ADVERTISEMENT

ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ആഡംബര റിസോര്‍ട്ടും ലോകോത്തര നിലവാരമുള്ള ഭക്ഷണവും വിനോദാനുഭവങ്ങളുമെല്ലാമായി ഒരു കിടിലന്‍ ലക്ഷ്വറി വെക്കേഷന്‍ സ്വപ്നം കാണാത്തവരായി സഞ്ചാരികളാരും ഉണ്ടാവില്ല. എന്നാല്‍ പോക്കറ്റ് കീറുന്ന കാര്യം ആലോചിക്കുമ്പോള്‍ അതു വേണ്ടെന്നു വയ്ക്കുന്നവരാണ് പലരും. പിന്നെ, ‘മലയാളികള്‍ക്കെന്തിനാണ് മസില്‍’ എന്നു ചോദിച്ച പോലെ ബാക്ക്പാക്കിങ് ലൊക്കേഷനുകള്‍ ധാരാളം ഉള്ളപ്പോള്‍ എന്തിന് ലക്ഷ്വറി ഡെസ്റ്റിനേഷന്‍ എന്നൊക്കെ വാദിക്കും, അപ്പോഴും ആ ആഗ്രഹം മനസ്സിന്‍റെ അടിത്തട്ടില്‍ത്തന്നെ കാണും! എന്നാലിതാ ആ ആഗ്രഹം പൂവണിയിക്കാന്‍ തയാറായിക്കോളൂ, ഒരു ‘ലക്ഷ്വറി ബാക്ക്പാക്കിങ്ങിന് പറ്റുന്ന വിദേശരാജ്യങ്ങളും ഉണ്ട്.

തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കാണ് താങ്ങാവുന്ന ചെലവില്‍ ലക്ഷ്വറി യാത്ര നടത്താവുന്ന ആ നഗരം. ബ്രിട്ടിഷ് വെബ്‌സൈറ്റ് ആയ Money.co.uk ആണ് ബാങ്കോക്കിന് ഈ ബഹുമതി നല്‍കിയത്.

മൂന്ന് ലോക്ഡൗണുകൾ ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടത്തില്‍പ്പോലും ബാങ്കോക്കിലെ ഹൈ-എൻഡ് ഹോട്ടലുകളും റസ്റ്ററന്റുകളും തുറന്നിരുന്നു. മികച്ച നിലവാരമുള്ള ഈ ഇടങ്ങളും ഭക്ഷണവുമെല്ലാം താങ്ങാവുന്ന ചെലവിൽ ലഭിക്കുന്നതാണെന്ന് വെബ്സൈറ്റ് പറയുന്നു. 

Wat Arun night view Temple in bangkok, Thailand

വെബ്‌സൈറ്റ് അനുസരിച്ച്, ബാങ്കോക്കിൽ ഒരു ദിവസത്തേക്ക് ആഡംബര കാർ വാടകയ്‌ക്ക് (മെഴ്‌സിഡീസ്-ബെൻസ്) എടുക്കാനായി 59 ഡോളർ (4588 രൂപ) ആണ് ചെലവ്. ലക്ഷ്വറി ഭക്ഷണത്തിന് ഏകദേശം  150 ഡോളർ (11665 രൂപ), പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ താമസിക്കാൻ ഏകദേശം 295 ഡോളർ (22942 രൂപ) എന്നിങ്ങനെയാണ് ചെലവ്. ലോകത്തെ മറ്റ് ആഡംബര യാത്രാ ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

ബെൽജിയത്തിന്‍റെ തലസ്ഥാന നഗരവും ചോക്കലേറ്റിനും ബീയറിനും ആഗോള പ്രശസ്തവുമായ ബ്രസൽസ് ആണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. യൂറോപ്പിലെ ഏറ്റവും ചെലവുകുറഞ്ഞ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഇവിടെയുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാന്‍ ഏകദേശം 680 ഡോളർ (52884 രൂപ), ആഡംബര കാർ വാടകയ്‌ക്കെടുക്കുന്നതിന് ഒരു ദിവസത്തേക്ക് 150 ഡോളർ (11665 രൂപ) എന്നിങ്ങനെയാണ് ചാര്‍ജുകള്‍ വരുന്നത്.

cliff-side-town-italy

ഇറ്റാലിയൻ നഗരമായ വെറോണയാണ് ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. വടക്കൻ ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ഒരു രാത്രിക്ക് 177 ഡോളർ (13765 രൂപ) ആണ് ഇവിടുത്തെ താമസത്തിന് ചെലവ് കണക്കാക്കുന്നത്. സമ്പന്നമായ ചരിത്രവും വാസ്തുവിദ്യയും കാരണം 2000 നവംബറിൽ യുനെസ്കോ വെറോണയെ ലോക പൈതൃക ഇടമായി പ്രഖ്യാപിച്ചിരുന്നു.

English Summary: Bangkok Named the best city in the world for budget luxury vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com