ADVERTISEMENT

ലൈംഗികതയും സ്വത്വവുമെല്ലാം മനുഷ്യര്‍ക്ക് സ്വയം തിരഞ്ഞെടുക്കാനാവുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്‍ക്കുന്ന രജ്യങ്ങളാവട്ടെ, വ്യത്യസ്തമായ തിരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളുമുള്ള ആളുകളെ ഒരിക്കലും മറ്റൊരു കണ്ണോടെ കാണുകയോ വികസ്വര രാജ്യങ്ങളിലേതു പോലെ അപമാനിക്കുകയോ ചെയ്യുന്നില്ല. ലെസ്ബിയന്‍-ഗേ-ബൈസെക്ഷ്വല്‍-ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ആളുകളെ ഏറ്റവും സൗഹൃദപരമായി പെരുമാറുന്ന ചില രാജ്യങ്ങള്‍ പരിചയപ്പെടാം.

 

കാനഡ

 

എൽജിബിടിക്യു ടൂറിസത്തിൽ ശ്രദ്ധേയമായ നിക്ഷേപം നടത്തിയ സര്‍ക്കാരാണ് കാനഡയിലുള്ളത്. വ്യത്യസ്തരായ ആളുകളോടുള്ള വിവേചനം തടയുന്നതിനായുള്ള നിയമനിർമ്മാണത്തിനും ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കു വേണ്ടിയും പ്രവര്‍ത്തിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കാനഡ. ടൊറന്റോ, മോൺട്രിയൽ, വാൻകൂവർ എന്നീ മൂന്ന് വലിയ നഗരങ്ങളിലാണ് ഭൂരിഭാഗം ക്വിയർ നിവാസികളും താമസിക്കുന്നത്. ടൊറന്റോ പ്രൈഡ്,  ഫിയർട്ട് മോൺട്രിയൽ,  വാൻകൂവർ പ്രൈഡ് എന്നിവ പോലുള്ള പ്രൈഡ് ഫെസ്റ്റിവലുകളും എൽജിബിടിക്യു ഇവന്റുകളുമെല്ലാം ഇവിടെ നടന്നുവരുന്നു. കാനഡയിലെ മഞ്ഞുകാലത്ത്,  വിസ്‌ലർ പ്രൈഡ് & സ്കീ ഫെസ്റ്റിവൽ,  ട്രെംബ്ലന്റ് ഗേ സ്കൈ വീക്ക്,  ബ്ലൂ മൗണ്ടൻ റെയിൻബോ വീക്കെൻഡ് എന്നിവ പോലുള്ള പരിപാടികളും നടന്നുവരുന്നു.

gay-friendly-1

 

 ന്യൂസിലാൻഡ്

 

1998-ൽ, B&B-കൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് ഗേ ഫ്രണ്ട്ലി യാത്രാ സർട്ടിഫിക്കേഷൻ നൽകിയ ലോകത്തെ ആദ്യത്തെ രാജ്യമാണ് ന്യൂസിലാൻഡ്. ഓക്ക്‌ലൻഡ് പ്രൈഡ് ഫെസ്റ്റിവൽ,  ബിഗ് ഗേ ഔട്ട്,  ക്വീൻസ്‌ടൗണിലെ ഗേ സ്കീ വീക്ക് എന്നിങ്ങനെ മൂന്ന് പ്രധാന വാർഷിക LGBTQ ഇവന്റുകൾക്ക് ന്യൂസിലാൻഡ് ആതിഥേയത്വം വഹിക്കുന്നു. 2018-ൽ ജസീന്ദ ആർഡേൺ ഒരു പ്രൈഡ് പരേഡിൽ മാർച്ച് ചെയ്യുന്ന ന്യൂസിലൻഡിന്‍റെ ആദ്യത്തെ പ്രധാനമന്ത്രിയായി.

 

ഐസ്‌ലാൻഡ്

 

സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന നിയമം 1940-ൽ ഐസ്‌ലാൻഡ് റദ്ദാക്കി. "ഒരു പുരുഷനും സ്ത്രീയും" എന്നതിലുപരി രണ്ട് "വ്യക്തികൾ" തമ്മില്‍ നടക്കുന്നതാണ് വിവാഹമെന്ന് ഐസ്‌ലാൻഡിക് പാർലമെന്‍റ് നിയമത്തിൽ ഭേദഗതി വരുത്തി. 2009-ൽ, ജൊഹാന സിഗുർഡാർഡോട്ടിർ ലോകത്തിലെ ആദ്യത്തെ LGBTQ രാഷ്ട്രത്തലവനായി.

 

ഗ്രീസ്

 

ചരിത്രപരമായി നോക്കിയാല്‍പ്പോലും ഏറെ സ്വവര്‍ഗ്ഗാനുരാഗികള്‍ ഉള്ള രാജ്യമാണ് ഗ്രീസ്. ഗ്രീക്ക് പുരാണത്തില്‍ പറയുന്ന അപ്പോളോ എന്ന ദേവന്‍ ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. അലക്സാണ്ടർ ദി ഗ്രേറ്റും ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്വവർഗ്ഗാനുരാഗികളിൽപ്പെടുന്നു. ഏറ്റവും പഴയതും അറിയപ്പെടുന്നതുമായ LGBTQ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണിത്. പ്രാദേശിക ക്വിയർ സംസ്കാരത്തിന്‍റെ ആഘോഷമായ ഏഥൻസ് ഗേ പ്രൈഡ് ഏറെ പ്രശസ്തമാണ്.

 

 ഫ്രാൻസ്

 

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. പാരമ്പര്യേതര ജീവിതശൈലികള്‍ കൊണ്ടും ഫ്രാൻസ് എന്നും കൗതുകമുണർത്തിയിട്ടുണ്ട്. 70-കൾ മുതൽ പാരീസ് ഒരു ക്വിയർ സൗഹൃദ രാജ്യമാണ്. സ്വവർഗ വിവാഹവും ദത്തെടുക്കലും നിയമപരമാണ്. ഫ്രാന്‍സില്‍ നാല് ഗേ ബീച്ചുകൾ ഉണ്ട്. 

 

 പോർച്ചുഗൽ

 

യൂറോപ്പിന്‍റെ പടിഞ്ഞാറൻ അറ്റത്തുള്ള ഈ  രാജ്യം, സ്വവർഗ്ഗ വിവാഹം മുതൽ ലിംഗ സ്വത്വം വരെയുള്ള എല്ലാ കാര്യങ്ങളിലും വളരെയധികം ലിബറൽ ആണ്. 2010-ൽ സ്വവർഗ വിവാഹം അനുവദിക്കുന്ന എട്ടാമത്തെ രാജ്യമായി പോർച്ചുഗല്‍ മാറി. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ ആളുകൾക്ക്, മറ്റുള്ളവര്‍ക്ക് തുല്യമായ അവകാശങ്ങൾ ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നവരാണ് 80% പോർച്ചുഗീസ് ജനതയും. പോര്‍ച്ചുഗല്‍ നഗരങ്ങളായ ലിസ്ബണും പോർട്ടോയും എല്ലാ വര്‍ഷവും ജൂൺ, ജൂലൈ മാസങ്ങളിൽ പ്രൈഡ് ആഘോഷിക്കുന്നു.

 

English Summary: Most gay friendly countries for travel in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com