ADVERTISEMENT

ഹാപ്പി ലാൻഡിലേക്ക് ഇനി സന്തോഷത്തോടെ യാത്ര തിരിക്കാം. രാജ്യാന്തര യാത്രികർക്കായി ഭൂട്ടാൻ തുറക്കുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ വിദേശ സഞ്ചാരികള്‍ക്കായി ഭൂട്ടാൻ തുറന്ന് നല്‍കിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം യാത്രികർക്ക് ഇൗ സെപ്റ്റംബർ മാസം മുതൽ സന്തോഷത്തിന്റെ നാട്ടിലേക്ക് പറക്കാം.

bhutan-travel

സംസ്കാരം കൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും സമ്പന്നമായ ഭൂട്ടാന്‍, ബാക്ക്പാക്കര്‍മാരുടെ പറുദീസയാണ്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. ഭൂട്ടാന്‍റെ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിക്കുന്നതിനായി സന്ദര്‍ശകരില്‍നിന്നു ഭൂട്ടാന്‍ സര്‍ക്കാര്‍ ഫീസ്‌ ഈടാക്കുന്നുണ്ട്. 

സഞ്ചാരികള്‍ക്കായി രാജ്യം വീണ്ടും തുറക്കുമ്പോള്‍ പുതിയ നിയമങ്ങളും മാനദണ്ഡങ്ങളുമാണ് ടൂറിസം കൗണ്‍സില്‍ ഓഫ് ഭൂട്ടാന്‍ (ടിസിബി) പുറത്തിറക്കിയിരിക്കുന്നത്. ഇനി ഭൂട്ടാന്‍ യാത്രയ്ക്കുള്ള ചെലവ് രണ്ട് ഇരിട്ടിയാകും. വിനോദസഞ്ചാരികളില്‍ നിന്ന് ഒരു രാത്രിക്ക് 200 യുഎസ് ഡോളറിന്റെ (15,800 ഇന്ത്യന്‍ രൂപ) സുസ്ഥിര വികസന ഫീസ് (സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഫീസ്) ഈടാക്കും. മുൻപ് സുസ്ഥിര വികസന ഫീസായി രാജ്യം ഈടാക്കിയിരുന്നത് 65 യുഎസ് ഡോളറായിരുന്നു (5000 രൂപ). 

ടൂറിസ്റ്റുകളുടെ വരവുകള്‍ നിയന്ത്രിക്കാനും അതിലൂടെ പരിസ്ഥിതിയുടെ മലനീകരണം കുറയ്ക്കാനുമൊക്കെ ഈ പുതിയ ഫീസ് നിരക്കുകള്‍ സഹായിക്കുമെന്ന് ടിസിബി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുകൾ, ഡ്രൈവർമാർ, ഗൈഡുകൾ തുടങ്ങിയ സേവനദാതാക്കൾക്കുള്ള മാനദണ്ഡങ്ങളും രാജ്യം പരിഷ്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. പുതുക്കിയ ഫീസ് ചില യാത്രക്കാരെ പിന്തിരിപ്പിച്ചേക്കാം, എന്നാൽ സമ്പന്നരായ സന്ദർശകരെ പിന്തിരിപ്പിക്കില്ലെന്നാണ് ചിലരുടെ അഭിപ്രായം.

bhutan

സന്തോഷ‌ത്തിന്റെ നാട് ഉത്സവങ്ങളുടെയും

ഋതുഭേദങ്ങള്‍ക്കനുസരിച്ച് വർഷം മുഴുവൻ പലവിധ ആഘോഷങ്ങൾ ഉള്ള രാജ്യമാണ് ഭൂട്ടാൻ. ഉത്സവകാലങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുത്താല്‍ വേറിട്ട കാഴ്ചകളും അനുഭവങ്ങളും കാണാം. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വര്‍ണ്ണാഭമായ നൃത്തത്തിന്‍റെ അകമ്പടിയോടെയുമായിരിക്കും ഈ ആഘോഷങ്ങള്‍. മതപരമായ ഉത്സവങ്ങൾക്കു പുറമേ റോഡോഡെൻഡ്രോൺ ഫെസ്റ്റിവൽ, ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ, റോയൽ ഹൈലാൻഡർ ഫെസ്റ്റിവൽ, ഹാ സമ്മർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ആഘോഷങ്ങൾ വേറെയുമുണ്ട്. വേനൽക്കാലങ്ങളിൽ ഇവിടുത്തെ പ്രധാനപ്പെട്ട വിനോദങ്ങളിൽ ഒന്നായ മഷ്‌റൂം പിക്കിങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളും പതിവുണ്ട്.

ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങള്‍ ഭൂട്ടാൻ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമാണ്. തെളിഞ്ഞ കാലാവസ്ഥയാണ് ഈ സമയങ്ങളില്‍. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പാണ്. ഏപ്രിൽ മുതൽ കാലാവസ്ഥ മനോഹരമാണ്. വസന്തകാലത്ത് താഴ്‌വരകളില്‍ നിറയെ  റോഡോഡെൻഡ്രോണുകൾ വിരിഞ്ഞ് നില്‍ക്കുന്ന അപൂര്‍വ മനോഹരമായ കാഴ്ച കാണാം. ട്രെക്കിങ്ങിന് ഏറ്റവും മികച്ച സമയം മാർച്ച് -ഏപ്രിൽ, ഓഗസ്റ്റ് - ഒക്ടോബർ എന്നിവയാണ്.

English Summary: Bhutan set to reopen borders from September

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com