ADVERTISEMENT

മലേഷ്യയിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ലങ്കാവി. 99 ദ്വീപുകളുടെ സമൂഹമായ ലങ്കാവിയില്‍ മിക്ക സാധനങ്ങളും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതിനു പുറമേ അതിമനോഹരമായ ഭൂപ്രകൃതിയും ലങ്കാവിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഈയിടെയായി റൊമാന്റിക് യാത്രകള്‍ ചെയ്യാനായി ധാരാളം പേര്‍ ലങ്കാവി തിരഞ്ഞെടുക്കുന്നുണ്ട്. ലങ്കാവിയെ പ്രണയതീരമാക്കി മാറ്റുന്ന ചില സവിശേഷതകള്‍ പരിചയപ്പെടാം.

1, മനോഹരമായ ബീച്ചുകളും വനപ്രദേശവും

പന്തായ് സെനാംഗ്, തെനാഗ്, തൻജംഗ് റു എന്നിവയാണ് ലങ്കാവിയിലെ പ്രശസ്തമായ ബീച്ചുകൾ. ഇവ കണ്ടുകഴിഞ്ഞ ശേഷം, സ്വകാര്യ ബോട്ട് വാടകയ്‌ക്ക് എടുത്ത് ലങ്കാവിക്ക് ചുറ്റുമുള്ള മറ്റ് 99 ദ്വീപുകൾ സന്ദര്‍ശിക്കാം. വളരെയേറെ റൊമാന്റിക് ആയ ഒരു അനുഭവമായിരിക്കും ഇത്.

Malaysian-trip
Busan Oppa/shutterstock

2. ദിനം മുഴുവന്‍ ഹോട്ടലില്‍ തങ്ങാം

പുറത്തു പോകാന്‍ മൂഡില്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ദിനം മുഴുവന്‍ താമസസ്ഥലത്ത് തന്നെ ചെലവഴിക്കാം. അങ്ങേയറ്റം റൊമാന്റിക്കും ആഡംബരവും ആധുനിക സൗകര്യങ്ങളും നിറഞ്ഞതുമാണ് ലങ്കാവി ഹോട്ടലുകൾ. ഇവയില്‍ ഭൂരിഭാഗവും വളരെ മനോഹരമായി രൂപകൽപന ചെയ്‌തിരിക്കുന്നു. ഇവ വളരെ സുഖപ്രദവും മികച്ച സേവനം നല്‍കുന്നവയുമായതിനാല്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കും മുറിയിൽ നിന്ന് പുറത്തുപോകാൻ തോന്നില്ല എന്നതാണ് സത്യം! 

Malaysian-trip1
S-F/shutterstock

ബെർജയ റിസോർട്ട്, താന്‍ജുംഗ് റു ബീച്ചിലെ ഫോർ സീസണ്‍സ്, ഗെമലൈ വില്ലേജ് എന്നിവ റൊമാന്റിക് യാത്രക്കാര്‍ക്ക് അനുയോജ്യമായ ചില താമസസ്ഥലങ്ങളാണ്. 

3. ഒരുമിച്ചു ചെയ്യാവുന്ന ആക്റ്റിവിറ്റികള്‍

ലങ്കാവി പ്രകൃതിദത്തമായ കാഴ്ചകളുടെയും അനുഭവങ്ങളുടെയും പറുദീസയാണ്. 2007-ൽ യുനെസ്‌കോ ലങ്കാവിയെ ഒരു ജിയോ പാർക്കായി നാമനിർദ്ദേശം ചെയ്തു, അന്നുമുതൽ ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിനും ഇക്കോ-ടൂറിസത്തിനും വലിയ പ്രധാന്യമാണ് ലഭിച്ചുവരുന്നത്.

Malaysian-trip3
Pelikh Alexey/shutterstock

സൂര്യാസ്തമയ ഡിന്നർ ക്രൂസ് ആണ് ദമ്പതിമാര്‍ ഒരുമിച്ചുള്ള ഒരു പ്രധാന റൊമാന്റിക് അനുഭവം. ലങ്കാവിയിലെ ദ്വീപുകൾക്ക് ചുറ്റും ഒരു വലിയ ബോട്ടില്‍ കറങ്ങാം. ഒപ്പം,  രുചികരമായ അത്താഴവും പാനീയങ്ങളും ആസ്വദിക്കാം. അതിശയിപ്പിക്കുന്ന സൂര്യാസ്തമയക്കാഴ്ച ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും.

മിക്ക ഹോട്ടലുകളിലും ഹണിമൂൺ, റൊമാന്റിക് ഗെറ്റ് എവേകൾക്കായി പ്രത്യേക സേവനങ്ങളും പാക്കേജുകളും ഉണ്ട്. ദമ്പതികൾക്ക് കപ്പിള്‍ മസാജ് പോലെയുള്ള സേവനങ്ങള്‍ ലഭിക്കും.

ലങ്കാവിയിലെ പല കമ്പനികളും പകൽ യാത്രയ്ക്കായി സ്വകാര്യ ബോട്ടുകൾ ലഭ്യമാക്കുന്നുണ്ട്. കൂടാതെ നിരവധി സുഖചികിത്സാകേന്ദ്രങ്ങളും ഇവിടെയുണ്ട്.

4. കൊതിയൂറും രുചികള്‍

ലങ്കാവിയിൽ നല്ല ഭക്ഷണം കണ്ടെത്താൻ എളുപ്പമാണ്. സമുദ്രവിഭവ പ്രേമികൾക്ക് ഇവിടം സ്വര്‍ഗ്ഗമാണ്. അക്വേറിയത്തിൽ നിന്ന് ലൈവായി ആവശ്യമുള്ള മീനിനെ പിടിച്ച് പാകം ചെയ്തുതരുന്ന സേവനം ഇവിടെ സാധാരണമാണ്. 

റൊമാന്റിക് അത്താഴത്തിന് സീഷെൽ റെസ്റ്റോറന്‍റ് ഏറെ പ്രസിദ്ധമാണ്. നെൽവയലുകൾക്ക് നടുവിൽ ഒരു മേശയിട്ട് പരമ്പരാഗത മലേഷ്യൻ വിഭവങ്ങള്‍ അടക്കമുള്ള വൈവിധ്യമാര്‍ന്ന രുചികള്‍ വിളമ്പുന്നതാണ് ഇവിടുത്തെ രീതി.

5. നികുതി വേണ്ട 

ലങ്കാവി ഒരു ഡ്യൂട്ടി ഫ്രീ ദ്വീപാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ നികുതിയെക്കുറിച്ചോര്‍ത്ത് ആവലാതി വേണ്ട. ദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനുള്ള മലേഷ്യൻ ഗവൺമെന്‍റിന്‍റെ ശ്രമങ്ങളുടെ ഭാഗമായി, 1987 മുതൽ ലങ്കാവിക്ക് ഡ്യൂട്ടി ഫ്രീ പദവി ലഭിച്ചു. ചോക്ലേറ്റ്, വസ്ത്രങ്ങൾ, അടുക്കള പാത്രങ്ങൾ, മദ്യം, പുകയില, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഡ്യൂട്ടി ഫ്രീ ഇനങ്ങൾ സഞ്ചാരികള്‍ക്ക് വാങ്ങാം. എന്നാല്‍, തിരിച്ചു പോകുമ്പോള്‍ ഇവയില്‍ എത്രമാത്രം വീട്ടിലേക്ക് കൊണ്ടുപോകാം എന്നത് അതാതിടങ്ങളിലെ കസ്റ്റംസ് ഡ്യൂട്ടി നിയന്ത്രണങ്ങളെ ആശ്രയിച്ചിരിക്കും.

6. കേബിൾ കാറും സ്കൈ ബ്രിഡ്ജും

സാഹസികത ഇഷ്ടപ്പെടുന്ന ദമ്പതിമാര്‍ക്ക് ചെയ്യാവുന്ന ഒന്നാണ് കേബിള്‍ കാര്‍ യാത്ര. ആർട്ട് ഇൻ പാരഡൈസ് എന്നറിയപ്പെടുന്ന ത്രിമാന ആർട്ട് മ്യൂസിയം ഉൾപ്പെടെ നിരവധി ആകർഷണങ്ങളുള്ള ഓറിയന്റൽ വില്ലേജിലാണ് കേബിൾ കാർ യാത്ര തുടങ്ങുന്നത്. ലങ്കാവി സ്കൈ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന ഗുനുങ് മാറ്റ് ചിൻചാങ് കൊടുമുടിയിലേക്ക് ലങ്കാവി കേബിൾ കാർ സന്ദർശകരെ കൊണ്ടുപോകുന്നു. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 2012-ൽ സ്കൈ ബ്രിഡ്ജ് അടച്ചിരുന്നുവെങ്കിലും 2015 ഫെബ്രുവരിയിൽ ഇത് വീണ്ടും തുറന്നു. ടോപ്പ് സ്റ്റേഷനിൽ നിന്ന് സ്കൈ ബ്രിഡ്ജിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന സ്കൈഗ്ലൈഡ് എന്ന ഒരു ചരിഞ്ഞ ലിഫ്റ്റ് 2015 അവസാനത്തോടെ പൂർത്തിയായിരുന്നു. 

7. കിലിം കാർസ്റ്റ് ജിയോഫോറസ്റ്റ് പാർക്ക് 

കിസപ്പ് ഗ്രാമത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ തൻജംഗ് റു വരെ, ചുണ്ണാമ്പുകല്ല് ഗുഹകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന മൂന്ന് നദീമുഖങ്ങളും അടങ്ങുന്ന ഒരു കണ്ടൽ വന പാർക്കാണ് കിലിം കാർസ്റ്റ് ജിയോഫോറസ്റ്റ് പാർക്ക്. വവ്വാലുകൾ, മുതലകൾ, കഴുകന്മാർ, കിംഗ്ഫിഷറുകൾ, മോണിറ്റർ പല്ലികൾ, മക്കാക്കുകൾ, ഒട്ടറുകൾ, പാമ്പുകൾ, മര ഞണ്ടുകൾ എന്നിങ്ങനെ ധാരാളം വന്യജീവികള്‍ ഇവിടെ വസിക്കുന്നു. കാടിന്‍റെ ഹൃദയം തൊട്ടറിഞ്ഞ് ഈ യാത്ര ഉള്ളിലെ പ്രണയത്തെ ഉണര്‍ത്തും എന്നതില്‍ സംശയമില്ല.

English Summary: Best Places to Visit in Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT