ADVERTISEMENT

"സിർഫ്‌ ഏക് ബാർ മുലാക്കാത് കാ മോക്കാ ദേ... ഹം തെരേ ഷെഹർ മേ ആയേ ഹേ മുസാഫിർ കി തരാ..." ,

 

kartarpur-gurdwara4

യാത്രികനായ മധുവിന്റെ മുന്നിൽ കർത്താപ്പുർ ഗുരുദ്വാരയിലെ തണുത്ത തറയിലിരുന്നു പാടുന്നത് ഒരു പാക്കിസ്ഥാനി ഗായകനാണ്. എത്ര മനോഹരമാണ് ആ വരികളും ഗാനവും, മനുഷ്യർ പരസ്പരം കാണാനും അറിയാനുള്ള അവസരങ്ങൾ വരുന്നതുവരെ ശത്രുക്കളായി തുടരുന്ന ഇടങ്ങളുണ്ടായേക്കാം. മനുഷ്യരുടെ കുറ്റം കൊണ്ടല്ലല്ലോ രണ്ടു രാജ്യങ്ങൾ ശത്രുതയിലാകുന്നത്, നിലപാടുകളുടെയും ആശയങ്ങളുടെയുമൊക്കെ ഭിന്നിപ്പ് കൊണ്ടാവാം. പക്ഷേ അതിർത്തികളിലിരുന്നു പരസ്പരം സ്നേഹം പങ്കു വയ്ക്കുകയാണ് ഇവിടെ ഈ ഗുരുദ്വാരയിൽ മനുഷ്യർ.

kartarpur-gurdwara-in-pakistan

 

kartarpur-gurdwara3

ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മിൽ ഇപ്പോഴും ചേർത്തു നിർത്തുന്ന ഒരു ഇടനാഴിയുണ്ട്. കർത്താപ്പുർ ഇടനാഴി. 2019 ലാണ് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി കർത്താപ്പുർ തീർഥാടകർക്കായി തുറന്നിട്ടത്. സിഖ് മത വിശ്വാസികളുടെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമായ ഗുരുദ്വാര ഇവിടെയാണുള്ളത്. സിഖ് മത സ്ഥാപകനായ ഗുരുനാനാക്ക് അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ ജീവിച്ചിരുന്ന ഇടമായതുകൊണ്ടാണ് ഈ പ്രദേശത്തിന് ഇത്ര പ്രാധാന്യം കൈവന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലെ ദേര ബാബാ നാനാക്ക് ചെക്ക് പോസ്റ്റിലൂടെ തീർഥാടകർക്ക് വളരെ കുറച്ചു സമയം കൊണ്ട് ഗുരുദ്വാരയിലെത്താം. ആയിരത്തിലധികം പട്ടാളക്കാർ കാവൽ നിൽക്കുന്ന ഇരു രാജ്യങ്ങളുടെയും അതിർത്തിയിലൂടെയാണ് ഗുരുദ്വാരയിലേക്കു പോകേണ്ടത്. ഇരുപത് ഡോളർ കൊടുത്താണ് പാക്കിസ്ഥാൻ അതിർത്തിയിൽനിന്ന് അകത്തേക്കു കയറേണ്ടത്. ശത്രുത പങ്കിടുന്ന രണ്ടു രാജ്യങ്ങൾക്കിടയിൽ മനുഷ്യരെ വേർതിരിക്കാതെ കൂട്ടി ചേർക്കുന്ന ഒരിടമാണ് കർത്താപ്പുർ. വീസ ആവശ്യമില്ലാത്ത യാത്ര കൂടിയാണിത്. അവിടെ കാത്തിരിക്കുന്ന പാക്കിസ്ഥാനിലെ മനുഷ്യരുടെ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ തയാറെങ്കിൽ യാത്രയ്ക്കൊരുങ്ങാം. പോകുന്നതിന് ഒരു മാസം മുൻപ് ഇന്ത്യൻ എംബസിയിൽ അപേക്ഷ കൊടുക്കണം, അതിനു ശേഷം പോകുന്നത് വരെയുള്ള അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും ഒരു ബുദ്ധിമുട്ടായി തോന്നേണ്ടതുമില്ല. കർത്താപ്പുർ യാത്രയെക്കുറിച്ച് മധു സംസാരിക്കുന്നു.

kartarpur-gurdwara

 

"കർത്താപ്പുർ ഗുരുദ്വാര പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നരോവൽ ജില്ലയിലാണ്. ഇന്ത്യ -പാക്കിസ്ഥാൻ ബോർഡറിൽനിന്നു നാലര കിലോമീറ്ററിലധികം ദൂരമുണ്ട് ഇവിടേക്ക്. ഗുരുനാനാക്ക് അവസാനകാലം ചെലവഴിച്ച ഇവിടം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുരുദ്വാരയാണ്. 2019  നവംബർ മുതലാണ് ഇന്ത്യ -പാക്കിസ്ഥാൻ പ്രത്യേക കരാർ മൂലം ഈ ഗുരുദ്വാര എല്ലാവർക്കുമായി തുറന്നു കൊടുത്തത്. സിഖുകാർക്ക് ആരാധന നടത്താൻ മാത്രമല്ല എല്ലാവർക്കുമായാണ് ഇത് തുറന്നു കൊടുത്തിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും പോകേണ്ട ഒരു സ്ഥലമാണത് എന്നു തോന്നിയതുകൊണ്ടാണ് യാത്രയ്ക്ക് അപേക്ഷിച്ചത്. ഒരു മാസം മുൻപ് യാത്രയ്ക്ക് വേണ്ടിയുള്ള കാര്യങ്ങൾ നീക്കി തുടങ്ങണം. അപേക്ഷിക്കുന്ന ആർക്കും പോകാം. വിശദമായ വിവരങ്ങൾ ആപ്ലിക്കേഷൻ ഫോമിൽ ചോദിക്കുന്നുണ്ട്. അതെല്ലാം കൊടുക്കണം. റജിസ്ട്രേഷൻ കഴിഞ്ഞാൽ, പോകുന്നതിന് ഒരാഴ്ച മുൻപ് ഇന്റലിജന്റ്സിൽനിന്നുള്ള അന്വേഷണവും ഫോൺ വിളികളുമുണ്ടാകും. വീട്ടിൽ വന്നും അവർ അന്വേഷണം നടത്തും. പോകുന്നതിനു മൂന്ന് ദിവസം മുൻപ് മാത്രമേ പാസ് കിട്ടുകയുള്ളൂ. പക്ഷേ അത് കിട്ടിക്കഴിഞ്ഞു ടിക്കറ്റെടുക്കാൻ നോക്കിയാൽ ചിലപ്പോൾ യാത്ര പ്രശ്നമാകും. ഞാൻ നേരത്തേ ടിക്കറ്റ് എടുത്തിരുന്നു. ഡൽഹിയിൽ എത്തിയ ശേഷമാണ് എനിക്ക് കൺഫർമേഷൻ കിട്ടിയതുപോലും. ആദ്യം ലഭിക്കുന്ന റജിസ്ട്രേഷൻ ഒരു ടോക്കൺ മാത്രമാണ് അത് യാത്ര അനുവദിച്ചുകൊണ്ടുള്ള ഉത്തരവല്ല. പോകുന്നതിന് ഒരു ദിവസം മുന്പെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇപ്പോഴും അവിടെ നിർബന്ധമാണ്.

 

കർത്താപ്പുരിലെ ഇന്ത്യൻ ഫോറിൻ അഫയേഴ്‌സിന്റെ വെബ്‌സൈറ്റിൽ യാത്രയ്ക്കുള്ള അപേക്ഷ കൊടുക്കാം. ഇന്ത്യയിലെ ചെക്കിങ് കഴിഞ്ഞ് അവർ അപേക്ഷ പാക്കിസ്ഥാനിലേക്ക് അയക്കും. കയറുന്നതിനു മുൻപ് എല്ലാത്തരം സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകളുണ്ട്. പാക്കിസ്ഥാനിൽ പേപ്പർ പരിശോധനകളും ഒരു സാധാരണ സ്കാനിങ്ങും മാത്രമേയുള്ളൂ. ഇന്ത്യയിലാണ് പരിശോധന കൂടുതലുള്ളത്.

 

അവിടെയെത്തിക്കഴിഞ്ഞാൽ ഇരുപത് ഡോളറാണ് യാത്രയ്ക്കായി അടയ്‌ക്കേണ്ടത്. എമിഗ്രേഷൻ കഴിയുന്നതിനു മുൻപു തന്നെ അത് അടയ്‌ക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ നടപടികളൊക്കെ മറ്റു യാത്രകളെക്കാൾ അൽപം കൂടുതലാണ്. ചെക്കിങ് പല തവണയുണ്ടാകും. സിഖുകാരനല്ലാത്തതിനാൽ എന്നോടു ചോദ്യങ്ങൾ കൂടുതലായിരുന്നു. ആരാധനയ്ക്കായി അല്ലാതെ ഒരു സിഖ് ആരാധനാലയത്തിൽ എന്തിനുപോകുന്നു എന്ന സംശയവും അമ്പരപ്പും അവർക്കുണ്ടാവാം. നമ്മൾ ഒരു യാത്രികനാണ്‌ എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് പ്രധാനം.

 

രാവിലെ 9  മണി മുതൽ വൈകുന്നേരം 5 വരെയാണ് അവിടുത്തെ സന്ദർശന സമയം. ഇന്ത്യൻ അതിർത്തിയിലെ എമിഗ്രേഷൻ ഒക്കെ കഴിഞ്ഞ് ഇന്ത്യൻ പട്ടാളക്കാർ നമ്മളെ ഒരു വാഹനത്തിൽ പാക്കിസ്ഥാൻ അതിർത്തിയിലെത്തിക്കും. അവിടെനിന്നു കൊണ്ടുപോകാൻ വോൾവോ ബസാണ്. ആദ്യം ഒരു കാപ്പി തന്ന ശേഷമേ അവർ കാര്യങ്ങൾ സംസാരിക്കാൻ പോലും തുടങ്ങൂ, അത് പോലെയുള്ള ഊഷ്മളമായ സ്വീകരണമാണ് അവിടുത്തെ പട്ടാളക്കാരിൽനിന്നു ലഭിച്ചത്. ബോർഡർ നടന്നു തന്നെ ക്രോസ്സ് ചെയ്യണം. അവിടെനിന്നു ബസിൽ എമിഗ്രേഷൻ ഓഫിസിൽ എത്തിക്കും. പ്രത്യേക പേപ്പർ വീസയാണ്, അല്ലാതെ പാസ്പോർട്ടിൽ വീസ സ്റ്റാമ്പ് ചെയ്യില്ല. അവിടെ നിന്നുള്ള വാഹനത്തിലാണ് ഗുരുദ്വാരയിൽ എത്തിക്കുക. പക്ഷേ ആ സ്ഥലം വിട്ടു പുറത്തേക്കു പോകാൻ പറ്റില്ല. അവർ തന്നിരിക്കുന്ന ഇടത്തുതന്നെ പറഞ്ഞ സമയം വരെ ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. എത്ര സമയം വേണമെങ്കിലും അവിടെ ചെലവഴിക്കാം. പാക്കിസ്ഥാനികളുമുണ്ടാകും അവിടെ, ഇന്ത്യക്കാർക്കും പാക്കിസ്ഥാനികൾക്കും പ്രത്യേകം ഐഡന്റിറ്റി കാർഡ് ആയിരിക്കും. പക്ഷേ അവരുമായി സംസാരിക്കാനൊക്കെ സാധിക്കും. അവിടെനിന്നു ഭക്ഷണം കഴിക്കാനും പർച്ചേസ് നടത്താനും ഒക്കെ ഉള്ള സൗകര്യമുണ്ട്. ഒരുപാടു സ്ഥലമുള്ള ഒരിടമാണ് ഗുരുദ്വാര.

 

രാവിലെ ചെന്ന് വൈകുന്നേരമാണ് ഞാൻ തിരിച്ചിറങ്ങിയത്. ആരാധനയ്ക്കായി വരുന്ന സിഖുകാരാണ് അവിടെ അധികവും. അതിനിടയിൽ ഒരുപാട് പേരെ പരിചയപ്പെടാൻ സാധിച്ചു. ഇന്ത്യൻ സംഗീതത്തെയും പാക്കിസ്ഥാൻ സംഗീതത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്ന കുറെയധികം ആളുകളുണ്ട് അവിടെ. ആ ദിവസം സംഗീതവും ഞങ്ങൾക്കിടയിൽ സംസാര വിഷയമായി, ഒപ്പം ഒന്നിച്ചിരുന്നു പാട്ടും പാടിത്തകർത്തു. ഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോൾ ഇവിടുത്തെ യഥാർഥ ഭക്ഷണം പുറത്താണ് എന്ന് പറഞ്ഞു പുറത്തു പോയി ഭക്ഷണം സ്നേഹത്തോടെ വാങ്ങിക്കൊണ്ട് തന്നവരുമുണ്ട്. ആതിഥ്യ മര്യാദയാണ് പാക്കിസ്ഥാനികളുടെ പ്രധാനപ്പെട്ട ഒരു കാര്യം.

 

"എല്ലാ ഇന്ത്യക്കാരും നല്ലതല്ലാത്തതു പോലെ എല്ലാ പാക്കിസ്ഥാനികളും നല്ലവരല്ല. പക്ഷേ ഒരുപാടു നല്ല മനുഷ്യർ ഇവിടെയുമുണ്ട്", എന്ന് അവർ പറഞ്ഞതോർക്കുന്നു. തിരിച്ചു പോരുമ്പോൾ ഇമിഗ്രേഷനിൽ കാത്തിരിക്കുന്ന പാക്കിസ്ഥാൻകാരനായ പട്ടാളക്കാരൻ ‘കണ്ടതൊക്കെ ഇഷ്ടപ്പെട്ടോ?’ എന്ന് ചോദിച്ചു. ആരാധനയ്ക്കല്ല, യാത്രകനാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അമ്പരന്നു. നമ്മൾ സിനിമകളിലൊക്കെ വില്ലന്മാരും ഭീകരവാദികളുമായി ചിത്രീകരിക്കുന്ന പാക്കിസ്ഥാൻ രൂപമാണ് അദ്ദേഹത്തിന്, പക്ഷേ അതിനൊട്ടും ചേരാത്ത സ്നേഹം നിറച്ചാണ് അദ്ദേഹം കാര്യങ്ങൾ അന്വേഷിച്ചത്. വീണ്ടും ഫാമിലിയ്ക്കൊപ്പം വരണം എന്നും പറഞ്ഞാണ് വിട്ടത്. അതേ, ലോകത്ത് നല്ല മനുഷ്യർ ഒരുപാടുണ്ട്.

 

English Summary: Kartarpur Gurdwara In Pakistan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com