോ ദിവസവും ഓരോ രീതിയിലുള്ള ഭക്ഷണം. അങ്ങനെ ഒരുപാട് ആസ്വദിച്ച യാത്രയായിരുന്നു അത്. ഇനിയും മാലദ്വീപില്‍ പോകണമെന്നാണ് ആഗ്രഹം. അത്ര മനോഹരമായിരുന്നു ആ യാത്രാനുഭവം.’’ 

jeeva-aparna2

ഇതിനിടെ തനിക്കുണ്ടായ മറക്കാനാവാത്ത അനുഭവം കൂടി ജീവ പറഞ്ഞു. ‘‘മാലദ്വീപില്‍ തങ്ങിയ ദിവസങ്ങളിലൊന്നില്‍ സൂര്യന്‍ ഉദിച്ചു വരുന്നതു കാണാനായി വെളുപ്പാന്‍കാലത്ത് എഴുന്നേറ്റു. ബീച്ചിലേക്ക് പോയി സ്റ്റോറിയിടാനായി വിഡിയോ എടുത്തുകൊണ്ടിരിക്കെ മീന്‍ ചാടുന്നത് കണ്ടു. ആ കാഴ്ച വ്യക്തമായി കാണുവാനായി അവിടേക്കു പോയപ്പോഴാണ് സംഭവം, മൂക്കുകുത്തി ദാ കിടകുന്നു, ആ വീഴ്ച വല്ലാത്തൊരു അനുഭവമായിരുന്നു.’’

maldives

മലയും കാടും ഇഷ്ടം

എങ്ങോട്ടാണ് പോകാന്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഹില്‍ സ്‌റ്റേഷനുകളാണെന്ന് പറയും ജീവ. അതിരപ്പിള്ളി– മലക്കപ്പാറ– വാല്‍പ്പാറ കാട്ടുവഴികളിലൂടെയുള്ള യാത്രയും മൂന്നാറും വയനാടുമൊക്ക ഏറെ ഇഷ്ടമാണ്. കൂടുതലും പോയിട്ടുള്ള കേരളത്തിലെ സ്ഥലങ്ങള്‍ ഇതൊക്കെയാണ്. എത്ര തവണ പോയാലും വീണ്ടും പോവാനിഷ്ടപ്പെടുന്ന സ്ഥലമാണ് മൂന്നാര്‍. 

അതിരപ്പിള്ളി - വാല്‍പ്പാറ

‘‘സാധാരണ യാത്രകള്‍ അതിരപ്പിള്ളിയിലും തൊട്ടടുത്തുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലുമായി അവസാനിക്കാറാണ് പതിവ്. എന്നാല്‍ അതും കഴിഞ്ഞ് വനം വകുപ്പ് ചെക്പോസ്റ്റും കഴിഞ്ഞ് പോകാന്‍ തയാറായാല്‍ കേരളത്തില്‍ സാധ്യമായ ഏറ്റവും ദീര്‍ഘമായ വനയാത്രകളിലൊന്നായിരിക്കും.

jeeva-travel2

ഇരുവശത്തും കാടും മുളങ്കൂട്ടങ്ങളും ഈറ്റയും നിറഞ്ഞ പാതയിലൂടെ മുകളിലേക്ക് കയറിയാല്‍ വാല്‍പ്പാറയിലാണെത്തുക. കാട്ടുപോത്തുകളുടെയും കുരങ്ങുകളുടെയും മാനുകളുടെയും വരയാടുകളുടെയും വാല്‍പ്പാറ. 

jeeva-travel1

ഇവിടെനിന്നു താഴേക്ക് പൊള്ളാച്ചി വഴി ഇറങ്ങിയാല്‍ 40 ഹെയര്‍പിന്‍ വളവുകളുണ്ട്. പൊള്ളാച്ചിയില്‍നിന്നു കൊഴിഞ്ഞാമ്പാറ വഴി പാലക്കാട്ട് എത്താനാകും. ഒരു ദിവസം നീളുന്ന വനയാത്രയാണ് അതിരപ്പിള്ളി - വാല്‍പ്പാറ യാത്ര. 

valparai-trip3

 

jeeva-aparna11

കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുണ്ട് ഷൂട്ടിന്റെ ആവശ്യത്തിനാണെങ്കിലും പരമാവധി യാത്രകൾ എൻജോയ് ചെയ്യാറുണ്ട്. വയനാട് പൊളി സ്ഥലമാണ്. എനിക്കും അപർണയ്ക്കും ഇഷ്ടമാണ്. ‌കാടും മലയും കോടയും വന്യ ജീവികളുമെല്ലാമായി അടിപൊളിയിടം. വന്യജീവികളെ കണ്ട് കാടിനെ ആസ്വദിച്ച് സ്വന്തം വാഹനത്തില്‍ സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് മുത്തങ്ങ വന്യജീവി സങ്കേതം.

വയനാട്ടിലെത്തിയാൽ കാഴ്ചകൾ ഒരുപാടുണ്ട്. ‌ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു ഡാമായ ബാണാസുര സാഗര്‍, കബനിയിലെ ചെറു ദ്വീപുകളുടെ കൂട്ടമായ കുറുവ ദ്വീപ്, ചുരം കയറിയെത്തുന്ന ലക്കിടിയോട് ചേര്‍ന്നുള്ള പൂക്കോട് തടാകം, മലകയറ്റക്കാരുടെ ഇഷ്ട കേന്ദ്രങ്ങളായ ചെമ്പ്ര, കുറുമ്പാലക്കോട്ട. മീന്‍മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങള്‍, പൗരാണിക ഗോത്ര സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളുള്ള എടക്കല്‍ ഗുഹ... കാഴ്ചകൾ അങ്ങനെ നീളുന്നു.’’

ഹണിമൂണ്‍ യാത്ര

muthanga-rehabilitation-project

‘‘കല്യാണം കഴിഞ്ഞ ശേഷം ഹണിമൂണ്‍ എന്ന പേരില്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു. ബെംഗളൂരുവിലെ ബന്ധുവീട്ടിലേക്ക് മാത്രമാണ് വിവാഹശേഷം യാത്ര പോയത്. എന്നാല്‍, ഇപ്പോള്‍ വര്‍ഷത്തിൽ ഒന്ന് എന്ന തോതില്‍ ദീര്‍ഘദൂര യാത്രകള്‍ ഉണ്ടാവാറുണ്ട്. അതിനെ ഹണിമൂണ്‍ യാത്രകളെന്നും വിളിക്കാം.’’ 

ഇന്ത്യക്കുള്ളിലെ യാത്രകള്‍

jeeva8

കേരളത്തില്‍ എല്ലാ ജില്ലകളിലും പോയിട്ടുണ്ടെങ്കിലും പുറത്ത് ബെംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് കാര്യമായ യാത്രകളെന്നാണ് ജീവ പറയുന്നത്. ജീവയേക്കാള്‍ അപര്‍ണയാണ് കേരളത്തിനു പുറത്ത് യാത്ര ചെയ്തിട്ടുള്ളത്. ‘‘മുംബൈയിലും ജയ്പുരുമൊക്കെ അപര്‍ണ പോയിട്ടുണ്ട്. 

ജയ്പുരൊക്കെ ഭയങ്കര രസമാണെന്ന് കേട്ടിട്ടുണ്ട്. ഇന്ത്യയിൽ ഒന്നു രണ്ട് സ്ഥലങ്ങള്‍ ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്. അടുത്തു തന്നെ പോകും.’’ 

ഡ്രീം ഡെസ്റ്റിനേഷന്‍

ഒന്നിലേറെയുണ്ട് ഡ്രീം ഡെസ്റ്റിനേഷനുകള്‍. ആഫ്രിക്കയിലെ ജംഗിള്‍ സഫാരിക്ക് പോകണമെന്നത് ആഗ്രഹമാണ്. ന്യൂസീലന്‍ഡ്, ഗ്രീസ്, അയര്‍ലൻഡ്, ഐസ്‌ലന്‍ഡ് ഇവിടെയൊക്കെ പോകണമെന്നുണ്ട്. പെറുവിലെ റെയിന്‍ബോ മൗണ്ടന്‍സും ഒരു സ്വപ്‌ന ഡെസ്റ്റിനേഷനാണ്.

English Summary: Most Memorable Travel Experience by Jeeva Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com