ADVERTISEMENT

സഞ്ചാരികള്‍ക്കായി ധാരാളം അദ്ഭുതക്കാഴ്ചകളും അവിസ്മരണീയ അനുഭവങ്ങളും ഒരുക്കുന്ന ഒരു സ്പാനിഷ് അഗ്നിപര്‍വത ദ്വീപാണ് ലാൻസറോട്ടെ. കാനറി ദ്വീപുകളിലെ സ്പാനിഷ് ദ്വീപസമൂഹത്തിന്‍റെ ഭാഗമായ ലാൻസറോട്ടെ ഐബീരിയൻ ഉപദ്വീപിൽ നിന്ന് ഏകദേശം 1000 കിലോമീറ്ററും ആഫ്രിക്കയുടെ വടക്കൻ തീരത്ത് നിന്ന് 125 കിലോമീറ്റർ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. 

‘നിത്യവസന്ത’ മുള്ള ദ്വീപ്‌ എന്നാണ് ലാൻസറോട്ടെയെ വിളിക്കുന്നത്. ഉപോഷ്ണമേഖലാ മരുഭൂമി പ്രദേശമായതിനാല്‍ വർഷത്തിൽ 18 ദിവസങ്ങൾ മാത്രമാണ് ഇവിടെ മഴ പെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ദ്വീപ് വർഷത്തിൽ ഏത് സമയത്തും സന്ദർശിക്കാൻ അനുയോജ്യമാണ്.

ലാൻസറോട്ട് ഒരു അഗ്നിപർവത ദ്വീപാണെങ്കിലും, അതിസുന്ദരമായ നിരവധി ബീച്ചുകളും ഇവിടെയുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ജനപ്രിയമായ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പ്ലേയ ബ്ലാങ്ക. ബീച്ചിലെ കാഴ്ചകള്‍ മാത്രമല്ല, രുചിയൂറുന്ന കടല്‍വിഭവങ്ങളുടെ പറുദീസയാണ് ഇവിടം. ലാൻസറോട്ടിലെ ചില പരമ്പരാഗത വിഭവങ്ങളായ പുണ്ടിലാസ് ഡി കലമർ, വറുത്ത ബേബി സ്ക്വിഡുകൾ തുടങ്ങിയവയെല്ലാം വിളമ്പുന്ന ധാരാളം റെസ്റ്റോറന്റുകള്‍ ഇവിടെയുണ്ട്.

Lanzarote-travel12
Image From Youtube

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള നിരവധി ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. മനോഹരമായ ഭൂപ്രകൃതിയിലൂടെയുള്ള കാൽനടയാത്ര മുതൽ കയാക്കിങ്, മീൻപിടിത്തം, ഡൈവിങ്, സ്നോർക്കെല്ലിങ് തുടങ്ങി വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാം. കടലിനടിയിൽ 30 മീറ്റർ വരെ താഴ്ചയിലേക്ക് കൊണ്ടുപോകുന്ന അന്തര്‍വാഹിനി സഫാരികളും ഇവിടെ സജീവമാണ്. ധാരാളം മത്സ്യങ്ങളെയും സമുദ്രജീവികളെയും തൊട്ടടുത്ത് കാണാം.

18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ഉണ്ടായ അഗ്നിപർവത സ്‌ഫോടനങ്ങളുടെ ഫലമായി ഉണ്ടായ ടിമാൻഫായ ദേശീയ പാർക്കാണ് തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരിടം. ലാവ തണുത്തുണ്ടായ വിചിത്രമായ പാറരൂപങ്ങളും അസാധാരണമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അഗ്നിപർവത ഭൂപ്രകൃതിയുമെല്ലാം ആരുടേയും മനം കവരും.

ജിയോതർമൽ പ്രവർത്തനം നേരിട്ട് കാണാനും അഗ്നിപർവ്വതത്തിൽ നിന്നുള്ള അവിശ്വസനീയമായ കാഴ്ച ആസ്വദിക്കാനുമായി മൊണ്ടനാസ് ഡെൽ ഫ്യൂഗോ എന്നൊരു സ്ഥലമുണ്ട്. ഇവിടേയ്ക്ക് പോകാന്‍ ചെറിയ ഒരു പ്രവേശന ഫീസുണ്ട്. അഗ്നിപർവതത്തിലെ തീ ഉപയോഗിച്ച് പാകം ചെയ്യുന്ന എൽ ഡയാബ്ലോ റെസ്റ്റോറന്റിലെ വിഭവങ്ങളും ആസ്വദിക്കാം.

ചാർക്കോ ഡി ലോസ് ക്ലിക്കോസ് അഥവാ ഗ്രീൻ ലഗൂൺ ആണ് മറ്റൊരു പ്രധാന ഇടം. ഒരു അഗ്നിപർവ്വതം അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി അവിടെ ഒരു ലഗൂണ്‍ ഉണ്ടായ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിദത്ത ഗുഹയും ഗാലറികളുമുള്ള ലോസ് ജാമിയോസ് ഡെൽ അഗുവയും മറ്റൊരു പ്രധാന കാഴ്ചയാണ്.  

അഗ്നിപർവത ഭൂമിയിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ നിറയെ മുന്തിരിത്തോട്ടങ്ങളും കാണാം. ഇവിടങ്ങളില്‍ വൈന്‍ ഉല്‍പ്പാദനം വ്യാപകമാണ്. സഞ്ചാരികള്‍ക്ക് ഇവിടങ്ങളില്‍ നിന്നും വൈന്‍ കുപ്പികള്‍ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാം.

English Summary: Visit Lanzarote Island Travel guide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com