ADVERTISEMENT

സ്വപ്നം വിടരുന്ന മിഴികളുമായി പുഞ്ചിരിയോടെ പാറിനടക്കുന്ന സുന്ദരി. അഹാന അങ്ങനെയാണ്. കഴിഞ്ഞ ദിവസം മാലദ്വീപില്‍ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിച്ച അഹാന ദിവസങ്ങൾക്ക് ശേഷം ദുബായ് കാഴ്ചകളുമായാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത്. അതെ, ചുറ്റിക്കറങ്ങി ദുബായിൽ എത്തിയിരിക്കുകയാണ് അഹാന ഇപ്പോൾ.

‘ഹലോ ഹബീബി’എന്ന ക്യാപ്ഷനോടെ ബുർജ് ഖലീഫയ്ക്കു മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. യാത്രയുടെ തുടർന്നുള്ള വിശേഷങ്ങള്‍ സ്‌റ്റോറികളായും പോസ്‍റ്റുകളായും അഹാന അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഡൗൺടൗൺ ദുബായിയിലെ റസ്‌റ്ററന്റുകളിലെ പുതുരുചികൾ നുകർന്ന് ഈ ട്രിപ്പ് ആസ്വദിക്കുകയാണ് താരം. ഒരു കാർണിവലിൽ എത്തിയ പോലെ ഉണ്ടെന്നാണ് ഡൗൺടൗൺ ദുബായിയിൽ എത്തിയ അഹാന പറയുന്നത്. അറേബ്യൻ ഡ്രീംസ് എന്നു പറഞ്ഞ് പോസ്‌റ്റ് ചെയ്‌ത വളരെ ശാന്തവും മനോഹരവുമായ വിഡിയോയും ഈ ട്രിപ്പ് താരം എന്തുമാത്രം ആസ്വദിക്കുന്നുവെന്ന് മനസ്സിലാക്കാം.

യാത്രകളെയും സിനിമകളെയും പ്രണയിക്കുന്ന അഹാന തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരോടു പങ്കുവയ്ക്കാനും മടിക്കാറില്ല. രണ്ടാഴ്ച മുൻപ് മാലദ്വീപില്‍ നിന്ന് പങ്കുവച്ച അവധിക്കാല ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ദുബായിൽ സ്കൈഡൈവിങ് ചെയ്യുന്ന ചിത്രങ്ങളാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്.

ആകാശത്തു കൂടി പറന്ന് അഹാന

സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ്‌ ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്. നടി അഹാന സ്കൈഡൈവിങ് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. 'ഈ ദിവസം സൂര്യോദയം 5:33ന് ആയിരുന്നു, ഞാൻ ഏകദേശം 5:45ന് ആ വിമാനത്തിൽ നിന്ന് ചാടി.

ഒരു പക്ഷിയെപ്പോലെ തോന്നി, ആകാശത്ത് മനോഹരമായ സൂര്യോദയം കാണുമ്പോൾ, മേഘങ്ങൾക്കിടയിലും, ഒരു നഗരത്തിന് മുകളിലും. ശരിക്കും വിസ്മയമായിരുന്നു. എന്റെ ഹൃദയം സന്തോഷം കൊണ്ടും നിറഞ്ഞു. അഡ്രിനാലിനും നന്ദിയുണ്ട്. ആഹാ, എന്തൊരു നിമിഷം'. ചിത്രത്തിനൊപ്പം അഹാന കുറിച്ചതിങ്ങനെയാണ്. 

ദുബായില്‍ സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ്. ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊപ്പമാണ് സ്കൈഡൈവ് ദുബായ് മുന്നിട്ടു നില്‍ക്കുന്നത്.

ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. 

English Summary: Ahaana Krishna Shares Travel pictures from Dubai Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com