ADVERTISEMENT

ലഹരിക്കായി നൂറ്റാണ്ടുകളായി ലോകമുടനീളം ഉപയോഗിക്കപ്പെടുന്ന കഞ്ചാവുചെടി കൃഷി ചെയ്യാനും മെഡിക്കൽ ഉപയോഗത്തിനും നിയമപരമായി അനുമതി നൽകുന്ന ആദ്യ ഏഷ്യൻ രാജ്യമായി തായ്‌ലൻഡ്. തായ്‌ലൻഡിൽ കഞ്ചാവു കൃഷിയും കഞ്ചാവ് കൈവശം വയ്ക്കുന്നതും 2022 ജൂൺ 9 വ്യാഴാഴ്ച മുതൽ കുറ്റകരമല്ലാതാക്കി. ഇതിന്‍റെ ഭാഗമായി കാർഷിക മന്ത്രാലയവുമായി സഹകരിച്ച്, വെള്ളിയാഴ്ച മുതൽ 1 ദശലക്ഷം കഞ്ചാവ് തൈകൾ വിതരണം ചെയ്യുമെന്ന് രാജ്യത്തെ പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.

പുതിയ നിയമപ്രകാരം കഫേകളിലും റസ്റ്ററന്റുകളിലും കഞ്ചാവ് കലർന്ന ഭക്ഷണപാനീയങ്ങൾ നൽകാം. എന്നാൽ, ഇത്തരം ഭക്ഷ്യ ഉൽപന്നങ്ങളിൽ ചെടിയുടെ പ്രധാന സൈക്കോ ആക്ടീവ് സംയുക്തമായ ടെട്രാഹൈഡ്രോകനാബിനോൾ (THC) 0.2 ശതമാനത്തിൽ താഴെ മാത്രമേ അടങ്ങിയിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണം.

Maya-Bay

കഞ്ചാവിന്‍റെ കൃഷി, വ്യാപാരം, മെഡിക്കല്‍ ഉപയോഗം എന്നിവ മാത്രമാണ് നിയമവിധേയമാക്കിയിട്ടുള്ളത്. ലഹരിക്കായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും കടുത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് തായ് ആരോഗ്യമന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് നല്‍കുന്ന മൂന്ന് മാസം വരെയുള്ള തടവുശിക്ഷയും 800 ഡോളർ പിഴയും തുടരും. കഞ്ചാവിന്‍റെ നിയമപരമായ ഉൽപാദനം ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള നീക്കം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കര്‍ശനനിയന്ത്രണങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും ബാധകമാണ്. വിനോദസഞ്ചാരികൾക്ക് ചികിത്സയ്‌ക്കോ ആരോഗ്യ സംബന്ധിയായ ആവശ്യങ്ങള്‍ക്കോ വേണ്ടി മാത്രം ഇത് ഉപയോഗിക്കാം. എന്നാല്‍, രാജ്യത്ത് കഞ്ചാവ് നിയമവിധേയമാണ് എന്നതുകൊണ്ടുമാത്രം തായ്‌ലൻഡിലേക്ക് വരാമെന്ന് കരുതുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നില്ലെന്നും മന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു.

thailand

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍റെ ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി ആദ്യ ദിവസം തന്നെ 150,000 ത്തിലധികം ആളുകൾ കഞ്ചാവ് കൃഷി ചെയ്യാൻ റജിസ്റ്റർ ചെയ്തതായി ഒരു പ്രാദേശിക പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്തു.

ഇന്ത്യന്‍ സഞ്ചാരികള്‍ ഏറ്റവുമധികം യാത്ര ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ ഒന്നാണ് തായ്‌ലൻഡ്. കോവിഡിനു മുന്‍പ്, 2019 ൽ ഇന്ത്യയിൽനിന്ന് രണ്ട് ദശലക്ഷം സന്ദർശകരാണ് രാജ്യം സന്ദര്‍ശിച്ചത്. ഇവരില്‍ നിന്നും 2.5 ബില്യൺ ഡോളർ വരുമാനവും ലഭിച്ചു. ഈ വർഷം, അഞ്ചുലക്ഷം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിക്കുമെന്നാണ് തായ്‌ലൻഡ് ടൂറിസം അതോറിറ്റി പ്രതീക്ഷിക്കുന്നത്. മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ്‌നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് വർഷംതോറും തായ്‌ലൻഡിലേക്ക് എത്തുന്നത്.

English Summary: Thailand becomes 1st Asian country to legalise cannabis, but smoking pot illegal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com