അവധിയാഘോഷമാക്കണോ? ഇന്തൊനീഷ്യയില്‍ ബാലി മാത്രമല്ല, കാണാനേറെയുണ്ട്

bali
SHARE

ഇന്തൊനീഷ്യയില്‍ ബാലി മാത്രമല്ല, അവധിക്കാലം ആഘോഷമാക്കാൻ നിരവധിയിടങ്ങളുണ്ട്. സുഖകരമായ കാലാവസ്ഥ ആയതിനാൽ ഏത് സമയവും സന്ദർശിക്കാമെന്നതാണ് ബാലിയുടെ ഏറ്റവും വലിയ പ്രത്യേകത. ബാലി, ജക്കാർത്ത... ഇന്തൊനീഷ്യ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന പേരുകൾ. എന്നാൽ സുന്ദരമായ വേറെയും ദ്വീപുകളുണ്ടിവിടെ. കാടും കടലും ചേർന്ന് പ്രകൃതിയുടെ ഭംഗിക്കു പുതിയ ചിത്രം നൽകിയ നാടാണ് ഇന്തോനീഷ്യ. 

സഞ്ചാരികളുടെ ഇടയിൽ അധികം അറിയപ്പെടാത്ത ഇടമാണ് മലംഗ്. പൂർത്തിയാകാത്ത ഒരു ആഗ്രഹം പോലെയാണ് മലംഗ്. കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്തോറും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ബാലി പോലെയല്ല ഈ നാട്.

FIJI-TOURISM-WICKED WALU ISLAND
Melanesian children float on a bamboo pontoon by Wicked Walu Island on the resort-studded Coral Coast of Fiji, 11 November 2003. Since the Bali bombings 12 October 2002 tourism has overtaken sugar cane as the South Pacific archipelago's primary source of foreign revenue. (Photo by TORSTEN BLACKWOOD / AFP)

മറ്റ് ഇന്തൊനീഷ്യൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മലംഗിന് ഇപ്പോഴും ആഭ്യന്തര വിനോദ സഞ്ചാരികളാണ് കൂടുതൽ. അതിനാൽ തന്നെ ബാലി പോലെയുള്ള തിരക്കുപിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബഹളങ്ങളില്ലാതെ സ്വസ്ഥമായൊരു അവധിക്കാലം ആസ്വദിക്കാം.

വെള്ളച്ചാട്ടങ്ങളുടെ നാട്

കടൽത്തീരങ്ങളേക്കാൾ വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ടാണ് മലംഗ് സുന്ദരമാകുന്നത്. മലംഗിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്ന നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് ഓരോന്നിനും അതിന്റേതായ മനോഹാരിതയും സൗന്ദര്യവുമുണ്ട്. കോബൻ പുത്രി, കോബൻ തുന്തോ, മടക്കരിപ്പുര എന്നിവയെല്ലാം തന്നെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.

ബ്രോമോ പർവതത്തിൽ നിന്ന് സൂര്യോദയം

മലംഗിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ബ്രോമോ പർവ്വതത്തിൽ നിന്ന് സൂര്യോദയം കാണുക എന്നത്. കിഴക്കൻ ജാവയിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമാണ് മൗണ്ട് ബ്രോമോ. ബ്രോമോ പർവതത്തിന് മുകളിലുള്ള സൂര്യോദയത്തിന് ഇത് വളരെ പ്രസിദ്ധമാണ്, അതിന് ഒരു കാരണവുമുണ്ട്. സൂര്യന്റെ ആദ്യ കിരണങ്ങൾ ചക്രവാളത്തിന് മുകളിലൂടെ കയറുമ്പോൾ ബ്രോമോ പർവതത്തിൽ മൂടൽമഞ്ഞ് മൂടുന്നു. ആ മഞ്ഞിൻ പാളികൾക്കിടയിലൂടെ സൂര്യകിരണങ്ങൾ തെന്നിത്തെറിച്ച് വരുന്ന കാഴ്ച വർണ്ണനകൾക്ക് അതീതമാണ്.

bali-travel

മലംഗിന്റെ തെക്കൻ തീരത്തുള്ള ഈ ചെറിയ ദ്വീപിൽ ഏറ്റവും ആകർഷകമായ ബീച്ചുകളും പ്രകൃതി ഒളിപ്പിച്ച അദ്ഭുതങ്ങളും ഉണ്ട്. സെഗാര അനകൻ ലഗൂണിൽ കിലോമീറ്റർ നീളമുള്ള വലിയൊരു തടാകം സ്ഥിതി ചെയ്യുന്നു. സമൃദ്ധമായ കുന്നുകളാൽ ചുറ്റപ്പെട്ട ഈ തടാകം ശക്തമായ പ്രവാഹങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഈ ദ്വീപിന് ചുറ്റുമാണ് മലംഗിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ. ഒരു കടൽത്തീരത്ത് നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തിൽ പോകാം. അതിമനോഹരമായ കടൽ ക്ഷേത്രമുള്ള ബാലെകാംബാംഗ് ബീച്ച്, അതിശയകരമായ ചെറിയ ദ്വീപുകളുടെ രൂപവത്കരണമുള്ള ഗോവ സിന ബീച്ച്, മൂന്ന് നിറങ്ങളിലുള്ള കടൽത്തീരമായ പന്തായ് ടിഗ വാർണ എന്നിവയാണ് പ്രശസ്തമായ മലംഗ് കടൽത്തീരങ്ങൾ.

ജക്കാർത്ത, സുരബായ, ബാലിക്പൻ അല്ലെങ്കിൽ ബാലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന വിമാനത്താവളങ്ങൾ വഴി നിങ്ങൾക്ക് മലംഗിലേക്ക് പോകാം.

സുഗന്ധ ദ്വീപുകൾ

മാലുക്കു ഉതാര അഥവാ ഉത്തര മാലുക്കു ഇന്തൊനീഷ്യയുടെ സ്പൈസ് ദ്വീപുകൾ എ ന്നാണ് അറിയപ്പെട്ടിരുന്നത്. ഗ്രാമ്പൂ മരങ്ങൾ നിറഞ്ഞ ദ്വീപ് സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായിരുന്നു. ഡച്ച്, പോർച്ചുഗീസ്, സ്പാനിഷ് അധിനിവേശ ശക്തികളും ടെർനേറ്റിലെയും ടിഡോറിലെയും സുൽത്താൻമാരും ഈ ദ്വീപുകളുടെ അവകാശത്തിനായി പരസ്പരം പോരാടിയിരുന്നു. ഈ ദ്വീപുസമൂഹത്തിന്റെ അനൗദ്യോഗിക തലസ്ഥാനമായ ടെർനേറ്റ് ദ്വീപിലാണ് ഏറ്റവുമധികം ജനവാസമുള്ളത്. ഇവിടുത്തെ സുൽത്താന്റെ കൊട്ടാരത്തിലേക്കുള്ള രാജകീയ യാത്രയാണ് സഞ്ചാരികൾ അനുഭവിച്ചറിയേണ്ട കൗതുകം. 

English Summary: Indonesia Travel Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS