ADVERTISEMENT

സാഹസികത ഇഷ്ടമാണോ? ചിലർ യാത്രകൾ പോകുന്നത് തന്നെ സാഹസിക ഇടങ്ങൾ തിരഞ്ഞെടുത്താണ്, പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനൊപ്പം അവിടുത്തെ പ്രധാന കാഴ്ചകൾ ക്യാമറയിൽ പകർത്താനും സഞ്ചാരികൾ മറക്കാറില്ല. സാഹസികപ്രേമികൾ പോകാൻ ആഗ്രഹിക്കുന്നിടമാണ് ഇറ്റലിയിലെ സിസിലി ദ്വീപിലെ മാണ്ട് എറ്റ്ന പർവതം

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച അഗ്നിപർവതമാണിത്. ഏതുനിമിഷം വേണമെങ്കിലും അതു പൊട്ടിത്തെറിക്കാം. സമീപകാലത്തുണ്ടായ ഒരു പൊട്ടിത്തെറിയിൽ നിരവധി പേരാണ് ഇവിടെ അപകടത്തിലായത്. എന്നാൽ അപകടം മുന്നിലുണ്ടെങ്കിലും കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവില്ല. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളാണ് ഈ ചൂടൻ പർവതനിര തേടിയെത്തുന്നത്.

ഇപ്പോഴിതാ ഏറ്റവും അപകടം പിടിച്ച അഗ്നിപർവതമായ മൗണ്ട് എറ്റ്നയുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. എറ്റ്ന പർവതത്തിൽ നിന്ന് ഒഴുകുന്ന ലാവയുടെ ക്ലോസപ്പ് വിഡിയോയാണ് പ്രചരിക്കുന്നത്. 3,330 മീറ്റർ ഉയരമുള്ള അഗ്നിപർവതം വീണ്ടും സജീവമായതിനെ തുടര്‍ന്ന് ഇറ്റാലിയൻ അധികൃതർ കഴിഞ്ഞ ആഴ്ച "യെല്ലോ" അലർട്ട് പുറപ്പെടുവിച്ചിരുന്നു. 

ലാവയുടെ ചിത്രം പകര്‍ത്താനായി കഴിഞ്ഞ ചൊവ്വാഴ്ച ഒരു ക്യാമറാ സംഘം അഗ്നിപർവതത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്തേക്ക് പോയിരുന്നു. 'എറ്റ്ന വാക്ക്' ടീം എന്നറിയപ്പെടുന്ന ഈ സംഘം പകര്‍ത്തിയ വിഡിയോ ആണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്. എറ്റ്ന പർവതത്തിലൂടെ ഉരുകിയൊലിക്കുന്ന ലാവയും ആകാശത്തേക്ക് ഉയരുന്ന പുകപടലങ്ങളുമെല്ലാം കാണിക്കുന്ന ഒരു ക്ലിപ്പ് ആണ് വിഡിയോഗ്രാഫർമാർ സോഷ്യൽമീഡിയയില്‍ പങ്കുവച്ചത്. 

പര്‍വതത്തില്‍ നിന്നും ഒഴുകിവരുന്ന ലാവയുടെ താപനില 1292-1472 ഡിഗ്രി ഫാരൻഹീറ്റ്(700-800 ഡിഗ്രി സെൽഷ്യസ്) വരെ എത്തിയെന്നു സംഘം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഫോടനങ്ങള്‍ നടന്ന ഈ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ വളരെ ജാഗ്രതയോടെയാണ് സംഘം നീങ്ങിയത്.

സിസിലിയൻ പട്ടണമായ കാറ്റാനിയയ്ക്ക് മുകളിലാണ് എറ്റ്ന പര്‍വതം സ്ഥിതി ചെയ്യുന്നത്. സിസിലിയിലെ ചരിത്രപരവും സാംസ്കാരികവുമായ ആകർഷണങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി, ഈ പര്‍വതത്തിന് ഇറ്റലിയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. 2013 മുതൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റാണിത്. പുകയുന്ന അഗ്നിപർവത ഗർത്തങ്ങളും പഴയതും പുതിയതുമായ ലാവാ പ്രവാഹങ്ങളും സന്ദർശകർക്ക് ആകർഷകമായ അനുഭവമാണ്. സഞ്ചാരികള്‍ക്കായി വിവിധ പാക്കേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഇവിടെ സജീവമാണ്. വര്‍ഷം മുഴുവനും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാവുന്ന ഒരിടം കൂടിയാണ് എറ്റ്ന പർവതം.

സിസിലിയിലെ ജനങ്ങൾ ഈ പർ‌‌വതത്തെ ‘മോങ്ഗിബെലോ’ എന്നു വിളിക്കുന്നു. യൂറോപ്പിലെ സജീവ അഗ്നിപർ‌‌വതങ്ങളിൽ ഏറ്റവും ഉയരം കൂടിയതാണ് എറ്റ്ന പര്‍വതം. പര്‍വതത്തിന് ചുറ്റും ഫലഭൂയിഷ്ഠമായ കൃഷിഭൂമിയുള്ള പ്രദേശമാണ്. മുന്തിരി, ഒലീവ്, നാരകം, ആപ്പിൾ, ചെറി, പിസ്റ്റാഷ്യോ, ഹാസെൽനട്ട് തുടങ്ങിയ ഫലവർഗങ്ങളാണ് ഇവിടുത്തെ മുഖ്യവിളകൾ. ചെസ്റ്റ്നട്ട്, ബീച്ച്, ഓക്, പൈൻ, ബെർച്ച് തുടങ്ങിയ സാമ്പത്തിക പ്രാധാന്യമുള്ള മരങ്ങളും തഴച്ചുവളരുന്നു. വർഷത്തിൽ അഞ്ചുതവണയോളം വിളവിറക്കാനാവുന്ന ഭൂമിയാണ്‌ ഇത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

English Summary: Stunning Close-Up Of Sizzling Hot Lava Flowing From Italy's Mount Etna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com