ADVERTISEMENT

യാത്രകൾ പോകണം, കാഴ്ചകൾ കണ്ട് താമസിക്കണം, അവധി അടിച്ചുപൊളിക്കണം, ഇതൊക്കെയാണ് മിക്ക സഞ്ചാരികളുടെയും മോഹം. സ്വന്തം നാട്ടിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ വിദേശത്തേക്ക് പറക്കാനാണ് ഇക്കൂട്ടരുടെ ചിന്ത. എന്നാൽ പോക്കറ്റിന്റെ കനം പോരാതെ വരുമോയെന്നതാണ് മുഖ്യപ്രശ്നം.

ഭൂരിഭാഗം ആളുകളെയും യാത്രകളിൽ നിന്നു പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങൾ തന്നെയാണ്. കൃത്യമായി പ്ലാനിങ്ങോടുകൂടി യാത്രക്കൊരുങ്ങിയാൽ അധികം പണം ചെലവാകാതെ യാത്ര പോകാം. ചെലവ് കുറഞ്ഞ യാത്രയ്ക്ക് റെ‍ഡിയാണോ? ചെലവ് കുറവെങ്കിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിരവധിയിടങ്ങൾ ഇൗ ലോകത്തിലുണ്ട്. അങ്ങനെയുള്ള 3 സ്ഥലങ്ങളെ അറിയാം.

മെക്സിക്കോ

മനോഹരമായ ബീച്ചുകളും സുന്ദരകാഴ്ചകളും രുചിയുണർത്തും വിഭവങ്ങളും നിറഞ്ഞ നാടാണ്  മെക്സിക്കോ. കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റിയയിടമാണ്. കഴിവതും സീസൺ സമയം മെക്സിക്കോയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്തു ഇവിടം സന്ദർശിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകാൻ സാധ്യതയുണ്ട്. ധാരാളം വിദേശികൾ മെക്സിക്കോ സന്ദർശിക്കുന്നതിനായി എത്തുന്നതും ഇൗ സമയങ്ങളിലാണ്.

mexico

മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറിൽ. ഹോട്ടൽ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണിൽ മെക്സിക്കോ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം. ഭക്ഷണത്തിനു അധികവില നൽകേണ്ടതില്ലയെന്നത് മെക്സിക്കോയുടെ പ്രത്യേകതയാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കിൽ ദീർഘദൂര ബസ് സർവീസുകളുമുണ്ട്.

ഫിജി ദ്വീപ്

ദ്വീപും കടൽതീരങ്ങളും ഇഷ്ടപ്പെടാത്താവരായി ആരുമില്ല. മണിക്കൂറുകളോളം പഞ്ചാരമണൽ വിരിച്ച തീരത്ത് ആർത്തുല്ലസിക്കാന്‍ എല്ലാവർക്കും പ്രിയമാണ്. ദ്വീപുകൾ ഹണിമൂണിന് പറ്റിയ സ്ഥലങ്ങളാണ്. ബജറ്റിലൊതുങ്ങുന്ന റിസോർട്ടുകളാണ്  ഫിജി ദ്വീപിലുള്ളത്. ഫിജി തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്.

Fiji

322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹം സഞ്ചാരികളുടെ പ്രിയയിടമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും  പവിഴപ്പുറ്റുകളും തെളിമയാർന്ന കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായലും ഫിജിയെ ഏറെ ആകർഷണീയമാക്കുന്നു. സ്കൂബ ഡൈവിംങ്ങും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൊളംബിയ

വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നിൽക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഡിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ. മിക്ക സഞ്ചാരികളുടെയും സ്വപ്നമായിരിക്കും കൊളംബിയ സന്ദർശിക്കുകയെന്നത്.താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പെസോ തന്നെയാണ് ഇന്നാട്ടിലെയും നാണയം. 

കടൽ മൽസ്യങ്ങൾ നിറഞ്ഞ മീൻവിഭവങ്ങൾ ബീച്ചിനടുത്തുള്ള റസ്റ്ററന്റുകളിൽ നിന്നും ലഭിക്കും. വിലയേറെ കുറവും എന്നാൽ രുചിയിലേറെ മുമ്പിലുമാണ് ഇത്തരം വിഭവങ്ങൾ.

ഇറ്റലി

കുറഞ്ഞ തുക മുടക്കി കണ്ടു വരാൻ കഴിയുന്ന രാജ്യമാണ് ഇറ്റലി. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും പ്രകൃതിഭംഗിയും ഈ രാജ്യത്തിനുണ്ട്. സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി. ചരിത്രാന്വേഷികളുടെ പറുദീസ. സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് ഇറ്റലിയിലെ വെനീസ്, കായലിനു നടുവിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ്. ഹോട്ടലുകളും സർക്കാർ ഓഫിസുകളും വൻകിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കുന്നത് കായലിനരികിലാണ്. ഫ്ലോട്ടിങ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം.

venice-in-italy-trip

കലാസൃഷ്ടികളുടെ വലിയ ശേഖരം വെനീസിലുണ്ട്. ബൈസന്റിയൻ, ഇറ്റാലിയൻ, ബറോക്ക്, ഗോഥിക് സംസ്കാരങ്ങളോളം പഴക്കമുള്ള ഈ സൃഷ്ടികൾ വെനീസിലെ മ്യൂസിയങ്ങളിൽ സംരക്ഷിച്ചിട്ടുണ്ട്.

ജോർജിയ

കിഴക്കൻ യൂറോപ്പിന്റെയും വടക്കൻ ഏഷ്യയുടെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യം. പൗരാണിക വാസ്തുശൈലിയിൽ പണിതീർത്ത കെട്ടിടങ്ങളാണ് അവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന, വളരെ സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന, സൂക്ഷിച്ചു ചെലവാക്കിയാൽ അധികംപണം നഷ്ടമാക്കാത്ത, മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യമാണ് ജോർജിയ.

കാഴ്ചകൾ തുടങ്ങുന്നതു തലസ്ഥാന നഗരമായ തിബ്‌ലിസിയിൽ നിന്നാണ്. മരത്തിൽ തീർത്ത പഴയ ഭവനങ്ങൾ സന്ദർശകരെ ആകർഷിക്കും. സമാധാനത്തിന്റെ പാലം എന്നറിയപ്പെടുന്ന ബ്രിഡ്ജ് ഓഫ് പീസ് എന്ന നടപ്പാതയും ലിബർട്ടി സ്ക്വയറുമൊക്കെ കൗതുകമുണർത്തും. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന നദിക്കു കുറുകെയാണ് പ്രത്യേക രീതിയിൽ നിർമിച്ചിരിക്കുന്ന ബ്രിഡ്ജ് ഓഫ് പീസ്. ഈ പാലത്തിനു സമീപം ഒരു പാർക്കുമുണ്ട്. പ്രസിഡൻഷ്യൽ പാലസും മദർ ഓഫ് ജോർജിയയുടെ സ്തൂപവുമൊക്കെ ഇതിനു സമീപമുള്ള കാഴ്ചകളാണ്.

English Summary: best budget international trips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com