ADVERTISEMENT

കോവിഡ് ഭീതി ഒഴിഞ്ഞതോടെ  യാത്രയുടെ തിരക്കിലാണ് പല സഞ്ചാരികളും. ഇടക്കിടെയുള്ള ചെറിയ യാത്രകള്‍ ഇല്ലാതിരുന്നതു കാരണം, അത്തരം യാത്രകള്‍ക്കായി മാറ്റിവച്ച പണം ഉപയോഗിച്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് പലരും ചെയ്യുന്നത്. വിദേശയാത്രികരുടെ എണ്ണം ഈയിടെയായി വളരെയധികം കൂടിയിട്ടുണ്ട്. വിദേശ വീസകൾക്കായി വൻതോതിലുള്ള അപേക്ഷകളാണ് പ്രതിദിനം ലഭിക്കുന്നത്. 

അതുകൊണ്ടുതന്നെ കാലതാമസം കൂടാതെ യാത്രക്കാർക്ക് വീസ നൽകുന്നതിന് ഷെങ്കൻ രാജ്യങ്ങൾക്ക് അല്‍പം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാല്‍, യാത്ര പ്ലാന്‍ ചെയ്ത് മാസങ്ങള്‍ കാത്തിരിക്കാതെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വീസ അനുവദിച്ചു നല്‍കുന്ന ചില രാജ്യങ്ങള്‍ ഉണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും പല തരത്തിലാണ് വീസകൾ അനുവദിക്കുന്നെങ്കിലും അവയിൽ അധികം കാലതാമസമില്ലാതെ വീസ നല്‍കുന്ന അഞ്ചു രാജ്യങ്ങളെ പരിചയപ്പെടാം.

1. അർമേനിയ 

വിസ്തൃതിയുടെ ഭൂരിഭാഗവും പര്‍വതപ്രദേശങ്ങളും വനങ്ങളും നദികളും നിറഞ്ഞ അർമേനിയ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. തുര്‍ക്കിയുടെ അയല്‍രാജ്യമായ അര്‍മേനിയ സന്ദര്‍ശിക്കാനായി സഞ്ചാരികള്‍ക്ക് ഇ-വീസയ്ക്ക് അപേക്ഷിക്കാം. 

armenia

വീസ നടപടികള്‍ പൂര്‍ത്തിയാകാന്‍ 3 പ്രവൃത്തി ദിവസമാണ് സമയം. ഈ വീസ ഉപയോഗിച്ച് 21 ദിവസത്തേക്ക് യാത്ര ചെയ്യാം. ഇതിനായുള്ള ചെലവ് ഏകദേശം 466 രൂപയാണ്. ഈ വീസ ഉപയോഗിച്ച് അര്‍മേനിയ മാത്രമേ സന്ദര്‍ശിക്കാനാവൂ.

2. ക്രൊയേഷ്യ 

ക്രൊയേഷ്യന്‍ വീസയ്ക്ക് അപേക്ഷിച്ച്, കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ അപ്പോയിന്റ്മെന്റ് സ്ലോട്ട് ലഭിക്കും. വീസ പ്രക്രിയ പൂര്‍ത്തിയാകാന്‍ 2 ആഴ്ച വരെ സമയം എടുത്തേക്കാം. യൂറോപ്പിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഈ വീസ ഉപയോഗിക്കാൻ കഴിയില്ല. 

Croatia

ക്രൊയേഷ്യയിൽ സഞ്ചാരികളെ കാത്ത് നിരവധിയിടങ്ങളുണ്ട്. ക്രൊയേഷ്യയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബിലേക്കാണ് സഞ്ചാരികൾ ഒഴുകിയെത്തുന്നത്. 'മലഞ്ചെരുവിലെ പ്രദേശം' എന്നർത്ഥം വരുന്ന സാഗ്രെബ്, ക്രൊയേഷ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. വാണിജ്യകേന്ദ്രമായ ലോവർ സാഗ്രെബ്, കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളില്‍ സ്ഥിതിചെയ്യുന്ന അപ്പർ സാഗ്രെബ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ നഗരത്തിനുള്ളത്. പള്ളികൾ, കൊട്ടാരങ്ങൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിങ്ങനെ ചരിത്രപരമായ നിരവധി കെട്ടിടങ്ങളും കലാസൃഷ്ടികളും കൊണ്ട് ഇവിടം നിറഞ്ഞിരിക്കുന്നു. 

3. ജോർജിയ

ജോർജിയയിലേക്ക് യാത്ര ചെയ്യാൻ വെറും 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വീസ ലഭിക്കും. ഈ വീസ ഉപയോഗിച്ച് 30 ദിവസം ജോര്‍ജിയക്കുള്ളില്‍ യാത്ര ചെയ്യാം. ആദ്യകാഴ്ചയില്‍ തന്നെ ആര്‍ക്കും ഇഷ്ടം തോന്നുന്ന രാജ്യമാണ് ജോര്‍ജിയ.

2Katskhi-pillar--Georgia

അതേപോലെ തന്നെ ചെലവും കുറവാണ് എന്നത് ഈ രാജ്യത്തോടുള്ള പ്രിയം കൂട്ടും. ബാക്ക്പാക്കര്‍മാരെ സംബന്ധിച്ചിടത്തോളം 1500 രൂപയ്ക്കടുത്തു മാത്രമേ ഒരു ദിവസത്തേക്കുള്ള ചെലവു വരുന്നുള്ളൂ. റ്റിബ്ലിസി, കരിങ്കടല്‍, മലമുകളിലെ മൊണാസ്ട്രികള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇവിടെ കാണാനുമുണ്ട്.

4. സ്വീഡൻ 

സ്വീഡിഷ് വീസയ്ക്ക് പരമാവധി രണ്ടാഴ്ചയാണ് സമയം എടുക്കുക. ഈ വീസ ഉപയോഗിച്ച് മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം എന്നതാണ് സ്വീഡിഷ് വീസയുടെ മേന്മ. എന്നാല്‍, സഞ്ചാരികള്‍ പരമാവധി ദിവസങ്ങൾ സ്വീഡനിൽ താമസിക്കേണ്ടതുണ്ട്, അതിനുള്ള തെളിവും ഹാജരാക്കണം.

 5. തുർക്കി

ഇന്ത്യൻ പൗരന്മാര്‍ക്ക് യുകെ, യു.എസ് അല്ലെങ്കില്‍ ഷെങ്കൻ രാജ്യങ്ങളിലേക്ക് സാധുവായ വീസ ഉണ്ടെങ്കിൽ, തുർക്കിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വീസയ്ക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. വെറും ഒരു ദിവസത്തിനുള്ളിൽ വീസ ലഭിക്കും. ഈ വീസ ഉപയോഗിച്ച് 30 ദിവസത്തേക്ക് രാജ്യത്ത് യാത്ര ചെയ്യാം. 

turkey

സഞ്ചാരികൾ ഏറെ ഇഷ്ടമുള്ളയിടമാണ് തുര്‍ക്കി. സാംസ്കാരികമായും ഇതിനു പ്രാധാന്യമുണ്ട്. റോമൻ അവശിഷ്ടങ്ങൾ, ഗുഹാനഗരങ്ങൾ, ചന്തകള്‍, മെഡിറ്ററേനിയൻ ബീച്ചുകൾ എന്നിവയെല്ലാം സന്തോഷം പകരുന്ന കാഴ്ചകളാണ്. 

English Summary:  European Countries Offering Quick Visas To Tourists Right Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com