തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യയെ സംബന്ധിച്ചിടത്തോളം ഏറെ തിരക്കുള്ള ഒരു വര്‍ഷമായിരുന്നു കടന്നുപോയത്. അതിനിടയില്‍ അല്പം സമയം കിട്ടിയപ്പോള്‍ അവധിക്കാലം ആഘോഷിക്കാനായി സൂര്യയും ഭാര്യ ജ്യോതികയും മകള്‍ ദിയയും കോസ്റ്റാറിക്കയിലേക്ക് പറന്നു. അവധിക്കാലത്തിന്റെ മനോഹരദൃശ്യങ്ങളുമായി വിഡിയോ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മകൾ ദിയയാണ് ഈ വിഡിയോ എഡിറ്റ് ചെയ്തത്.
താരദമ്പതികൾ കാപ്പിത്തോട്ടങ്ങൾ സന്ദർശിക്കുന്നതിന്റെയും റിവര്‍ റാഫ്റ്റിങ് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ ഇതിലുണ്ട്. ഈ വിഡിയോ സൂര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും പങ്കുവച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടിയ ജ്യോതികയും തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും 2006 സെപ്റ്റംബർ 11- നാണ് വിവാഹിതരാകുന്നത്. വിവാഹശേഷം ‘36 വയതിനിലെ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ജ്യോതിക പിന്നീട്, മഗളിർ മട്ടും, നാച്ചിയാർ, കാറ്റിൻ മൊഴി, രാച്ചസി തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ‘പൊൻമകൾ വന്താൽ’, മണിരത്നത്തിന്റെ മൾട്ടി-സ്റ്റാർ ചിത്രമായ ‘ചെക്ക ചിവന്ത വാനം’ എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തു.
കമൽഹാസന്റെ ‘വിക്രം’ എന്ന സിനിമയിൽ സൂര്യ ഈയിടെ അതിഥി വേഷം ചെയ്തിരുന്നു. കഴിഞ്ഞ വർഷം, നിരൂപക പ്രശംസ നേടിയ ജയ് ഭീം, മണിരത്നം സഹകരിച്ച നെറ്റ്ഫ്ലിക്സിന്റെ നവരസ എന്നിവയിൽ സൂര്യ അഭിനയിച്ചു. അക്ഷയ് കുമാറിന്റെ ‘സൂരറൈ പോട്ര്’ റീമേക്കിലും സൂര്യ അതിഥി വേഷത്തിൽ എത്തും. ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘റോക്കട്രി: ദി നമ്പി ഇഫക്റ്റി’ലും സൂപ്പർസ്റ്റാർ അതിഥി വേഷം ചെയ്യുന്നുണ്ട്.
ഇത് സമ്പന്ന തീരം
സമ്പന്ന തീരം എന്നറിയപ്പെടുന്ന മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്ക, ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും സന്ദര്‍ശിച്ചിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ്. മികച്ച ജനാധിപത്യനയങ്ങള്ക്കും വിദ്യാഭ്യാസവും സംസ്കാരവുമുള്ള ജനങ്ങള്‍ക്കും പേരുകേട്ട ഈ രാജ്യം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.

ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക് സ്ഥിതിചെയ്യുന്ന കോസ്റ്റാറിക്ക, സുസ്ഥിര ടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകകളില്‍ ഒന്നാണ്. സെൻട്രൽ അമേരിക്കൻ മേഖലയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യമാണ് കോസ്റ്റാറിക്ക. പ്രകൃതിക്ക് യാതൊരു കോട്ടവും വരുത്താതെയുള്ള ഇവിടുത്തെ ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണ്. ഈ കൊച്ചുരാജ്യത്തിന്റെ മുപ്പതു ശതമാനത്തിലധികം സംരക്ഷിത വനപ്രദേശങ്ങളാണ്. അതുകൊണ്ടുതന്നെ, ആയിരക്കണക്കിന് വന്യജീവികളെയും ജന്തുജാലങ്ങളെയും കണ്ടുകൊണ്ട് ഇവിടെ സഞ്ചാരികള്‍ക്ക് കാടുകളിലൂടെ നടക്കാം. ഇവിടുത്തെ മഴക്കാടുകള്‍ അതീവസുന്ദരമാണ്.

സഞ്ചാരികള്‍ക്കായി സിപ്ലൈൻ യാത്രകളും ഇവിടെ സാധാരണമാണ്. കൂടാതെ വാട്ടർ റാഫ്റ്റിംഗിനും പ്രസിദ്ധമാണ് ഇവിടം. ലോകത്തിലെ ഏറ്റവും മികച്ച കാപ്പികളില്‍ ഒന്ന് ഇവിടെ രുചിക്കാം. പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നാണ് രാജ്യത്തെ 99% ഊർജ്ജവും ഉല്‍പ്പാദിപ്പിക്കുന്നത് എന്നതും കോസ്റ്റാറിക്കയുടെ പ്രത്യേകതയാണ്.
English Summary: Suriya And Jyotika Share A Video From Costa Rica Travel