ADVERTISEMENT

ദോഹയില്‍ ഒരു അവധിക്കാലം എന്നു കേള്‍ക്കുമ്പോള്‍ മനോഹരമായ ഓവർവാട്ടർ വില്ലകളും സ്വര്‍ണ മണലും ഇന്ദ്രനീലനിറമുള്ള കടല്‍പ്പരപ്പുമൊന്നും മനസ്സിൽ വരണമെന്നില്ല. മാലദ്വീപ് പോലുള്ള സ്ഥലങ്ങളാണ് അവ കാണുന്നതിന് വേണ്ടി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അത് അതിലേറെയും നല്‍കുന്ന മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രം ദോഹയിലുണ്ട്.

banana-island-doha-3

ഒരു വാഴപ്പഴത്തിന്‍റെ അഥവാ അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ബനാന ദ്വീപാണ് സഞ്ചാരികളുടെ മനംകവരുന്ന ആ ഇടം. 2015- ൽ തുറന്നതു മുതൽ ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. തായ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനന്തര എന്ന ആഡംബര റിസോർട്ടാണ് ബനാന ദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്. ഗൾഫ് മേഖലയിലെ രണ്ട് ഓവർവാട്ടർ റിസോർട്ടുകളിൽ ഒന്നാണിത്, മറ്റൊന്നുള്ളത് ദുബായിലെ പാം റിസോർട്ടാണ്.

banana-island-doha-5

ഇസ്ലാമിക് ആർട്സ് മ്യൂസിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന ധോ ഹാർബര്‍ വഴിയോ അല്ലെങ്കില്‍ സ്വകാര്യബോട്ട് വഴിയോ ആണ് ഇവിടേക്ക് എത്തുന്നത്. റിസോര്‍ട്ട് തന്നെ ഇതിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. യാത്രയ്ക്കിടയിൽ അറേബ്യൻ കാപ്പിയും ഈന്തപ്പഴവുമെല്ലാം സഞ്ചാരികള്‍ക്ക് നല്‍കും.

banana-island-doha-4

പതിമൂന്നേക്കറില്‍ ആഡംബരത്തിന്‍റെ അദ്ഭുതലോകമാണ് ബനാന ദ്വീപ്‌ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. 141 അതിഥി മുറികളും വില്ലകളും ബംഗ്ലാവുകളും മനോഹരമായി അലങ്കരിച്ച കുളിമുറികളുമെല്ലാം ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഓട്ടോമാറ്റിക് കർട്ടനുകൾ, ഫ്ലാറ്റ് സ്‌ക്രീൻ ടിവികൾ, മിനി ബാറുകൾ, കോഫി മെഷീനുകൾ എന്നിവയെല്ലാം ഇവിടങ്ങളില്‍  സജ്ജീകരിച്ചിരിക്കുന്നു.

ഏകദേശം ഒരു കിലോമീറ്റര്‍ നീളുന്ന ബീച്ചാണ് മറ്റൊരു ആകര്‍ഷണം. ഡൈവിങ്, കയാക്കിങ്, സ്നോർക്കലിങ്, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിങ് തുടങ്ങിയ ഔട്ട്ഡോര്‍ വിനോദാനുഭവങ്ങള്‍ ആസ്വദിക്കാം.

banana-island-doha-1

ഖത്തർ മദ്യമില്ലാത്ത രാജ്യമായത് കൊണ്ടുതന്നെ, ബനാന ഐലൻഡ് ഒരു ഡ്രൈ റിസോർട്ടാണെന്ന കാര്യം സഞ്ചാരികള്‍ പ്രത്യേകം ഓർമി ക്കേണ്ടതാണ് ഇവിടേക്ക് മദ്യം കൊണ്ടുവരാന്‍ പാടില്ല. എന്നാല്‍ പൂളില്‍ നീന്തുമ്പോള്‍ രുചികരമായ വിവിധ മോക്ക്ടെയിലുകള്‍ ആസ്വദിക്കാം. പരമ്പരാഗത മിഡിൽ ഈസ്റ്റേൺ, ഏഷ്യൻ വിഭവങ്ങൾ മുതൽ അമേരിക്കൻ ഡൈനർ ക്ലാസിക്കുകൾ, ഇറ്റാലിയൻ ഫൈൻ ഡൈനിങ്ങ് വരെ വിളമ്പുന്ന റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കാം.

banana-island-doha-2

അതിഥികൾക്ക് ദ്വീപിലെ സ്പായിലും വെൽനസ് സെന്ററിലും സമയം ചിലവഴിക്കാം. 20 സീറ്റുകളുള്ള സിനിമാ തിയേറ്ററിനുള്ളിൽ സിനിമകള്‍ കാണാം. ഗോള്‍ഫ്, ഫൂസ്ബോള്‍ തുടങ്ങിയവ കളിക്കാം. കൂടെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി സ്ലൈഡുകളുള്ള ഒരു പൂളും കുട്ടികളുടെ സിനിമയും കുട്ടികളുടെ ക്ലബ്ബുകളും ഉണ്ട്. ജർമനി, റഷ്യ, യുകെ എന്നിവിടങ്ങളിൽ നിന്നുമാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. കൂടാതെ ഖത്തറില്‍ നിന്നുമുള്ള കോടീശ്വരന്‍മാരും ഇവിടെ സമയം ചിലവഴിക്കാന്‍ എത്തുന്നു.

English Summary: Banana Island In Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com