മുങ്ങിക്കപ്പൽ സഞ്ചാരം എന്നാൽ പുറത്തെ കാഴ്ചകളൊന്നുമറിയാതെ ഇരുമ്പു കവചങ്ങൾ കൊണ്ട് അടച്ചുമൂടിയ കപ്പലിൽ കടലിനടിയിൽ പോകുന്നെന്ന സങ്കൽപം ഇനി മാറ്റാം. ആഴക്കടലിന്റെ അടിയിലെ വിസ്മക്കാഴ്ചകൾ കാണാനുള്ള അവസരം ഒരുക്കി സുതാര്യമായ ഭിത്തികളുള്ള മുങ്ങിക്കപ്പൽ വിനോദസഞ്ചാരികൾക്കായി സർവീസ് ആരംഭിച്ചു.
ഫ്ലോറിഡയില്‍ നിർമിച്ച ട്രൈറ്റൻ ഡീപ്വ്യൂ റ്റ്വെന്റി ഫോർ എന്ന മുങ്ങിക്കപ്പൽ വിയറ്റ്നാമിലെ ഹോൺ ട്രീ ദ്വീപിലെ വിൻപേൾ റിസോർട്ടാണ് ആദ്യമായി ഇത്തരമൊരു സാഹസിക സഞ്ചാരം ഒരുക്കിയിരിക്കുന്നത്.
സൂതാര്യമായ അക്രിലിക്കിലാണ് മുങ്ങിക്കപ്പലിന്റെ ഹൾ നിർമിച്ചിരിക്കുന്നത്. 5.5 ഇഞ്ച് കട്ടിയുണ്ട് ഗ്ലാസ് ഭിത്തിക്ക്. 24 സഞ്ചാരികളുമായി 100 മീറ്റർ (328 അടി) ആഴത്തിലേക്ക് സഞ്ചാരിക്കാനുള്ള ശേഷി ഇതിനുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്തിട്ടുള്ള മുങ്ങിക്കപ്പൽ ഇല്ക്ട്രിക് പ്രൊപൽഷൻ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കടലിനടിയിൽ ശബ്ദമലിനീകരണം ഉൾപ്പടെ യാതൊരുവിധത്തി മലിനീകരണവും ഈ വാഹനത്തില്‍ നിന്ന് ഉണ്ടാകില്ലെന്നാണ് നിർമാതാക്കൾ നൽകുന്ന ഉറപ്പ്.