ADVERTISEMENT

യാത്രകൾ നടത്താൻ ഏറെ ഇഷ്ടമുള്ളയാളാണ് രഞ്ജിനി ഹരിദാസ്. പല നാടുകളെപ്പറ്റി അറിയാനും പഠിക്കാനും അവിടുത്തെ കാഴ്ചകളാസ്വദിക്കാനുമൊക്കെ ഇഷ്ടമാണ്. ജോലി സംബന്ധമായും അല്ലാതെയും ധാരാളം യാത്ര ചെയ്യാറുണ്ട് താരം. അവിടങ്ങളിലേക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെയും കൂട്ടികൊണ്ടു പോകാനും മറക്കാറില്ല. ‘മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രപോകണം’ എന്നാണ് രഞ്ജിനി പറയുന്നത്. സാഹസിക യാത്രകളോടാണ് കൂടുതൽ ഇഷ്ടം. പോകേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ സംസ്കാരം, ആളുകൾ, ഭക്ഷണം, അടുത്തുള്ള സ്ഥലങ്ങൾ, ചരിത്രം എന്നുവേണ്ട സകലതും ഇന്റർനെറ്റിലൂടെ അരച്ചുകലക്കി പഠിച്ചാണ് താരത്തിന്റെ യാത്രയെന്ന് മനോരമാ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ കൂട്ടുകാരന്‍ ശരത് പുളിമൂടിനൊപ്പം അവധിക്കാല യാത്രാചിത്രം പങ്കുവച്ചിരിക്കുകയാണ്. നെതർലൻഡിലെ ട്യൂലിപ് വസന്തത്തിനു നടുവിൽ നിൽക്കുന്ന ചിത്രമാണ് രഞ്ജിനി ഏറ്റവും പുതിയതായി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വര്‍ഷംതോറും ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. മനോഹരമായ സ്ഥലങ്ങൾ എന്നും ചിത്രത്തിനോടൊപ്പം താരം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നുള്ള ചിത്രവും രഞ്ജിനി പങ്കുവച്ചിരുന്നു. 2021-ലെ പ്രണയ ദിനത്തിലാണ് രഞ്ജിനി തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുന്നത്.

ട്യൂലിപ് വസന്തം

ലക്ഷക്കണക്കിനു ട്യൂലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ‘ക്യൂക്കൻ ഹോഫ്’ പൂന്തോട്ടമാണ് നഗരത്തിന്റെ പുഷ്പവിശേഷങ്ങളിലൊന്ന്. ഇളംചുവപ്പ്, വെളുപ്പ്, മഞ്ഞ എന്നിങ്ങനെ ഒരുപാടു നിറങ്ങളിൽ ചിരിക്കുന്ന ട്യൂലിപ് പൂക്കൾ ഏതു സഞ്ചാരിയുടെയും മനംകവരും. ക്യാമറക്കണ്ണുകൾക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ കാഴ്ച. അതുകൊണ്ടു തന്നെ ‘ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തപ്പെടുന്ന ഇടം’ എന്ന ഖ്യാതിയും ക്യൂക്കൻ ഹോഫിനുണ്ട്. വിക്രത്തിന്റെ ഹിറ്റ് ചിത്രം ‘അന്യനി’ലെ ഗാനരംഗത്തിൽ കാണുന്ന, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ട്യുലിപ് പൂന്തോട്ടം ക്യൂക്കൻ ഹോഫാണ്. 

എഴുപതു ലക്ഷത്തിലേറെ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ക്യൂക്കൻ ഹോഫ് പൂന്തോട്ടത്തിൽ, ഏപ്രിൽ–മേയ് മാസങ്ങളിൽ നടക്കുന്ന പുഷ്പമേളയിൽ പങ്കെടുക്കാൻ മാത്രമായി സഞ്ചാരികളെത്താറുണ്ട്.

English Summary: Ranjini Haridas Shares pictures from Netherlands Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com